ശ്രീലങ്കന്‍ യുവതിയും ദര്‍ശനം നടത്തി; സന്നിധാനത്ത് എത്തിയത് ഗുരുസ്വാമിക്കൊപ്പം; ദൃശ്യങ്ങള്‍ പീപ്പിളിന്

ശ്രീലങ്കന്‍ യുവതി ശബരിമല ദര്‍ശനം നടത്തിയത്തിന്റെ ദൃശ്യങ്ങള്‍ പീപ്പിള്‍ ടിവി പുറത്ത് വിട്ടു. കഴിഞ്ഞ ദിവസം രാത്രി 10.46ന് ശ്രീകോവിലിന് മുന്നില്‍ ഗുരുസ്വാമിയോടൊപ്പം എത്തിയാണ് ദര്‍ശനം നടത്തിയത്. നാല്‍പ്പത്തിയെഴ് കാരിയായ ശശികലയാണ് കുടുംബത്തോടൊപ്പമെത്തി അയ്യപ്പ ദര്‍ശനം നടത്തി മടങ്ങിയത്.

2019 ജനുവരി 2 പുലര്‍ച്ചെ 3.30ന് സുപ്രീംകോടതി വിധി നടപ്പാക്കി കോഴിക്കോട് – മലപ്പുറം സ്വദേശികളായ ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ ദര്‍ശനം നടത്തി മടങ്ങിയതിന് പിന്നാലെയാണ് ശ്രീലങ്കന്‍ സ്വദേശിയായ ശശികലയുടെ അയ്യപ്പ ദര്‍ശനം. ജനുവരി 3ന് രാത്രി 10.46നും പതിനൊന്നിനുമിടിയിലായിരുന്നു ഈ 47കാരിയുടെ ദര്‍ശനം.

ദര്‍ശനത്തിന്റെ തെളിവായ ദൃശ്യങ്ങളാണ് പീപ്പിള്‍ ടിവി പുറത്ത് വിട്ടത്. ശ്രീകോവിലിന് മുന്നിലെ 19ാം നമ്പര്‍ ക്യാമറയിലെ ദൃശ്യങ്ങളിലാണ് ശശികല ദര്‍ശനം നടത്തി എന്നത് വ്യക്തമാകുന്നത്.

ഹരിവരാസനം പാടി നട അടയ്ക്കുന്നതിന് മുന്‍പായി 10.46നാണ് ദൃശ്യങ്ങളില്‍ ശശികല ഗുരുസ്വാമിയോടൊപ്പമെത്തുന്നത് കാണുന്നത്. നിരവധി അയ്യപ്പഭക്തര്‍ക്കൊപ്പമാണ് ശശികലയും ദര്‍ശനം നടത്തിയത്. എന്നാല്‍ ഭക്തര്‍ ആരും തന്നെ ഇവരെ തിരിച്ചറിഞ്ഞിട്ടും ഒരു തരത്തിലെ പ്രതിഷേധവും ഉണ്ടായില്ല എന്നത് ഏറെ പ്രസക്തമാണ്.

രാത്രി ഏഴരയോടെ പമ്പയിലെത്തിയ ശശികലയും ഭര്‍ത്താവും കുട്ടിയും ഒന്‍പതരയോടെയാണ് സന്നിധാനത്തെയ്ക്ക് പൊലിസ് സുരക്ഷയില്‍ എത്തുന്നത്. പതിനൊന്ന് മണിയോടെ ദര്‍ശനം നടത്തി ഇറങ്ങവെയാണ് ചില പ്രതിഷേധക്കാരുടെ ശ്രദ്ധയില്‍ ഇവര്‍ പെടുന്നത്.

തുടര്‍ന്ന് പൊലീസ് ഇവരെ സുരക്ഷിതമായ സ്ഥാനത്തെയ്ക്ക് മാറ്റുകയായിരുന്നു. ഭര്‍ത്താവിനെയും കുട്ടിയെയും പമ്പ എയ്ഡ് പോസ്റ്റിലെക്കും മാറ്റി. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയോടെയാണ് ശശികല പമ്പയിലെത്തിയത്. ദര്‍ശനം നടത്തിയില്ല എന്നായിരുന്നു ശശികല മാധ്യമങ്ങളോട് പ്രതികരിച്ചത്.

ശശികലയുടെ സുരക്ഷ മുന്‍ നിര്‍ത്തിയാണ് ദര്‍ശനം നടത്താന്‍ സാധിച്ചില്ല എന്ന് അവര്‍ പറഞ്ഞതെന്ന് പിന്നീട് പൊലീസും സ്ഥീരീകരിച്ചു. ദര്‍ശനത്തിന്റെ ദൃശ്യങ്ങള്‍ കൂടി പുറത്ത് വന്നത് പീപ്പിള്‍ വാര്‍ത്തയും ശരിവച്ചു. തുടര്‍ന്ന് പൊലീസ് സുരക്ഷയില്‍ ശശികലയും കുടുംബവും നാട്ടിലെയ്ക്കും മടങ്ങി.

.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here