മോഡിക്കെതിരെ ആഞ്ഞടിച്ച് ബിജെപി എംപി; നരേന്ദ്ര മോഡി അസംബന്ധമെന്ന് ശത്രുഘ്നന്‍ സിന്‍ഹ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് ബിജെപി എംപി ശത്രുഘ്‌‌നന്‍ സിന്‍ഹ.

ഇന്ത്യന്‍ പ്രധാനമന്ത്രി വൈരുദ്ധ്യം നിറഞ്ഞതുമാത്രമല്ല, അസംബന്ധവുമാണെന്ന് മുന്‍ കേന്ദ്ര മന്ത്രികൂടിയായ സിന്‍ഹ പറഞ്ഞു.

വ്യക്തിപരമായി നരേന്ദ്ര മോഡിയോട് എനിക്ക് ഒരു പ്രശ്‌നവുമില്ല. എന്നാല്‍ ഞാന്‍ എതിര്‍ക്കുന്നത് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വൈരുദ്ധ്യത്തെയും അസംബന്ധത്തെയുമാണ്.

ഞാന്‍ എതിര്‍ക്കുന്നത് വണ്‍മാന്‍ ഷോയെയും ടു മെന്‍ ആര്‍മിയെയുമാണെന്ന് മോഡിയുടെയും ബിജെപി പ്രസിഡന്റ് അമിത് ഷായുടെയും പേരെടുത്ത് പറയാതെ അദ്ദേഹം പറഞ്ഞു.

ശശി തരൂര്‍ എം പി എഴുതിയ’ ദ പാരഡോക്‌സിക്കല്‍ പ്രൈം മിനിസ്റ്റര്‍’ എന്ന പുസ്തകത്തിന്റെ കേരളത്തിലെ പ്രകാശനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എ ബി വാജ്‌പേയ് മന്ത്രിസഭയിലംഗമായിരുന്ന സിന്‍ഹ മോഡിയുടെ ശക്തനായ വിമര്‍ശകനാണ്. നോട്ട് നിരോധനം, ജിഎസ്‌ടി എന്നിവയെ ബീഹാറിലെ പറ്റ്‌ന സാഹിബില്‍ നിന്നുള്ള ഈ ബിജെപി എംപി നേരത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

ചലച്ചിത്ര നടനായ എനിക്ക് നോട്ട് നിരോധനത്തെക്കുറിച്ചും ജിഎസ്‌ടിയെക്കുറിച്ചും സംസാരിക്കാന്‍ എന്താണ് അവകാശം എന്നാണ് ചിലര്‍ ചോദിക്കുന്നത്.

വാചകമടിക്കാരനായ ഒരു വക്കീലിന്റെ കൈകളിലാണ് ഇന്ത്യന്‍ സാമ്പത്തികരംഗത്തിന്റെ കടിഞ്ഞാണ്‍. ഒരു മുന്‍ ടീവി നടിയാണ് മാനവി വിഭവശേഷി വകുപ്പ് കൈകാര്യം ചെയ്യുന്നത്.

ചായക്കച്ചവടക്കാരനല്ലാത്ത ഒരാള്‍ ചായക്കച്ചവടത്തെക്കുറിച്ച് സംസാരിക്കുന്നു. അതിനാല്‍ എനിക്ക് നോട്ട് നിരോധനത്തെയും ജിഎസ്‌ടിയെയും കുറിച്ച് സംസാരിക്കാം-മുന്‍ ഹിന്ദി ചലച്ചിത്രതാരം കൂടിയായ സിന്‍ഹ പറഞ്ഞു.

നോട്ട് നിരോധനം തുഗ്ലക്ക് പരിഷ്‌‌കാരമാണ്. ഒരുദിവസം കൊണ്ട് ഇന്ത്യയിലെ സാധാണക്കാരനെ കൊള്ളയടിക്കുകയാണ് മോഡി ചെയ്തത്.

കുടുംബം പുലര്‍ത്താന്‍, ഭര്‍ത്താവ് അറിയാതെ ചെറിയ തുക കൂട്ടിവെച്ച പാവപ്പെട്ട സ്ത്രീകളെവരെ ഈ തുഗ്ലക്ക് പരിഷ്‌‌കാരം തകര്‍ത്തു കളഞ്ഞു.

ഈ ധാര്‍ഷ്‌ട്യം ഇന്ത്യയുടെ നട്ടെല്ലിനേറ്റ അടിയാണ്. മോഡിയുടെ പ്രവൃത്തിയും വാക്കുകളും അസംബന്ധവും വൈരുദ്ധ്യവും നിറഞ്ഞതാണ്.

പുരാതന ഇന്ത്യയിലെ സര്‍വകലാശാലയായിരുന്ന തക്ഷശില, പാകിസ്ഥാനിലാണെന്നാണ് അദ്ദേഹം പറയുന്നത്. ധീരരക്തസാക്ഷി അന്‍ഡമാന്‍ നിക്കോബാറിലെ ജയിലില്‍ കിടന്നിട്ടുണ്ടെന്നും ഇന്ത്യന്‍ പ്രധാനമന്ത്രി പറഞ്ഞു.

ഇങ്ങിനെ അസംബന്ധങ്ങള്‍ വിളിച്ചു പറയുന്ന മറ്റൊരു പ്രധാനമന്ത്രി ഇന്ത്യക്കുണ്ടായിട്ടില്ല-സിന്‍ഹ പറഞ്ഞു.

ഉമ്മന്‍ചാണ്ടി അധ്യക്ഷനായിരുന്ന ചടങ്ങില്‍ ബിജെപി എംപി ശത്രുഘ്‌നന്‍ സിന്‍ഹയാണ് പുസ്തകം പ്രകാശനം ചെയ്തത്.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. പി കെ കുഞ്ഞാലിക്കുട്ടി എംപി. സാഹിത്യകാരന്‍ പെരുമ്പടം ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here