ഡല്‍ഹി താരം പ്രിയ പുനിയ ഇന്ത്യന്‍ ടി-20 ടീമില്‍ ഇടം നേടിയപ്പോള്‍ അച്ഛന്‍ സുരേന്ദ്രക്ക് അഭിമാന നിമിഷമാത്രമല്ല..

തന്റെ എക്കാലത്തെയും വലിയ സ്വപ്‌നസാഫല്യവുമാണ്. ഒരു മകള്‍ക്ക് വേണ്ടി അച്ഛന് നല്‍കാനാകുന്ന പിന്തുണയെത്രയെന്ന് സുരേന്ദ്ര പറയും അല്ലാ.. കാണിച്ചുതരും.

ആ പിന്തുണയ്ക്ക് ലോകത്തെ ഏതൊരു ക്രിക്കറ്റ് ഗ്രൗണ്ടിനെക്കാളും വലുപ്പമുണ്ടാകും എന്നതാണ് പ്രിയയുടെ നേട്ടം നമുക്ക് കാണിച്ചു തരുന്നത്. പ്രിയയ്ക്ക് കളിക്കാന്‍ 2010 ല്‍ അച്ഛന്‍ ക്രിക്കറ്റ് ഗ്രൗണ്ട് തന്നെ പണിതു നല്‍കി.

രാജസ്ഥാനിലെ ചുലുവില്‍ നിന്നുള്ള സുരേന്ദ്രയുടെ സാധാരണ കുടുംബത്തിന് താങ്ങാനാകുന്നതായിരുന്നില്ല ഒരു നല്ല ഗ്രൗണ്ട് നിര്‍മ്മിക്കാനുള്ള ചിലവെങ്കിലും ലോണെടുത്തും വസ്തുക്കള്‍ വിറ്റുമാണ് ജയ്പൂരിലെ ഹര്‍മ്മദയില്‍ ഗ്രൗണ്ട് നിര്‍മ്മിക്കാന്‍ സ്ഥലം വാങ്ങാനുള്ള പണം കണ്ടെത്തിയത്.

ഒരു സ്‌പോര്‍ട്ട്‌സ് കോംപ്ലക്‌സ് നിര്‍മ്മിക്കണമെന്നായിരുന്നു സുരേന്ദ്രയുടെ ആഗ്രഹം, മകളാകട്ടെ ബാഡ്മിന്റണെക്കാള്‍ ക്രിക്കറ്റിനെയാണ് ഇഷ്ടപ്പെട്ടത്.

മകളുടെ ആഗ്രഹത്തിനൊപ്പമാണ് സുരേന്ദ്ര നിലകൊണ്ടത്. 2015 ല്‍ മികച്ച ഫോമിലായിരുന്നുവെങ്കിലും അവസരങ്ങള്‍ പ്രിയയെ തേടിയെത്തിയില്ല. എങ്കിലും പ്രിയയും അച്ഛനും കാത്തിരുന്നു.

ഒടുവില്‍ പ്രിയയ്ക്കുള്ള നീലക്കുപ്പായവുമായി പുതുവര്‍ഷത്തില്‍ ഭാഗ്യദേവതയെത്തി.

സര്‍വ്വെ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥനായിരുന്ന സുരേന്ദ്രയ്ക്ക് ഡല്‍ഹിയിലേയ്ക്ക് മാറ്റം ലഭിച്ചതോടെയാണ് പ്രിയയ്ക്ക് പരിശീലനം നടത്തുന്നതില്‍ പ്രതിസന്ധികള്‍ നേരിട്ടത്. ഇതിനെത്തുടര്‍ന്നാണ് ഗ്രൗണ്ട് നിര്‍മ്മിക്കാന്‍ സുരേന്ദ്ര തീരുമാനിച്ചത്.

ഏകദിന ടീമിലൊരു സ്ഥാനമാണ് പ്രിയ പ്രതീക്ഷിച്ചിരുന്നത്. സിക്‌സ് അടിച്ചുകൂട്ടാനുള്ള പ്രിയയുടെ പാടവമാണ് ടി-20 യിലേയ്ക്ക് വഴിയൊരുക്കിയതെന്നാണ് സുരേന്ദ്ര കരുതുന്നത്.

ഈ അവസരം നന്നായി പ്രയോജനപ്പെടുത്താനാകുമെന്നാണ് പ്രിയയും അച്ഛനും പ്രതീക്ഷിക്കുന്നത്. ഫെബ്രുവരിയില്‍ ന്യൂസിലന്‍ഡില്‍ ട്വന്റി-ട്വന്റി പരമ്പരയിലാണ് പ്രിയ കളത്തിലിറങ്ങുന്നത്.

ഏകദിനത്തിലേയ്ക്കുള്ള എന്‍ട്രിയും വൈകാതെ തന്നെത്തേടിയെത്തുമെന്നാണ് പ്രിയ കരുതുന്നത്.