വനിതാ മതില്‍ എന്തിനെന്ന് പോലും അറിയില്ലെങ്കില്‍ ചെന്നിത്തലയെ കുറിച്ച് എന്ത് പറയാനാണെന്ന് മുഖ്യമന്ത്രി പിണറായി; പുതിയ യജമാനന്മാരുടെ കൂടെ കൂടി നാണംകെട്ട ചോദ്യങ്ങള്‍ ചോദിക്കാന്‍ തയ്യാറാകരുത്; നവോത്ഥാന മൂല്യങ്ങള്‍ തകര്‍ക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കുകയാണ് മതിലിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി

കണ്ണൂര്‍: വനിതാ മതില്‍ രഹസ്യമായി നടത്തുന്ന ഒന്നല്ലെന്നും നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ വിട്ടു വീഴ്ചയില്ലാത്ത സമീപനമാണ് സംസ്ഥാന സര്‍ക്കാരിനെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

വനിതാ മതില്‍ എന്തിനെന്ന് പോലും അറിയില്ലെങ്കില്‍ രാമേശ് ചെന്നിത്തലയെ കുറിച്ച് എന്ത് പറയാനാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ കാലവും സ്ത്രീ അവകാശ പോരാട്ടത്തില്‍ മുന്‍ നിരയില്‍ നിന്നത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. നവോത്ഥാന മൂല്യങ്ങള്‍ തകര്‍ക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കുകയാണ് വനിതാ മതിലിന്റെ ലക്ഷ്യം.

വനിതകള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെ വനിതകള്‍ മുന്നിട്ടിറങ്ങി പ്രതിരോധിക്കുന്നു. ഏറെക്കുറേ മുഴുവന്‍ വനിതാ സംഘടനകളും വനിതാ മതിലില്‍ അണിനിരക്കുന്നു. കേരളത്തിന് പുറത്തുള്ള സംഘടനകളും സഹകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുതിയ യജമാനന്മാരുടെ കൂടെ കൂടി നാണം കേട്ട ചോദ്യങ്ങള്‍ ചോദിയ്ക്കാന്‍ തയ്യാറാകാരുത്. ശബരിമല മാത്രമല്ല, സ്ത്രീകളുടെ തുല്യതയാണ് പ്രശ്‌നം. സ്്ത്രീകളുടെ ഭരണഘടനാ അവകാശങ്ങള്‍ നിഷേധിക്കുന്നതിന് എതിരെയാണ് വനിതാ മതില്‍ സംഘടിപ്പിക്കുന്നത്.

ആര്‍എസ്എസും ബിജെപിയും ദുരുപയോഗം ചെയ്യരുത് എന്ന ലക്ഷ്യത്തോടെ തന്നെയാണ് ന്യൂനപക്ഷ സംഘടനകളെ ക്ഷണിക്കാതിരുന്നത്.

ന്യൂന പക്ഷങ്ങള്‍ നവോത്ഥാനത്തിന് വലിയ സംഭാവനകള്‍ നല്‍കിയവരാണ്. ഒന്നാം തീയതി ചെന്നിത്തല റോഡില്‍ ഇറങ്ങി നിന്ന് നോക്കണം.

ന്യൂന പക്ഷങ്ങള്‍ ഒന്നടങ്കം വനിതാ മതിലില്‍ അണി നിരക്കുന്നത് കാണാം. സ്ത്രീ ഒറ്റയ്ക്കല്ല, ഈ നാട് ഒന്നിച്ച് സ്ത്രീയുടെ അവകാശത്തിന് വേണ്ടി നില കൊള്ളുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News