തിരഞ്ഞെടുപ്പ് പരാജയം: മോഡിക്കും അമിത് ഷായ്ക്കുമെതിരെ ഒളിയമ്പുമായി നിതിന്‍ ഗഡ്കരി

മോദിക്കും അമിത്ഷായ്ക്കുമെതിരെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ ഒളിയമ്പ്. സംസ്ഥാന നിയസഭകളിലുണ്ടായ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം നേതൃത്വം ഏറ്റെടുക്കണമെന്ന് നിതിന്‍ ഗഡ്കരി ആവശ്യപ്പെട്ടു.

3 സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് പരാജയം സംസ്ഥാന നേതൃത്വങ്ങളുടെ കഴിവുകേടെന്ന് പറഞ്ഞ് തലയൂരായാനായിരുന്നു മോദിയും അമിത് ഷായും ശ്രമിച്ചത്. ഈ നീക്കത്തിനുള്ള മറുപടിയായാണ് ഗഡ്കരി പ്രസ്താവന.

പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ നേതൃത്വം തയ്യാറാകണം. അങ്ങനെ ചെയ്യാത്തിടത്തോളം സംഘടനയോടുള്ള കൂറും പ്രതിബദ്ധതയും തെളിയിക്കാനാവില്ലെന്നായിരുന്നു ഗഡ്കരി മഹാരാഷ്ട്രയില്‍ പ്രസംഗിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പുകളിലുണ്ടായ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ മോദിയും അമിത്ഷായും ഇതേവരെ തയ്യാറായിട്ടില്ല.

ഈ പശ്ചാത്തലത്തിലാണ് ഗഡ്കരിയുടെ പ്രസംഗം. സംസ്ഥാന നേതൃത്വങ്ങളുടെ കഴിവുകേടാണ് പരാജയത്തിന്റെ കാരണമെന്ന നിലപാടിലാണ് മോദിയും അമിത് ഷായും.

ഇരുവരുടെയും ഈ നിലപാടിനെതിരെ ഒളിയമ്പെയ്യുകയാണ് ഗഡ്ഗരി ചെയ്തത്. വിജയത്തിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ പലരുമുണ്ടാകും എന്നാല്‍ തോല്‍വിയുണ്ടാകുമ്പോള്‍ ഏല്ലാവരും തമ്മില്‍ തമ്മില്‍ കുറ്റപ്പെടുത്തി വിരല്‍ ചൂണ്ടുമെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു.

ബിജെപി കേന്ദ്രനേതൃത്തില്‍ തോല്‍വിയുടെ ഉത്തരവാദിത്വം മോദി- ഷാ കൂട്ടുകെട്ട് ഏറ്റെടുക്കണമെന്ന് ഒരു വിഭാഗത്തിന് അഭിപ്രായം ഉണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഗഡ്കരിയുടെ വാക്കുകള്‍.

നേരത്തെ മോദിക്ക് പകരം നിതിന്‍ ഗഡ്കരിയെ നേതൃതലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ട് വരണമെന്ന് മഹാരാഷ്ട്രയിലെ ബിജെപി നേതാവ് ആര്‍എസ്എസിന് കത്തെഴുതിയിരുന്നു.

പാര്‍ട്ടിയില്‍ മോദിയെയും അമിത് ഷായെയും ചോദ്യം ചെയ്ത് വളര്‍ന്നുവരാനുള്ള ഗഡ്കരിയുടെ ശ്രമങ്ങളുടെ തുടക്കം കൂടിയായി ഈ വിയോജിപ്പിനെ കാണേണ്ടിയിരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here