ഹര്‍ത്താലിന്റെ മറവില്‍ നാടെങ്ങും കലാപം അഴിച്ചുവിട്ട് സംഘപരിവാര്‍; സിപിഐഎം ഓഫീസുകള്‍ക്ക് നേരെ ആക്രമണം; തവനൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസിന് തീയിട്ടു, വായനശാലയ്ക്കും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തീയിട്ടു

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിന്റെ പേരില്‍ ആര്‍എസ്എസിന്റെയും ബിജെപിയുടെയും പിന്തുണയില്‍ നടക്കുന്ന ഹര്‍ത്താലിന്റെ മറവില്‍ നാടെങ്ങും കലാപം അഴിച്ചുവിടാന്‍ ശ്രമം.

ആസൂത്രണം ചെയ്ത തിരക്കഥയ്ക്കനുസരിച്ചാണ് നാടെങ്ങും കലാപം അഴിച്ചുവിടുന്നത്. സിപിഐഎം ഓഫീസുകള്‍ക്ക് നേരെയും പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയും വ്യാപക ആക്രമണങ്ങളാണ് നടക്കുന്നത്.

തവനൂരില്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി ഓഫീസ് ആര്‍എസ്എസ്-ബിജെപി ഗുണ്ടകള്‍ തീയിട്ടു. ബുധനാഴ്ച രാത്രിയാണ് സംഘി സംഘം ഓഫീസിന് തീയിട്ടത്.

കോഴിക്കോട് വിവിധ ഭാഗങ്ങളില്‍ ആര്‍എസ്എസ്-ബിജെപി ഗുണ്ടകള്‍ വഴി തടയുകയും റോഡുകളില്‍ ടയര്‍ കത്തിച്ച് വാഹനങ്ങള്‍ തിരിച്ചുവിടുകയും ചെയ്യുന്നുണ്ട്.

കൊയിലാണ്ടിയില്‍ സിഐയുടെ വാഹനത്തിന് നേരെ കല്ലേറുണ്ടായി. കെഎസ്ആര്‍ടിസിയുടെയും കാറിന്റെയും ചില്ലുകള്‍ തകര്‍ത്തു. പേരാമ്പ്രയില്‍ കെഎസ്ആര്‍ടിസിക്കു നേരെയും ഡിവൈഎഫ്ഐ ഓഫീസിനു നേരെയും കല്ലേറുണ്ടായി.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേയ്ക്ക് പോകുന്നവര്‍ക്ക് പൊലീസ് വാഹനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസി സര്‍വീസ് നടത്താന്‍ തയ്യാറായാല്‍ സംരക്ഷണം നല്‍കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

കൊട്ടാരക്കര പള്ളിക്കലിലും, കോട്ടാത്തലയിലുമുണ്ടായ ബിജെപി ആക്രമണത്തില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. കോട്ടാത്തലയില്‍ കെഎസ്ആര്‍ടിസി ബസിനു നേരെ കല്ലേറുണ്ടായി.

കണ്ണൂരില്‍ കാറിന് നേരെയുണ്ടായ കല്ലേറില്‍ ചില്ലുകള്‍ തകര്‍ന്നു.

വെണ്ണക്കരിയില്‍ സിപിഐഎം നിയന്ത്രണത്തിലുള്ള വായനശാലയ്ക്ക് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തീയിട്ടു. ബുധനാഴ്ച രാത്രിയാണ് സംഘം വായനശാലയ്ക്ക് തീയിട്ടത്.

അതേസമയം, അക്രമം നടത്തുകയോ സഞ്ചാരം തടസപ്പെടുത്തുകയോ ചെയ്താല്‍ കര്‍ശനനടപടി സ്വീകരിക്കുമെന്ന് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

പൊതുമുതല്‍ നശിപ്പിക്കുന്നവരില്‍ തുല്യമായ തുക ഈടാക്കാന്‍ നിയമനടപടി സ്വീകരിക്കും. ഇവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നോ സ്വത്തുവകകളില്‍നിന്നോ നഷ്ടം ഈടാക്കും.

അക്രമത്തിന് മുതിരുകയോ നിര്‍ബന്ധമായി കടകളും സ്ഥാപനങ്ങളും അടപ്പിക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നവരെ അറസ്റ്റുചെയ്യും. കടകള്‍ തുറന്നാല്‍ സംരക്ഷണം നല്‍കും. ബലം പ്രയോഗിച്ച് കടകള്‍ അടപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും ഡിജിപി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News