പൗരന്റെ സ്വകാര്യതയില്‍ തലയിടാനുള്ള മോദി സര്‍ക്കാര്‍ നീക്കം ഭരണഘടനാവിരുദ്ധം; കമ്പ്യൂട്ടര്‍, മൊബൈല്‍ നിരീക്ഷണത്തിനെതിരെ സീതാറാം യെച്ചൂരി

ദില്ലി: രാജ്യത്തെ ഏതു കമ്പ്യൂട്ടറിലും അനുമതിയില്ലാതെ കടന്നു കയറാന്‍ 10 കേന്ദ്ര ഏജന്‍സികള്‍ക്ക് അധികാരം നല്‍കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിനെതിരെ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

ഒരോ ഇന്ത്യന്‍ പൗരനോടും ക്രിമിനലുകളോടെന്ന പോലെ പെരുമാറുന്നതെന്തിനെന്നായിരുന്നു യെച്ചൂരിയുടെ ചോദ്യം. ഓരോ ഇന്ത്യക്കാരന്റെയും സ്വകാര്യതയില്‍ തലയിടാനുള്ള മോദി സര്‍ക്കാര്‍ നീക്കം ഭരണഘടനാവിരുദ്ധമാണ്. ടെലിഫോണ്‍ ടാപ്പിംഗ് മാര്‍ഗരേഖയും സ്വകാര്യത സംബന്ധിച്ച കോടതി ഉത്തരവുകളും സുപ്രീംകോടതിയുടെ ആധാര്‍ വിധിയിലെ നിരീക്ഷണങ്ങളും ലംഘിക്കുന്നതാണ് പുതിയ നീക്കം.

ഏതൊരു കമ്പ്യൂട്ടറിലും സൂക്ഷിച്ചിരിക്കുന്ന ഡാറ്റ നിരീക്ഷിക്കാനും പിടിച്ചെടുക്കാനും രഹസ്യാന്വേഷണ ഏജന്‍സികള്‍, എന്‍ഐഎ, സിബിഐ, നികുതി പരിശോധനാ വിഭാഗം എന്നിവയുള്‍പ്പെടെയുള്ള ഏജന്‍സികള്‍ക്ക് അധികാരം നല്‍കുന്നതാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ്.

നിലവില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കംപ്യൂട്ടറുകളും മൊബൈല്‍ ഫോണുകളും പരിശോധിക്കുന്നതിന് കോടതിയുടെ മുന്‍കൂര്‍ അനുമതി ആവശ്യമായിരുന്നു. ഏതെങ്കിലും കേസില്‍ പ്രതിയായാലോ, രാജ്യ സുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടാലോ മാത്രമാണ് ഈ അനുമതി നല്‍കിയിരുന്നത്.

സ്വകാര്യതയെ ഹനിക്കുന്നതും വലിയ പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്നതുമാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഈ വിഷയം ഉന്നയിച്ച് ്പ്രതിപക്ഷപാര്‍ടികള്‍ ലോക്‌സഭയില്‍ അടിയന്തരപ്രമേയ നോട്ടീസ് നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here