വനിതാ മതില്‍ കേരളത്തിന്റെ സാമൂഹിക ചരിത്രത്തില്‍ പുതിയ കാല്‍വെപ്പാണെന്ന് എ വിജയരാഘവന്‍; ‘മതിലിനെ എതിര്‍ക്കുന്നവര്‍ നവോത്ഥാന മൂല്യങ്ങളുടെ എതിരാളികള്‍; ഇത്തരം ഇരുട്ടിന്റെ ശക്തികളെ ചെറുത്ത് തോല്‍പ്പിച്ചേ മതിയാകൂ’

തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനും സ്ത്രീകളുടെ അഭിമാനവും സാമൂഹ്യനീതിയും കാത്ത് സൂക്ഷിക്കാനും ജനുവരി ഒന്നിന് തീര്‍ക്കുന്ന വനിതാമതില്‍ വന്‍ വിജയമാക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍.

വനിതാമതിലിലൂടെ ഉയര്‍ന്നുവരുന്ന വനിതാ മുന്നേറ്റം യുഡിഎഫിനേയും ബി.ജെ.പിയേയും വിറളി പിടിപ്പിച്ചിരിക്കുകയാണ്. അനാവശ്യ വിവാദങ്ങള്‍ ഉയര്‍ത്തിയും ഭീഷണിപ്പെടുത്തിയും സ്ത്രീകളുടെ പങ്കാളിത്തം തടയാമെന്ന പ്രതിപക്ഷ തന്ത്രം വിലപ്പോവില്ല.

ഓരോ ദിവസം കഴിയുന്തോറും വിവിധ മേഖലകളില്‍ നിന്നും ആയിരക്കണക്കിന് സ്ത്രീകള്‍ വനിതാ മതിലിന് പിന്തുണയുമായി രംഗത്തുവരികയാണ്. ഇത് യു.ഡി.എഫിനേയും ബി.ജെ.പി യേയും പരിഭ്രാന്തരാക്കുന്നത് സ്വാഭാവികമാണ്.

സ്ത്രീകളുടെ അഭിമാനം കാത്തുസൂക്ഷിക്കുന്നതിനുള്ള മുന്നേറ്റമായ വനിതാമതില്‍ കേരളത്തിന്റെ സാമൂഹിക ചരിത്രത്തില്‍ പുതിയ കാല്‍വെയ്പ്പാണ്. നവോത്ഥാന മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കാനും അതിനെതിരായ നീക്കങ്ങളെ ചെറുക്കാനും ഈ കൂട്ടായ്മ കരുത്ത് പകരും. ഇരുട്ടിന്റെ ശക്തികളോട് ഏറ്റുമുട്ടിയാണ് നവോത്ഥാനം മുന്നേറിയത്.

കേരളത്തെ ഇന്നത്തെ നിലയില്‍ എത്തിച്ചതില്‍ നവോത്ഥാനത്തിന് വലിയ പങ്കാണ് ഉള്ളത്. അത് തകര്‍ക്കാനും കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാനുമുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നത്. സ്ത്രീകളുടെ അന്തസ്സും അവകാശങ്ങളും സാമൂഹിക നീതിയും സംരക്ഷിക്കപ്പെടണം.

സ്ത്രീ തുല്യതയും മാന്യതയുമാണ് സാമൂഹ്യ പുരോഗതിയുടെ മുഖ്യഘടകം. ദേശീയ പ്രസ്ഥാനത്തിന്റേയും നവോത്ഥാനത്തിന്റേയും മൂല്യങ്ങള്‍ തകര്‍ക്കുകയാണ് ഇതിനെ എതിര്‍ക്കുന്നവര്‍ ചെയ്യുന്നത്. അതുകൊണ്ടുതന്നെ ജാതി-മത ഭേദവും സങ്കുചിത രാഷ്ട്രീയവും മാറ്റിവച്ച് അത് വിജയിപ്പിക്കേണ്ടത് ഓരോ കേരളീയന്റേയും കടമയാണ്.

വനിതാ മതിലിനെ എതിര്‍ക്കുന്നവര്‍ നവോത്ഥാന മുല്യങ്ങളുടെ എതിരാളികളാണ്. അത്തരം ഇരുട്ടിന്റെ ശക്തികളെ ചെറുത്ത് തോല്‍പ്പിച്ചേ മതിയാകൂ. വനിതാ മതില്‍ ചരിത്ര സംഭവമാക്കുന്നതിന് എല്ലാവരും ഏകമനസ്സോടെ അണിനിരക്കണമെന്ന് അഭ്യര്‍ത്ഥിയ്ക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News