1984ലെ സിഖ് വിരുദ്ധ കലാപ കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ കോണ്‍ഗ്രസ് എം പി സജ്ജന്‍ കുമാറും കൂട്ടു പ്രതികളില്‍ രണ്ടുപേരും കോടതിയില്‍ കീഴടങ്ങി

ഡിസംബര്‍ പതിനേഴിനാണ് മുന്‍ കോണ്‍ഗ്രസ്സ് എം പി കൂടിയായ സജ്ജന്‍ കുമാറിനെ ദില്ലി ഹൈക്കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചത്.

കൂട്ടാളികളെ പത്തു വര്‍ഷം വീതം തടവിനും ശിക്ഷിച്ച ഹൈക്കോടതി ഡിസംബര്‍ മുപ്പത്തിയൊന്നിനകം കീഴടങ്ങാനും സജ്ജന്‍ കുമാറിന് നിര്‍ദേശം നല്‍കിയിരുന്നു.

കൂട്ട് പ്രതികളായ മുന്‍ എംഎല്‍എ കിഷന്‍ കൊക്കര്‍, മഹേന്ദര്‍ യാദവ് എന്നിവര്‍ക്ക് ശേഷമാണ് സജ്ജന്‍കുമാര്‍ കോടതിയില്‍ ഹാജരായത്.

തീഹാര്‍ ജയിലിലേക്ക് വിടണമെന്ന പ്രതികളുടെ ആവശ്യം തള്ളിയ കോടതി ഇവരെ മന്‍ഡോലി ജയിലിലേക്ക് അയച്ചു.

കനത്ത സുരക്ഷാ വലയത്തിലും ഒരു പ്രത്യേക വാഹനത്തിലുമാണ് സജ്ജന്‍കുമാറിനെ ജയിലിലെത്തിച്ചത്. ശിക്ഷാ വിധിയെ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ നിന്നും സജ്ജന്‍ കുമാറിന് ജാമ്യം നേടാനാണ് അഭിഭാഷകരുടെ ശ്രമം.

സുപ്രീംകോടതിയെ സമീപിച്ചെങ്കിലും വെക്കേഷനിലായതിനാല്‍ കോടതിയില്‍ കീഴടങ്ങാന്‍ സജ്ജന്‍കുമാര്‍ നിര്‍ബന്ധിതനാക്കുകയായിരുന്നു. ഇതേസമയം ശിക്ഷാ വിധിയെ ചോദ്യം ചെയ്ത് സജ്ജന്‍ കുമാര്‍ എത്തിയതിനെതിരെ കോടതിക്കു മുമ്പാകെ വാദങ്ങള്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കണമെന്നാവശ്യപ്പെട്ട് കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്.

മൂന്ന് ദശാബ്ദക്കാലത്തെ സിഖ് സമുദായത്തിന്റെ നിയമ പോരാട്ടം ലക്ഷ്യം കണ്ടുവെന്ന് ദില്ലി ഗുരുധ്വാര അധികൃതര്‍ വ്യക്തമാക്കി. സിബിഐ അന്വേഷിച്ച കേസില്‍ നേരത്തെ വിചാരണ കോടതി സജ്ജന്‍ കുമാറിനെ കുറ്റ വിമുക്തനാക്കിയത്തിനെതിരെ ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിച്ചതാണ് കേസില്‍ വഴിത്തിരിവായത്.

കലാപത്തില്‍ പങ്കുണ്ടെന്നു ആരോപിക്കപ്പെടുന്ന കോണ്‍ഗ്രസ്സ് നേതാവ് ജഗദീഷ് ടൈറ്റ്‌ലറെയും മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥിനെയും കൂടി നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News