ഹര്‍ത്താലിന്‍റെ മറവിലെ ആക്രമണം; അക്രമസംഭവങ്ങളില്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് വിശദ റിപ്പോര്‍ട്ട് നല്‍കും

സംസ്ഥാനത്തെ അക്രമസംഭവങ്ങളില്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് വിശദ റിപ്പോര്‍ട്ട് നല്‍കും. അക്രമ സംഭവങ്ങളുടെ വിശദാംശങ്ങള്‍ ശേഖരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ക്രമസമാധാന നില സംബന്ധിച്ച് ഗവര്‍ണര്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു.

ശബരിമല സ്ത്രീ പ്രവേശനത്തിനു ശേഷം സംസ്ഥാനത്ത് നടന്ന അക്രമങ്ങളുടെ വിശദ വിവരശേഖരണമാണ് സര്‍ക്കാര്‍ ആരംഭിച്ചത്. ഓരോ വിഭാഗത്തിനും നേരേയുമുണ്ടായ അക്രമങ്ങളുടെയും നാശനഷ്ടങ്ങളുടെയും കണക്കെടുപ്പിനാണ് ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്.

വഴിയാത്രക്കാർ, മാധ്യമങ്ങള്‍, പാര്‍ട്ടി ഓഫീസുകള്‍, വാഹനങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ തുടങ്ങി മുഴുവന്‍ വിഭാഗങ്ങള്‍ക്ക് നേരേയും നടന്ന അക്രമങ്ങളുടെ വിശദ കണക്കെടുപ്പ് നടത്താനാണ് തീരുമാനം. ഈ റിപ്പോര്‍ട്ടാകും ഗവര്‍ണര്‍ക്ക് നല്‍കുക. സംസ്ഥാനത്തെ പൊതു ക്രമസമാധാന നില സംബന്ധിച്ചും മുഖ്യമന്ത്രി ഗവര്‍ണറെ ബോധ്യപ്പെടുത്തും.

മുഖ്യമന്ത്രി നേരിട്ട് ഗവര്‍ണറെ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് കൈമാറാനും സാധ്യതയുണ്ട്. ഇന്നലെയാണ് സംസ്ഥാനത്തെ ക്രമസമാധാന നിലയില്‍ ഗവര്‍ണര്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയത്.

ശബരിമലയിലെ യുവതീ പ്രവേശനത്തിനു ശേഷം സംസ്ഥാനത്ത് ബിജെപി – സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ വ്യാപക അക്രമവും പൊതു-സ്വകാര്യ മുതല്‍ നശീകരണവും നടക്കുന്ന സാഹചര്യത്തിലായിരുന്നു നടപടി. സമാധാനം ഉറപ്പുവരുത്താന്‍ എല്ലാ വിഭാഗം ജനങ്ങളും സഹകരിക്കണമെന്നും ഗവര്‍ണര്‍ ആഹ്വാനം ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here