കോട്ടയത്തെ പെണ്‍കരുത്ത് നാളെ ആലപ്പുഴയില്‍ തെളിയും

നിരപേക്ഷമായ നവകേരളം സാധ്യമാക്കുന്നതിന് സര്‍ക്കാര്‍ സംവിധാനങ്ങളും വിവിധ നവോത്ഥാനപ്രസ്ഥാനങ്ങളും പുരോഗമന സംഘടനകളും ചേര്‍ന്നുയര്‍ത്തുന്ന വനിതാമതിലില്‍ കോട്ടയത്തെ 1.4 ലക്ഷം വനിതകള്‍ അണിനിരക്കും.

ദേശീയ പാതയുടെ പടിഞ്ഞാറെ ഓരത്ത് വൈകിട്ട് നാലിന് തീര്‍ക്കുന്ന പ്രതീകാത്മക മതിലില്‍ ജില്ലയിലെ ഒന്നരലക്ഷത്തോളം വനിതകള്‍ അണിനിരക്കും.

മീനച്ചില്‍, കാഞ്ഞിരപ്പള്ളി, കോട്ടയം, വൈക്കം, ചങ്ങനാശ്ശേരി താലൂക്കുകളില്‍ നിന്ന് പങ്കെടുക്കുന്നവര്‍ക്ക് അണിനിരക്കുന്നതിനായി വടക്ക് അരൂര്‍ കെല്‍ട്രോണ്‍ മുതല്‍ തെക്ക് കളര്‍കോട് വരെ പത്ത് സ്പോട്ടുകളാണ് നിശ്ചയിച്ചിട്ടുളളത്.

കെ.എസ്.ആര്‍.ടിസി ബസ്സുകളിലും സ്വകാര്യ ബസ്സുകളുമുള്‍പ്പെടെയുള്ള മറ്റ് വാഹനങ്ങളിലുമാണ് വനിതകള്‍ ദേശീയ പാതയില്‍ എത്തുക.

ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് ദൂരക്കുടുതലുള്ളിടങ്ങളില്‍ നിന്ന് രാവിലെ പത്ത് മണിയോടെ വാഹനം പുറപ്പെടണമെന്നാണ് ജില്ലാ പോലീസ് മേധാവി നല്‍കിയിട്ടുളള നിര്‍ദ്ദേശം.

മറ്റിടങ്ങളില്‍ നിന്ന് 11 മണിക്കും 12 മണിക്കും വാഹനം പുറപ്പെടുന്ന തരത്തില്‍ ഷെഡ്യൂള്‍ ക്രമീകരിക്കണം.

സമയക്രമം പാലിച്ചുള്ള യാത്ര ഉറപ്പു വരുത്തുന്നതിന് വില്ലേജ് ഓഫീസര്‍മാരെയും പഞ്ചായത്ത് സെക്രട്ടറിമാരേയുമാണ് ജില്ലാ കലക്ടര്‍ ചുമതലപ്പെടുത്തിയിട്ടുള്ളത്.

യാത്രക്കിടയില്‍ ഉണ്ടാകുന്ന ഏതുതരം പ്രശ്നങ്ങളും അപ്പോള്‍തന്നെ അറിയിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വനിതാ മതില്‍ സംഘാടനത്തിന്റെ അവസാനഘട്ട തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിന് ജില്ലാ കലക്ടര്‍ പി.കെ.സുധീര്‍ബാബുവിന്റെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ യോഗം ചേര്‍ന്നു.

ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍, വനിതാമതില്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ സുഗതന്‍, ജില്ലാതല സമിതി ജോ.കണ്‍വീനര്‍ സിനി.കെ.തോമസ്, വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ പി.എന്‍ ശ്രീദേവി, വിവിധ സംഘടനകളുടെ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

വനിതാ മതില്‍ ക്യാമ്പയിന്‍ പ്രചരണാര്‍ത്ഥം തയ്യാറാക്കിയ ക്യാമ്പയിന്‍ വീഡിയോ ജില്ലാ കളക്ടര്‍ യോഗത്തില്‍ പ്രകാശനം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel