ശബരിമലയില്‍ യുവതികള്‍ക്കെതിരെ കൈയ്യേറ്റ ശ്രമം; ഇരുന്നൂറോളം പേര്‍ക്കെതിരെ കേസ്

പമ്പ: ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ തടഞ്ഞതിന് ഇരുന്നൂറോളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

അപ്പാച്ചിമേട്ടിലും മരക്കൂട്ടത്തിലും പ്രതിഷേധിച്ചവര്‍ക്കെതിരെയാണ് കേസെടുത്തത്. ചന്ദ്രാനന്ദന്‍ റോഡില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെയും കേസെടുത്തു. നടപ്പന്തലില്‍ പ്രതിഷേധിച്ച 50 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

പെരുന്തല്‍മണ്ണ സ്വദേശിനി കനക ദുര്‍ഗ്ഗയും കോഴിക്കോട് കോയിലാണ്ടി സ്വദേശിനി ബിന്ദുവുമാണ് ഇന്ന് മലകയറാനെത്തിയത്.

പുലര്‍ച്ചെ മൂന്നരയ്ക്ക് ഇവര്‍ പമ്പയിലെത്തി. പൊലീസ് സംരക്ഷണം യുവതികള്‍ ആവശ്യപ്പെട്ടിട്ടില്ലെങ്കിലും പ്രതിഷേധം ഉയരുമെന്ന പശ്ചാത്തലത്തില്‍ പൊലീസ് സംരക്ഷണം നല്‍കുകയായിരുന്നു.

അപ്പാച്ചിമേട്ടില്‍ സംഘടിച്ചെത്തിയ പ്രതിഷേധക്കാര്‍ യുവതികളെ തടഞ്ഞെങ്കിലും പൊലീസ് ഇവരെ നീക്കി മുന്നോട്ടുപോകുകയായിരുന്നു.

തുടര്‍ന്ന് മരക്കൂട്ടം പിന്നിട്ടുമുന്നോട്ടുപോയ യുവതികളെ ചന്ദ്രാനന്ദന്‍ റോഡിലും പ്രതിഷേധക്കാര്‍ തടഞ്ഞു.

നടപ്പന്തലിനു സമീപം വരെ എത്തിയെങ്കിലും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അക്രമത്തിന് മുതിര്‍ന്ന സാഹചര്യത്തില്‍ പൊലീസ് ഇവരെ തിരിച്ചയക്കുകയായിരുന്നു.

പമ്പ ആശുപത്രിയില്‍ ഇവര്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കി. പിന്നീട് പത്തനംതിട്ടയിലേക്ക് കൊണ്ടുപോയി. യുവതികളെ കോട്ടയത്തേക്കു കൊണ്ടുപോയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News