വയനാട് ലോക്‌സഭാ സീറ്റിനായി കോണ്‍ഗ്രസില്‍ പിടിവലി

വയനാട് ലോക്‌സഭാ സീറ്റിനായി കോണ്‍ഗ്രസില്‍ പിടിവലി തുടങ്ങി. പ്രമുഖ എ, ഐ നേതാക്കളാണ് വയനാട് ലക്ഷ്യമിടുന്നത്. അതേസമയം വടകര സീറ്റിലേക്ക് സ്ഥാനാര്‍ത്ഥിയെ തേടുകയാണ് കോണ്‍ഗ്രസ്.

മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കാനില്ലെന്ന് നിലപാടെടുത്ത സാഹചര്യത്തില്‍ വടകരയില്‍ പകരക്കാരന്‍ ആരെന്ന കാര്യത്തില്‍ വ്യക്തതയില്ല.

മുല്ലപ്പള്ളിയോടുള്ള എതിര്‍പ്പും ജനതാദള്‍ (യു) യു ഡി എഫ് വിട്ടതും കാരണം മണ്ഡലം കൈവിടുമെന്ന ഭീതിയിലാണ് കോണ്‍ഗ്രസ് നേതൃത്വം

വടകരയില്‍ നിന്ന് രണ്ട് തവണ ലോക്‌സഭയിലേക്ക് ജയിച്ച് കയറിയ മുല്ലപ്പള്ളി രാമചന്ദ്രന് മണ്ഡലത്തിലെ കോണ്‍ഗ്രസുകാര്‍ക്കിടയില്‍ തന്നെ പഴയ സ്വീകാര്യത ഇല്ല.

വാഗ്ദാനങ്ങള്‍ക്കപ്പുറം വികസന നേട്ടങ്ങള്‍ ഒന്നുമില്ല എന്നതാണ് മുല്ലപ്പള്ളിയോടുള്ള എതിര്‍പ്പിന് കാരണം.

സി പി ഐ (എം) വിരോധം മുമ്പത്തെ പോലെ ഏശില്ലെന്ന തിരിച്ചറിവും മുല്ലപ്പള്ളിയുടെ പിന്മാറ്റത്തിന് പിന്നിലുണ്ട്.

കെ പി സി സി പ്രസിഡന്റ് സ്ഥാനം ലഭിച്ച സാഹചര്യത്തില്‍ സിറ്റിംഗ് സീറ്റ് നിലനിര്‍ത്താന്‍ മുല്ലപ്പള്ളിക്ക് മേല്‍ വലിയ സമ്മര്‍ദ്ദമാണുള്ളത്. ഇതിനായി പകരക്കാരന്‍ ആരെന്ന കാര്യത്തില്‍ വ്യക്തതയില്ല.

മണ്ഡലത്തില്‍ ഉയര്‍ത്തി കാണിക്കാന്‍ തക്ക നേതാവില്ല എന്നതാണ് കോണ്‍ഗ്രസിനെ കുഴക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ പുറമെ നിന്ന് സ്ഥാനമോഹികള്‍ എത്താനുള്ള സാധ്യതയുമില്ല.

മണ്ഡലത്തില്‍ മുല്ലപ്പള്ളിയോടുള്ള എതിര്‍പ്പും രാഷ്ടീയ സമവാക്യങ്ങളില്‍ വന്ന മാറ്റവുമാണ് കോണ്‍ഗ്രസില്‍ സ്ഥാനമോഹികളെ സൃഷ്ടിക്കാത്തതിന് കാരണം.

ലോക് താന്ത്രിക് ജനതാദള്‍ യു ഡി എഫ് ബന്ധം വിച്ഛേദിച്ച് എല്‍ ഡി എഫിനൊപ്പമാണ്. ഇത് തിരിച്ചടി ആകുമെന്ന വിലയിരുത്തലും കോണ്‍ഗ്രസിനുണ്ട്.

മണ്ഡലം കൈവിട്ടു പോകുമെന്ന തിരിച്ചറിവില്‍ യൂത്തിന് സീറ്റ് നല്‍കിയുള്ള പരീക്ഷണത്തിലൂടെ അവരെ ഒതുക്കാം എന്ന ആലോചനയും കോണ്‍ഗ്രസില്‍ നടക്കുന്നതായാണ് വിവരം.

വയനാട് സീറ്റിന്റെ കാര്യത്തില്‍ ഇതല്ല അവസ്ഥ. അന്തരിച്ച എം ഐ ഷാനവാസ് ഒന്നര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ച വയനാട് സീറ്റിനായി കോണ്‍ഗ്രസില്‍ എ ഐ ഗ്രൂപ്പുകള്‍ വടംവലി തുടങ്ങിക്കഴിഞ്ഞു.

എ ഗ്രൂപ്പില്‍ നിന്ന് ടി സിദ്ദിഖാണ് സീറ്റിനായി രംഗത്തുള്ളത്. ഐ ഗ്രൂപ്പില്‍ നിന്ന് ഷാനിമോള്‍ ഉസ്മാന്റെ പേര് ഉയരുന്നു . കൂടാതെ എം എം ഹസ്സന്റെ പേരും ഒരു വിഭാഗം മുന്നോട്ട് വെക്കുന്നുണ്ട്.

കോഴിക്കോട് എം കെ രാഘവനെ മാറ്റണമെന്ന അഭിപ്രായം യൂത്ത് കോണ്‍ഗ്രസിലുണ്ട്. തുടര്‍ച്ചയായ മൂന്നാം തവണയും രാഘവന്‍ സ്ഥാനാര്‍ത്ഥി ആവുന്നതില്‍ കോണ്‍ഗ്രസിനുള്ളിലും അഭിപ്രായ വ്യത്യാസം ഉള്ളതായാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News