ഇരട്ടത്താപ്പില്‍ ബി.ജെ.പി; മുംബൈയിലെ കേരള ഹൗസിനു മുന്‍പില്‍ പ്രതിഷേധം നടത്തിയ പ്രാദേശിക പ്രവര്‍ത്തകര്‍ വെട്ടിലായി

ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ചു മുംബൈയില്‍ കേരളാ ഹൗസിന് മുന്‍പില്‍ പ്രതിഷേധം നടത്തിയ മഹാരാഷ്ട്രയിലെ സൗത്ത് ഇന്ത്യന്‍ സെല്‍ പ്രവര്‍ത്തകരാണ് വെട്ടിലായിരിക്കുന്നത്.

ക്ഷേത്രത്തിലെ യുവതി പ്രവേശന വിഷയത്തില്‍ ഇതിനു മുന്‍പ് തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ കോടതി വിധി നടപ്പാക്കിയ സംസ്ഥാനം കൂടിയാണ് മഹാരാഷ്ട്ര.

ബിജെപി സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്ന മഹാരാഷ്ട്രയിലെ 4 ആരാധനാലയങ്ങളിലാണ് കോടതി വിധിയെ തുടര്‍ന്ന് ലിംഗ സമത്വം നടപ്പാക്കിയത്. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനെ പിന്തുണച്ചു കൊണ്ട് ബിജെപി നേതാവ് എം പി ഉദിത് രാജയും പ്രസ്താവന ഇറക്കിയിരുന്നു.

ആര്‍ത്തവ പ്രായത്തിലും സ്ത്രീകള്‍ക്ക് ശബരിമല ക്ഷേത്രം സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയ സുപ്രീംകോടതി വിധിയെ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളും അംബേദ്ക്കര്‍ വിഭാഗവും പിന്തുണക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദിത് രാജ് തന്റെ വാദം മുന്നോട്ടു വച്ചത്. നോര്‍ത്ത്-വെസ്റ്റ് ഡല്‍ഹിയില്‍ നിന്നുള്ള ഉദിത് രാജ ലോകസഭാ എംപി നിലവില്‍ ബിജെപിയുടെ നാഷണല്‍ എക്‌സിക്യുട്ടീവ് അംഗമാണ്.

ഇതിനെല്ലാം പുറമെയാണ് കേന്ദ്രമന്ത്രി സഭയിലെ ഏറ്റവും പ്രമുഖമായ ദളിത് സാന്നിധ്യം രാംവിലാസ് പാസ്വാന്റെ പ്രസ്താവന. ശബരിമലയിലെ സ്ത്രീപ്രവേശനത്തെ താന്‍ അനുകൂലിക്കുന്നതായും സ്ത്രീകള്‍ ബഹിരാകാശത്ത് പോകുന്ന കാലമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ ശബരിമല സ്ത്രീപ്രവേശനത്തെ എതിര്‍ത്തിട്ടില്ലെന്നായിരുന്നു പാസ്വാന്റെ വാദം.

മഹാരാഷ്ട്രയിലെ പ്രസിദ്ധമായ ശനി ഷിങ്ഗ്‌നാപ്പൂര്‍ ക്ഷേത്രത്തിലാണ് സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ട് മുംബൈ ഹൈക്കോടതി വിധി ആദ്യം നടപ്പാക്കിയത്. മുംബൈ നഗരത്തിലെ ചരിത്ര പ്രധാനമായ തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നായ ഹാജി അലി ദര്‍ഗയിലും കോടതി വിധിയെ തുടര്‍ന്ന് സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുകയായിരുന്നു.

അഹമ്മദ്നഗറിലെ ശനി ശിംഘ്നാപുര്‍ ക്ഷേത്രത്തില്‍ സ്ത്രീ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള കോടതി വിധിയില്‍ മഹാരാഷ്ട്രയിലെ എല്ലാ ആരാധനാലയങ്ങളിലും ലിംഗ സമത്വം പാലിക്കണമെന്ന നിര്‍ദേശമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് സ്ത്രീകള്‍ക്ക് വിലക്കുണ്ടായിരുന്ന കോലാപുര്‍ മഹാലക്ഷ്മി ക്ഷേത്രത്തിലും സ്ത്രീ പ്രവേശനത്തിന് ക്ഷേത്രം ഭാരവാഹികള്‍ അനുമതി നല്‍കിയത് .

നൂറ്റാണ്ടുകള്‍ പഴക്കമുള്ള കരിങ്കല്ലില്‍ തീര്‍ത്തിരിക്കുന്ന ത്രയംബകേശ്വര ക്ഷേത്രം മറാത്താ ഹൈന്ദവ വാസ്തുവിദ്യയുടെ ഒരു ഉത്തമ ഉദാഹരണമാണ്. ലിംഗപരമായ വിവേചനം നില നിന്നിരുന്ന ക്ഷേത്രത്തില്‍ ബോംബെ ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് സ്ത്രീകളെ അകത്ത് പ്രവേശിക്കാന്‍ ക്ഷേത്ര ട്രസ്റ്റ് അനുമതി നല്‍കിയത്

സുപ്രീം കോടതി വിധി നടപ്പാക്കാന്‍ മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാര്‍ എടുത്ത നിലപാടിനു വിപരീതമായി ശബരിമല വിഷയത്തില്‍ ബിജെപി സൗത്ത് ഇന്ത്യന്‍ സെല്‍ പ്രവര്‍ത്തകര്‍ മുംബൈയില്‍ നടത്തിയ പ്രതിഷേധ സമരം പാര്‍ട്ടിയുടെ ഇരട്ടത്താപ്പാണ് വ്യക്തമാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News