മതത്തിന്‍റെ പേരില്‍ പൗരത്വം നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധം; ബിജെപിയുടെ ശ്രമം രാജ്യത്തെ മതാടിസ്ഥാനത്തില്‍ വേര്‍തിരിക്കാന്‍: സിതാറാം യെച്ചൂരി

മതത്തിന്റെ പേരിൽ പൗരത്വം നിഷേധിക്കുന്നത‌് ഭരണഘടനാ വിരുദ്ധമാണെന്ന‌് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.

പൗരത്വ (ഭേദഗതി) ബിൽ 2016 നടപ്പാക്കുന്നതിനു പിന്നിൽ ബിജെപിയുടെ വർഗീയ ധ്രുവീകരണ ലക്ഷ്യമാണുള്ളത‌്. ഭരണഘടന ഉറപ്പാക്കുന്ന തുല്യത അട്ടിമറിച്ച‌് മതാടിസ്ഥാനത്തിൽ ജനങ്ങളെ വേർതിരിക്കാനുള്ള നീക്കത്തെ പാർലമെന്റിലും പുറത്തും ശക്തമായി എതിർക്കും.

മുസ്ലിങ്ങളെ ഒഴിവാക്കി ഹിന്ദുക്കൾക്ക‌് പൗരത്വം നൽകാനുള്ള നീക്കം ജനങ്ങളെ ഭിന്നിപ്പിച്ച‌് വോട്ടുബാങ്ക‌് നിലനിർത്താനാണ‌്.

മുത്തലാഖ‌് നിയമം കൊണ്ടുവരികയും അതേസമയം ശബരിമലയിൽ സ‌്ത്രീപ്രവേശനത്തെ എതിർക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പും സമാനമായ വർഗീയ ചേരിതിരിവ‌് ലക്ഷ്യമിട്ടാണ‌് – യെച്ചൂരി ചൂണ്ടിക്കാട്ടി.

അസം ഇടതു ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ വെള്ളിയാഴ‌്ച ജന്തർ മന്ദറിൽ നടന്ന ധർണയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൗരത്വ(ഭേദഗതി) ബിൽ പിൻവലിക്കണമെന്നും അസമിൽ എല്ലാ ഇന്ത്യക്കാരെയും ഉൾപ്പെടുത്തി പാകപ്പിഴകളില്ലാത്ത പൗരത്വ രജിസ‌്ട്രി തയ്യാറാക്കണമെന്നും ആവശ്യപ്പെട്ട‌് നൂറുകണക്കിനുപേർ ധർണയിൽ പങ്കെടുത്തു.

സിപിഐ എം പൊളിറ്റ‌്ബ്യൂറോ അംഗം പ്രകാശ‌് കാരാട്ട‌്, അഖിലേന്ത്യ കിസാൻസഭ ജനറൽ സെക്രട്ടറി ഹനൻമൊള്ള തുടങ്ങിയവർ സംസാരിച്ചു.

ഈ ആവശ്യം ഉന്നയിച്ച‌് ആഭ്യന്തരമന്ത്രിക്ക‌് സിപിഐ എം അസം സംസ്ഥാന സെക്രട്ടറി ദെബെൻ ഭട്ടാചാര്യ, മുനിൻ മഹാന്ത (സിപിഐ), പങ്കജ‌് (സിപിഐ –- എംഎൽ), പ്രദ്യുത‌് കുമാർ ബോറ (എൽഡിപി), ഹിരൺ ബോർഗോഹൈൻ (ആർസിപിഐ) തുടങ്ങിയവരുടങ്ങുന്ന പ്രതിനിധിസംഘം നിവേദനം നൽകി.

സിപിഐ എം, സിപിഐ, സിപിഐ എംഎൽ, എൻസിപി, എസ‌്പി, ജെഡിഎസ‌്, എഎപി, എൽഡിപി, ആർസിപിഐ, അസം സംഗ്രാമി മഞ്ച എന്നീ പാർടികൾ ഉൾപ്പട്ട അസം ഇടതുജനാധിപത്യ മുന്നണിയാണ‌് ധർണ സംഘടിപ്പിച്ചത‌്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News