ഇന്റര്‍സെപ്റ്ററിന് നിറഞ്ഞ കയ്യടി. വീണ്ടും ബൈക്ക് ആരാധകരെ മോഹിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ് – Kairalinewsonline.com
Automobile

ഇന്റര്‍സെപ്റ്ററിന് നിറഞ്ഞ കയ്യടി. വീണ്ടും ബൈക്ക് ആരാധകരെ മോഹിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സ്വന്തമാക്കിയാണ് എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650 ബൈക്ക് ആരാധകരുടെ മനം കവര്‍ന്നത്.

നിറഞ്ഞ കയ്യടികളേറ്റു വാങ്ങിക്കൊണ്ട് പുതിയ റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650 വിപണിയില്‍ നിറയുന്നു. ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സ്വന്തമാക്കിയാണ് എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650 ബൈക്ക് ആരാധകരുടെ മനം കവര്‍ന്നത്.

കഴിഞ്ഞവര്‍ഷം കെടിഎം 390 ഡ്യൂക്കായിരുന്നു ഈ പട്ടം കൈയ്യടക്കിയത്. ഈ വര്‍ഷം വിപണിയില്‍ അവതരിച്ച 12 ബൈക്കുകളോട് IMOTY പുരസ്‌കാരത്തിനായി ഇന്റര്‍സെപ്റ്റര്‍ മല്ലിട്ടു.

ടിവിഎസ് അപാച്ചെ RTR 160 4V, ഹീറോ എക്‌സ്ട്രീം 200R, യമഹ R15 V3, ടിവിഎസ് അപാച്ചെ RR 310, ബിഎംഡബ്ല്യു G310 R, ബിഎംഡബ്ല്യു G310 GS, ഹോണ്ട CBR650F, സുസുക്കി V-സ്‌ട്രോം 650 XT, സുസുക്കി GSX-S750, ട്രയംഫ് ടൈഗര്‍ 800, SWM സൂപ്പര്‍ഡ്യൂവല്‍ T ബൈക്കുകള്‍ക്ക് ഇന്റര്‍സെപ്റ്ററിനെ കീഴ്‌പ്പെടുത്താന്‍ കഴിഞ്ഞില്ല.

വിപണിയില്‍ എത്തി ഒരുമാസം പോലും കഴിയുന്നതിന് മുമ്പെയാണ് 2019 IMOTY പുരസ്‌കാരം നേടിയത്. 2,122 mm നീളവും 1,165 mm വീതിയും 789 mm ഉയരവും ഇന്റര്‍സെപ്റ്റര്‍ 650 -ക്കുണ്ട്. ഇന്ധനശേഷി 13.7 ലിറ്റര്‍. ഭാരം 202 കിലോയും. 174 mm ഗ്രൗണ്ട് ക്ലിയറന്‍സാണ് ഇന്റര്‍സെപ്റ്റര്‍ കുറിക്കുന്നത്.

കോണ്‍ടിനന്റല്‍ ജിടി 650 -യുടെ ചിത്രവും ഏറെ വ്യത്യസ്തമല്ല. ടെലിസ്‌കോപിക് ഫോര്‍ക്കുകളും ഇരട്ട സ്പ്രിങ്ങുള്ള ഗ്യാസ് ചാര്‍ജ്ഡ് ഷോക്ക് അബ്സോര്‍ബറുകളുമാണ് ഇരു മോഡലുകളിലും സസ്പെന്‍ഷന്‍ നിറവേറ്റുന്നത്.

മുന്നില്‍ 320 mm ഡിസ്‌ക്കും പിന്നില്‍ 240 mm ഡിസ്‌ക്കും ബ്രേക്കിംഗ് നിര്‍വഹിക്കും. ബോഷില്‍ നിന്നുള്ള ഇരട്ട ചാനല്‍ എബിഎസ് സുരക്ഷ ഇരു മോഡലുകള്‍ക്കുമുണ്ട്.

മാര്‍ക്ക് ത്രീ, ഗ്ലിറ്റര്‍ ആന്‍ഡ് ഡസ്റ്റ്, ഓറഞ്ച് ക്രഷ്, റാവിഷിംഗ് റെഡ്, സില്‍വര്‍ സ്പെക്ടര്‍, ബേക്കര്‍ എക്സ്പ്രസ് നിറങ്ങളിലാണ് റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650 എത്തിയിട്ടുള്ളത്

To Top