യുപി പൊലീസ് ഉദ്യോഗസ്ഥന്‍റെ കൊലപാതകം; അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചു; രാജ്യസഭയില്‍ ഇടതുപക്ഷ എംപിമാരുടെ പ്രതിഷേധം

ഉത്തർപ്രദേശ് പോലീസ് ഇൻസ്‌പെക്ടർ സുബോധ് കുമാർ സിംഗിന്റെ കൊലപാതകത്തിന് പിന്നിലെ ഗൂഡലോചനയെപ്പറ്റി ജുഡീഷ്യൽ അന്വേഷണം നടത്തി യഥാർത്ഥ പ്രതികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് നൽകിയ അടിയന്തിരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെതിരെ രാജ്യസഭയിൽ സിപിഐഎം ചീഫ് വിപ്പ് കെ കെ രാഗേഷ് എം പി യുടെ നേതൃത്വത്തിൽ സിപിഐഎം-ഇടതുപക്ഷ എംപി മാർ പ്രതിഷേധിച്ചു.

എം പി മാരായ എളമരം കരീം, കെ സോമപ്രസാദ്, ബിനോയ് വിശ്വം എന്നിവരും ഉത്തർപ്രദേശിൽ നിന്നുള്ള സമാജ് വാദി പാർട്ടി അംഗങ്ങളും സിപിഎം-ഇടതു പക്ഷ അംഗങ്ങളോടൊപ്പം പ്രതിഷേധത്തിൽ പങ്കെടുത്തു.

ഇൻസ്‌പെക്ടർ സുബോധ്കുമാർ വധം ആസൂത്രിതമാണെന്നും ഇതിന്റെ പിന്നിലെ ഗൂഡാലോചന പുറത്തു കൊണ്ട് വരണമെന്നും ആവശ്യപ്പെട്ട സിപിഐഎം അംഗങ്ങൾ കുറ്റം ആരോപിക്കപ്പെട്ട ബജ്‌രംഗ്ദൾ പ്രവർത്തകരെ ഇനിയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ചൂണ്ടിക്കാട്ടി.

തികച്ചും ആസൂത്രിതമായ ഈ കൊലപാതകത്തെ ‘അപകട മരണം ‘ എന്ന് പറഞ്ഞ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ നിലപാടിനെ സി പി ഐ എം ചീഫ് വിപ്പ് കെ കെ രാഗേഷ് എം പി അപലപിച്ചു.

പശു ഇറച്ചി കൈവശം വെച്ചുവെന്നാരോപിച്ചു 2015 സെപ്റ്റംബറിൽ ദാദ്രിയിൽ ആൾക്കൂട്ടം കൊലപ്പെടുത്തിയ മുഹമ്മദ് അഖ്‌ലാഖ് കേസ് അന്വേഷിച്ച ച്ചത് ഇൻസ്‌പെക്ടർ സുബോധ്കുമാർ സിങ് ആയിരുന്നു, അഖ്ലാഖിന്റെ കൈവശം ഉണ്ടായിരുന്നത് ആട്ടിറച്ചിയാണെന്നു കൃത്യമായ തെളിവുശേഖരണത്തിലൂടെ ഇൻസ്‌പെക്ടർ സുബോധ്കുമാർ സിങ് കണ്ടെത്തിയിരുന്നു.

മുഹമ്മദ് അഖ്‌ലാഖ് കൊലപാതകത്തിന് പിന്നിലെ സത്യത്തിലേക്ക് വെളിച്ചം വീശിയത് സിംഗിന്റെ തെളിവുശേഖരണമായിരുന്നു. എന്നാൽ അന്വേഷണം പൂർത്തിയാകുന്നതിനു മുൻപേ ഇദ്ദേഹത്തെ വരാണസിയിലേക്കു സ്ഥലം മാറ്റിയിരുന്നു.

മുഹമ്മദ് അഖ്‌ലാഖ് കേസ് അന്വേഷണകാലയളവിൽ ഇൻസ്‌പെക്ടർ സിങ്ങിന് വധഭീഷണി ഉണ്ടായിരുന്നതായും ഇതുമൂലം അദ്ദേഹത്തിന്റെ കുടുംബം ദില്ലിക്കടുത്തുള്ള നോയിഡയിലേക്ക് താമസം മാറ്റിയതായും ഇൻസ്‌പെക്ടർ സിംഗിന്റെ ഭാര്യ വെളിപ്പെടുത്തിയിരുന്നു.

പിന്നീട് ബുലന്ദ്ശഹറിലേക്ക് സ്ഥലം മാറ്റിയ ഇൻസ്‌പെക്ടർ സിംഗിനെ ബജ്‌രംഗ് ദൾ പ്രവർത്തകർ , ഗ്രാമത്തിൽ പശു ഇറച്ചികണ്ടെത്തിയെന്നു ആരോപിച്ചു നടത്തിയ ആൾക്കൂട്ട അതിക്രമത്തിന്റെ മറവിൽ ഡിസംബർ 3 ന് ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തിനുശേഷം ഉത്തർപ്രദേശ് പോലീസ് നാളിതുവരെ നടത്തിയ അന്വേഷണം പ്രഹസനമായിരുന്നു.

ആയതിനാൽ ഒരു ജുഡീഷ്യൽ അന്വേഷണത്തിലൂടെ ഇൻസ്‌പെക്ടർ സുബോധ് കുമാർ സിംഗിന്റെ മരണത്തിനുപിന്നിലെ ഗുഡാലോചന വെളിച്ചത്തു കൊണ്ടുവരണമെന്നും യാഥാർഥപ്രതികളെ നിയമത്തിനു മുൻപിൽ കൊണ്ടുവരുന്നതിന് ആവശ്യമായ നടപടികൾ എടുക്കണമെന്നും ആവശ്യപ്പെട്ടാണ് സിപിഎം അടിയന്തിര പ്രമേയത്തിന് അനുമതി തേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News