മുത്തലാഖ് ബില്ല്: വോട്ട് ചെയ്യാതെ കോണ്‍ഗ്രസ് ഇറങ്ങി പോയത് ഇരട്ടത്താപ്പാണെന്ന് സിപിഐഎം; ന്യൂനപക്ഷ സംരക്ഷകര്‍ എന്ന അവകാശവാദം പൊളിഞ്ഞു

ദില്ലി: മുത്തലാഖ് ബില്ലിനെതിരെ വോട്ട് ചെയ്യാതെ കോണ്‍ഗ്രസ് ഇറങ്ങി പോയത് ഇരട്ടത്താപ്പാണെന്ന് സിപിഐഎം എംപിമാര്‍. വലിയ അംഗീകാരത്തോടെ ബില്‍ പാസായി എന്ന് അവകാശപ്പെടാന്‍ കേന്ദ്ര സര്‍ക്കാരിന് കോണ്‍ഗ്രസിന്റെ വോട്ട് ബഹിഷ്‌കരണം വഴിയൊരുക്കി.

ന്യുനപക്ഷങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുമെന്ന് പറയുന്ന കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ് മുത്തലാഖ് വിഷയത്തോടെ പുറത്തായെന്നും എംപിമാര്‍ ചൂണ്ടിക്കാട്ടി. സിപിഐഎം മുത്തലാഖിന് എതിരാണെങ്കിലും വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമാക്കുന്നത് കൊണ്ടാണ് ബില്ലിനെ സിപിഐഎം എതിര്‍ക്കുന്നതെന്നും നിലപാട് വിശദീകരിച്ച് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പറഞ്ഞു.

മുത്തലാഖ് വിഷയത്തില്‍ ലോക്സഭയില്‍ യോജിച്ച് പോരാടണം എന്ന പ്രതിപക്ഷ നിലപാടിന് വിരുദ്ധമായാണ് കോണ്‍ഗ്രസ് സഭയില്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചത്. കോണ്‍ഗ്രസ് ഇറങ്ങിപ്പോയത് വലിയ അംഗീകാരത്തോടെ ബില്‍ പാസായി എന്ന അവകാശവാദം ഉന്നയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ സഹായിച്ചെന്ന് സിപിഐഎം എംപിമാര്‍ ആരോപിച്ചു.

ന്യൂനപക്ഷ സംരക്ഷകര്‍ എന്ന കോണ്‍ഗ്രസിന്റെ അവകാശവാദം പൊളിഞ്ഞെന്നും കോണ്‍ഗ്രസിന്റെ മൃദു ഹിന്ദു നിലപാട്് പരസ്യമായെന്നും എംപിമാര്‍ ചൂണ്ടിക്കാട്ടി.

എല്ലാ മതങ്ങളിലും സിവില്‍ പ്രശ്നമായ കാര്യം മുസ്ലിങ്ങള്‍ക്കിടയില്‍ മാത്രം ക്രിമിനല്‍ വല്‍ക്കരിക്കുന്നത് വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമാക്കിയാണെന്നും എംപിമാര്‍ ചൂണ്ടികാട്ടി.

സുപ്രീംകോടതി വിധി ഉണ്ടെന്നിരിക്കെ മുത്തലാഖ് ബില്ലിന്റെ ആവശ്യമില്ല. രാജ്യസഭയുടെ പരിഗണനയില്‍ ഉള്ള വിഷയത്തിലാണ് കേന്ദ്രസര്‍ക്കാര്‍ കൈകടത്തിയത് രാജ്യസഭയെ അപമാനിക്കലാണെന്നും എംപിമാര്‍ ചൂണ്ടിക്കാട്ടി.

സിപിഐഎം മുത്തലാഖിന് എതിരാണ്. എന്നാല്‍ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യം വയ്ക്കുന്നത് കൊണ്ടാണ് ബില്ലിനെ സിപിഐഎം എതിര്‍ക്കുന്നതെന്ന് ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി വിശദീകരിച്ചു.

സ്ത്രീ സമത്വത്തിന്റെ പേരില്‍ മുത്തലാഖ് ബില്‍ കൊണ്ടുവന്ന ബിജെപിക്ക് ശബരിമലയില്‍ എന്തുകൊണ്ട് ആ നിലപാട് ഇല്ല എന്നും അദ്ദേഹം ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here