നാഷണല്‍ ഹെറാള്‍ഡ് കേസ്; കോണ്‍ഗ്രസിന് കനത്ത തിരിച്ചടി

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി.

കോണ്‍ഗ്രസ്സിന്റെ മുഖപത്രമായ നാഷണല്‍ ഹെറാള്‍ഡിന്റെ ദില്ലിയിലെ കെട്ടിട്ടമൊഴിയണമെന്ന് ദില്ലി ഹൈക്കോടതി ഉത്തരവിട്ടു. കെട്ടിടം രണ്ടാഴ്ചയ്കകം ഒഴിയണമെന്നും ഒഴിഞ്ഞില്ലെങ്കില്‍ സര്‍ക്കാരിന് ഒഴിപ്പിക്കാമെന്നും കോടതിയുടെ നിര്‍ദ്ദേശം.

56 വര്‍ഷം പഴക്കമുള്ള കെട്ടിട മൊഴിയാന്‍ കേന്ദ്ര നഗര വികസന മന്ത്രാലയം കഴിഞ്ഞ ഒക്ടോബര്‍ 30ന് നോട്ടീസ് നല്‍കിയിരുന്നു. പാട്ടക്കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് ഹെറാള്‍ഡ് ഹൗസ് കെട്ടിടം കൈവശം വെച്ചിരിക്കുന്ന അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡിനോട് ഒഴിയാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്.

കഴിഞ്ഞ 10 വര്‍ഷമായി അവിടെ ഒരു ദിനപത്രവും പ്രവര്‍ത്തിക്കുന്നില്ലെന്നും വാണിജ്യ ആവശ്യത്തിനായി മാത്രമാണ് കെട്ടിടം പ്രവര്‍ത്തിക്കുന്നതെന്നും കേന്ദ്ര ലാന്‍ഡ് ആന്‍ഡ് ഡെവലപ്മെന്റ് ഓഫിസ് അറിയിച്ചു.

അങ്ങനെ ചെയ്യുന്നത് ലീസ് കരാറിനു വിരുദ്ധമായതിനാലാണ് കെട്ടിടം ഒഴിയാന്‍ നോട്ടിസ് നല്‍കിയതെന്നാണ് സര്‍ക്കാര്‍ വാദം. ഇതിനെതിരെ അസോസിയേറ്റഡ് ജേര്‍ണല്‍സ് സമര്‍പ്പിച്ച ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളുകയായിരുന്നു. കേന്ദ്ര നഗര വികസന മന്ത്രാലയത്തിന്റെ ഉത്തരവ് ശരിവെച്ച കോടതി രണ്ടാഴ്ചകകം ഒഴിഞ്ഞില്ലെങ്കില്‍ സര്‍ക്കാരിന് ഒഴിപ്പിക്കാമെന്നും ഉത്തരവിട്ടു. എന്നാല്‍ സുപ്രീംകോടതിയെ സമീപിക്കാനാണ് ഹര്‍ജിക്കാരുടെ തീരുമാനം.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും മാതാവ് സോണിയാ ഗാന്ധിയ്ക്കും എതിരായ നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് നികുതി റിട്ടേണ്‍ പുന:പരിശോധിക്കാന്‍ ആദായനികുതി വകുപ്പിന് സുപ്രീംകോടതി നേരത്തെ അനുമതി നല്‍കിയിരുന്നു.നാഷണല്‍ ഹെറാള്‍ഡ് പത്രം ഉള്‍പ്പെടെ മൂന്ന് പത്രങ്ങള്‍ അസോസിയേറ്റ്ഡ് ജേര്‍ണലാണ് പ്രസിദ്ധീകരിച്ചിരുന്നത്.

2008ല്‍ കടക്കെണിയെ തുടര്‍ന്ന് അസോസിയേറ്റ് ജേര്‍ണല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. എന്നാല്‍ കടം വീട്ടാന്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഫണ്ടില്‍ നിന്ന് വായ്പ നല്‍കിയെന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി ആരോപിക്കുന്നത്. അനധികൃതമായി 90 കോടി വായ്പ അനുവദിച്ചെന്നായിരുന്നു ആരോപണം.

1,600 കോടി രൂപ മതിക്കുന്ന ദില്ലിയിലെ ഹെറാള്‍ഡ് ഹൗസ് വെറും 50 ലക്ഷം രൂപയ്ക്കാണ് സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും കമ്പനിയായ യങ് ഇന്ത്യന്‍ സ്വന്തമാക്കിയെതെന്നും സുബ്രഹ്മണ്യന്‍ സ്വാമി ആരോപിച്ചു. ഇതിനെതിരെ സ്വാമി കോടതിയില്‍ 2012 നംബറില്‍ ഹര്‍ജി നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News