മെല്‍ബണ്‍ ടെസ്റ്റ്; ഓസ്‌ട്രേലിയ്‌ക്കെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

മെല്‍ബണ്‍: മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയ്‌ക്കെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം.

137 റണ്‍സിനാണ് കോഹ്ലിയും സംഘവും ഓസിസ് മണ്ണില്‍ മിന്നുംവിജയം നേടിയത്.

വിജയം വെറും രണ്ട് വിക്കറ്റുകള്‍ക്കപ്പുറത്ത് നില്‍ക്കെയാണ് വിരാട് കോഹ്ലിയും സംഘവും ഞായറാഴ്ച കളത്തിലിറങ്ങിയത്. 4.3 ഓവര്‍ മാത്രമേ വേണ്ടി വന്നുള്ളൂ മെല്‍ബണില്‍ ഇന്ത്യക്ക് വിജയക്കൊടി നാട്ടാന്‍.

തലേദിവസത്തെ സ്‌കോറിനോട് ഓസീസ് കൂട്ടിച്ചേര്‍ത്തത് മൂന്ന് റണ്‍ മാത്രം. 399 റണ്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്ട്രേലിയ 261 റണ്ണിന് പുറത്ത്. ജസ്പ്രീത് ബുമ്രയും ഇഷാന്ത് ശര്‍മ്മയും ചേര്‍ന്ന് ശേഷിച്ച രണ്ട് വിക്കറ്റ് വീഴ്ത്തി ഇന്ത്യക്ക് ജയം സമ്മാനിച്ചു.

37 വര്‍ഷത്തിന് ശേഷമാണ് മെല്‍ബണില്‍ ഇന്ത്യ ടെസ്റ്റില്‍ ജയിക്കുന്നത്. ബോക്സിങ് ഡേ ടെസ്റ്റില്‍ ഓസ്ട്രേലിയ പരാജയപ്പെടുന്നതും ഇതാദ്യം. ഇതോടെ നാല് മല്‍സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലെത്തി.

നാലാംദിനംതന്നെ മൂന്നാം ടെസ്റ്റ് ഇന്ത്യയുടെ പേരില്‍ എഴുതുമായിരുന്നു. പക്ഷേ, പാറ്റ് കമ്മിന്‍സ് അപ്രതീക്ഷിതമായി ഇന്ത്യയുടെ വഴിതടഞ്ഞു.

332ലേറെ റണ്‍ ഇതുവരെ പിന്തുടര്‍ന്ന് ജയിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത മെല്‍ബണില്‍ 399 റണ്‍ ലക്ഷ്യവുമായി ഇറങ്ങിയ ഓസീസ് നാലാംദിനം എട്ടിന് 258 റണ്ണെന്ന നിലയിലാണ് കളി അവസാനിപ്പിച്ചത്.

മഴമൂലം വൈകിയാണ് ഞായറാഴ്ച കളിയാരംഭിച്ചത്. അര്‍ധസെഞ്ചുറിയുമായി നിലയുറപ്പിച്ച കമ്മിന്‍സിനെ ബുമ്ര നാലാം ഓവറില്‍ത്തന്നെ പുജാരെയുടെ കൈകളിലെത്തിച്ചു.

തൊട്ടുപിന്നാലെ നഥാന്‍ ലിയോണിനെ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ കൈകളില്‍ എത്തിച്ച് ഇഷാന്ത് ശര്‍മ ഓസീസ് ഇന്നിങ്സിന് തിരശീലയിട്ടു.

ഇന്ത്യ രണ്ടാം ഇന്നിങ്‌സ് എട്ടിന് 108 റണ്ണെടുത്ത് ഡിക്ലയര്‍ ചെയ്തിരുന്നു. ആറ് വിക്കറ്റ് വീഴ്ത്തിയ കമ്മിന്‍സാണ് വലിയ ലീഡില്‍നിന്ന് ഇന്ത്യയെ തടഞ്ഞത്. കമ്മിന്‍സിന്റെ ഏറ്റവും മികച്ച പ്രകടനമാണിത്. സ്‌കോര്‍: ഇന്ത്യ 7443ഡി., 8106ഡി; ഓസ്‌ട്രേലിയ 151, 261.

ഓസീസ് മുന്നേറ്റനിര ഉത്തരവാദിത്തമില്ലാതെ ബാറ്റ് വീശി. പതിവുപോലെ വാലറ്റം ചെറുത്തു. മൂന്ന് വിക്കറ്റുമായി സ്പിന്നര്‍ രവീന്ദ്ര ജഡേജയാണ് നാലാംദിനം തിളങ്ങിയത്. ഒന്നാം ഇന്നിങ്‌സിലെ ഹീറോ ജസ്പ്രീത് ബുമ്ര മൂന്ന് വിക്കറ്റ് നേടി. ഇഷാന്ത് ശര്‍മയും മുഹമ്മദ് ഷമിയും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.

കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റുമായി ഇറങ്ങിയ ഓസീസിന് രണ്ടാം ഓവറില്‍ത്തന്നെ തിരിച്ചടി കിട്ടി. മൂന്നു റണ്ണെടുത്ത ആരോണ്‍ ഫിഞ്ച് ബുമ്രയുടെ പന്തില്‍ ബാറ്റ് വച്ചു.

രണ്ടാം സ്ലിപ്പില്‍ ക്യാപ്റ്റന്‍ കോഹ്ലിക്ക് ക്യാച്ച്. ഭേദപ്പെട്ട തുടക്കം കിട്ടിയ മാര്‍കസ് ഹാരിസിന് (13) ജഡേജയുടെ കറങ്ങിത്തിരിഞ്ഞ പന്തിന്റെ ഗതി മനസ്സിലായില്ല. ബാറ്റ് വച്ചു, ഫോര്‍വേഡ് ഷോര്‍ട്ട് ലെഗില്‍ മന്‍ദീപിന്റെ കൈയില്‍ കൃത്യമായി ഒതുങ്ങി.

ഉസ്മാന്‍ ഖവാജയും ഷോണ്‍ മാര്‍ഷും ചെറുത്തുനില്‍പ്പിനുള്ള ശ്രമത്തിലായിരുന്നു. ജഡേജയെ ഇരുവരും കടന്നാക്രമിച്ചു. 30 റണ്‍ കൂട്ടിച്ചേര്‍ത്തു. കോഹ്ലി മുഹമ്മദ് ഷമിയെ രംഗത്തിറക്കി. റിവേഴ്‌സ് സ്വിങ് കിട്ടിയ ഷമി ഒന്നാന്തരം പന്തില്‍ ഖവാജയെ (33) വിക്കറ്റിനുമുന്നില്‍ കുരുക്കി. മാര്‍ഷിനെ (44) ബുമ്രയും എല്‍ബിഡബ്ല്യുവില്‍ ഒതുക്കി.

അനിയന്‍ മാര്‍ഷിനെ ജഡേജയും പറഞ്ഞയച്ചു. ജഡേജയുടെ ഒരോവറില്‍ തകര്‍പ്പന്‍ സിക്‌സര്‍ പായിച്ച മിച്ചെല്‍ മാര്‍ഷ്, അടുത്ത ഓവറിലും അത് ആവര്‍ത്തിക്കാനുള്ള ശ്രമത്തിലായിരുന്നു. മിച്ചെല്‍ മാര്‍ഷിന്റെ (10) ഷോട്ട് കോഹ്ലിയുടെ കൈകളിലാണ് അവസാനിച്ചത്. ഇതോടെ ഓസീസ് 5-135ലേക്ക് തകര്‍ന്നു.

ഒരുവശത്ത് ട്രാവിസ് ഹെഡ് ആത്മവിശ്വാസത്തോടെ ബാറ്റ് വീശി. ക്യാപ്റ്റന്‍ ടിം പെയ്‌നുമായി ചേര്‍ന്ന് കൂട്ടുകെട്ടുമുണ്ടാക്കി. എന്നാല്‍, അധികനേരം ക്രീസില്‍ നില്‍ക്കാനായില്ല ഹെഡിന്. ഇശാന്തിന്റെ പന്ത് വലിച്ചടിക്കാന്‍ ശ്രമിച്ച ഹെഡിന് പിഴച്ചു.

പന്ത് ഹെഡിന്റെ (31) വിക്കറ്റും കൊണ്ടുപോയി. പെയ്ന്‍ (26) ജഡേജയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് ക്യാച്ച് നല്‍കി. മിച്ചെല്‍ സ്റ്റാര്‍ക്കിന്റെ (18) കുറ്റിപിഴുത് ഷമി ഇന്ത്യയെ ജയത്തിനരികെ എത്തിച്ചു.

എന്നാല്‍, ഒരു ആത്മവിശ്വാസത്തോടെ ബാറ്റ് വീശിയ കമ്മിന്‍സ് കോഹ്ലിയെയും കൂട്ടരെയും അസ്വസ്ഥരാക്കി. ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ മികച്ച സ്‌കോര്‍ നേടിയ കമ്മിന്‍സിന്റെ ഇന്നിങ്‌സില്‍ ഒരു സിക്‌സും അഞ്ചു ബൗണ്ടറികളും ഉള്‍പ്പെട്ടു.

നതാന്‍ ല്യോണ്‍ കമ്മിന്‍സിന് കൂട്ടായി നിലയുറപ്പിച്ചതോടെയാണ് കളി അഞ്ചാം ദിനത്തിലേക്ക് നീണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News