സൈമണ്‍ ബ്രിട്ടോയുടെ മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറും

കൊച്ചി: സൈമണ്‍ ബ്രിട്ടോയുടെ മൃതദേഹം ചൊവ്വാഴ്ച്ച രാത്രി 7 മണിക്ക് കൊച്ചിയിലെത്തിക്കും. വടുതലയിലെ വസതിയില്‍ ബുധനാഴ്ച്ച രാവിലെ 11 മണിവരെയും തുടര്‍ന്ന് എറണാകുളം ടൗണ്‍ഹാളില്‍ മൂന്ന് മണിവരെയും പൊതുദര്‍ശനത്തിന് വെക്കും. മൃതദേഹം സൈമണ്‍ ബ്രിട്ടോയുടെ ആഗ്രഹപ്രകാരം മെഡിക്കല്‍ കോളേജിന് കൈമാറും.

തിങ്കളാഴ്ച്ച വൈകിട്ട് 6.10ന് ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. കഴിഞ്ഞ 25 മുതല്‍ തൃശൂര്‍ പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ എഴുത്തിനായി താമസിക്കുകയായിരുന്നു.

തിങ്കളാഴ്ച്ച രാവിലെ മുതല്‍ തന്നെ വയറിലും നെഞ്ചിനും അസ്വസ്ഥതയുണ്ടായിരുന്നു. വൈകീട്ട് അഞ്ചോടെ വയറ്റില്‍ അസ്വസ്ഥത കൂടിയതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആംബുലന്‍സില്‍ കയറ്റുമ്പോഴും ഇറക്കുമ്പോഴും സംസാരിച്ചിരുന്ന ബ്രിട്ടോ ആശുപത്രിയുടെ അകത്ത് എത്തിയപ്പോഴേക്കും മരിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

1983 ഒക്ടോബര്‍ 14ന് എറണാകുളം ജനറല്‍ ആശുപത്രിയിലെ ഇടനാഴിയില്‍വച്ചാണ് ബ്രിട്ടോയെ കെഎസ്യു നേതാവായിരുന്ന ജിയോ മാത്യു കുത്തിവീഴ്ത്തിയത്. മഹാരാജാസില്‍ കെഎസ്യു അക്രമത്തില്‍ പരിക്കേറ്റ സഹപ്രവര്‍ത്തകരെ കാണാന്‍ ആശുപത്രിയിലെത്തിയതായിരുന്നു ബ്രിട്ടോ.

എല്‍എല്‍ബി വിദ്യാര്‍ഥിയായിരുന്ന സൈമണ്‍ ബ്രിട്ടോ അന്ന് എസ്എഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. നട്ടെല്ലിനു മൂന്നു കുത്തേറ്റ ബ്രിട്ടോയുടെ അരയ്ക്ക് കീഴോട്ട് തളര്‍ന്നു.

എന്നാല്‍ കീഴടങ്ങാന്‍ അദ്ദേഹം തയ്യാറായില്ല. അന്നുമുതല്‍ വീല്‍ചെയറിലായിരുന്നു ജീവിതം. സമരവേദികളിലും സാംസ്‌കാരിക വേദികളിലും ഒരുപോലെ സജീവമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News