സാധാരണ കോണ്‍ഗ്രസുകാര്‍ കേരളത്തിലെ നേതൃത്വത്തിനെതിരെ രംഗത്തിറങ്ങണം, രാഹുല്‍ഗാന്ധിയുടെയും സോണിയാഗാന്ധിയുടെയും സമീപനം സ്വാഗതാര്‍ഹം : കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം 1991 ല്‍ പ്രകടമായ കോണ്‍ഗ്രസ്‌ലീഗ്ബിജെപി സഖ്യത്തിന്റെ മറ്റൊരു രൂപം കേരളത്തില്‍ വളരുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസും മുസ്ലീം ലീഗും ബിജെപിയുമായി കൂടുതല്‍ അടുക്കുകയാണ്. മതനിരപേക്ഷത സംരക്ഷിക്കാന്‍ തയ്യാറുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇതിനെ എതിര്‍ക്കണം. കൂടാതെ കോണ്‍ഗ്രസിന്റെ കേന്ദ്രനേതൃത്വം സ്വീകരിച്ചിരിക്കുന്ന നിലപാട് ഉയര്‍ത്തിപ്പിടിച്ച് മു്‌ന്നോട്ടുവരണം. ഇടതുപക്ഷപ്രസ്ഥാനം കോണ്‍ഗ്രസിനകത്തെ മതനിരപേക്ഷത സ്വീകരിക്കുന്നവരെ എല്ലാക്കാലവും പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. സാധാരണ കോണ്‍ഗ്രസുകാര്‍ കേരളത്തിലെ നേതൃത്വത്തിനെതിരെ രംഗത്തിറങ്ങണമെന്നും കോടിയേരി പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളില്‍ സംഘപരിവാര്‍ അഴിച്ചുവിട്ട അക്രമത്തെ അപലപിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായിട്ടില്ല. ഇത് ആര്‍എസ്എസിനെ സഹായിക്കുന്ന നിലപാടാണ്. സ്വാഭാവിക പ്രതികരണമെന്നാണ് അക്രമത്തെക്കുറിച്ച് ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞത്. ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചപ്പോള്‍ യുഡിഎഫ് കരിദിനമാചരിച്ചു. ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സിനുവേണ്ടിയുള്ള യുഡിഎഫിന്റെ ആവശ്യം ആര്‍എസ്എസിനെ സഹായിക്കുന്നതാണ്.

പാര്‍ലമെന്റില്‍ കേരളത്തിലെ കോണ്‍ഗ്രസ് എംപിമാര്‍ കറുത്ത ബാഡ്ജ് വിതരണം ചെയ്തപ്പോള്‍ സോണിയാഗാന്ധി വിലക്കി. സുപ്രീംകോടതി വിധി സ്വാഗതം ചെയ്തുകൊണ്ട് രാഹുല്‍ഗാന്ധി സ്വീകരിച്ചതും ഇതേ സമീപനമാണ്. രാഹുല്‍ഗാന്ധിയുടെയും സോണിയാഗാന്ധിയുടെയും സ്വാഗതാര്‍ഹമായ സമീപനമാണ്. കേരളത്തിലെ കോണ്‍ഗ്രസിന്റെ നിലപാടിനെ കേന്ദ്രനേതൃത്വം തള്ളിപ്പറഞ്ഞിരിക്കുന്നു. കേന്ദ്രനിലപാടിനെ വെല്ലുവിലിച്ചുകൊണ്ടാണ് കെപിസിസിയും പ്രതിപക്ഷനേതാവും പ്രവര്‍ത്തിക്കുന്നത്.

ഒരു സമുദായസംഘടനയുടെ കാര്‍മികത്വത്തില്‍ പുതിയ കേരള കോണ്‍ഗ്രസ് ഉണ്ടാക്കാനാണോ ചെന്നിത്തല ശ്രമിക്കുന്നത്. ശബരിമല സ്ത്രീപ്രവേശനം ചരിത്രപരമെന്ന എഐസിസി നിലപാടില്‍ ഉറച്ചുനില്‍ക്കാതെ കോണ്‍ഗ്രസ് സമുദായ സംഘടനയ്ക്ക് വിധേയമായിട്ടാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനേറ്റ തിരിച്ചടിയാണ് സോണിയാഗാന്ധി ഇന്ന് സ്വീകരിച്ച നിലപാട്. സമുദായസംഘടനയുടെ നിലപാടിന് വിധേയമായിട്ട് പ്രവര്‍ത്തിക്കേണ്ട ആളാണോ രമേശ് ചെന്നിത്തല. എന്‍എസ്എസിന്റെ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറിയായിട്ടാണോ ചെന്നിത്തല പ്രവര്‍ത്തിക്കേണ്ടതെന്ന് കോണ്‍ഗ്രസുകാര്‍ തീരുമാനിക്കണം.

ബിജെപി എംപി വി മുരളീധരന്‍ പരസ്യമായി പറഞ്ഞത് സുപ്രീംകോടതിവിധി നടപ്പിലാക്കാനും സ്ത്രീകള്‍ക്ക് സംരക്ഷണം കൊടുക്കാനും സംസ്ഥാന സര്‍ക്കാരിന് ബാധ്യതയുണ്ടെന്നാണ്. ഇത് ബിജെപി നടത്തുന്ന പ്രചരണത്തിന് തിരിച്ചടിയാണ്. കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാനും സുപ്രീംകോടതിവിധിയെ സ്വാഗതം ചെയ്തു. എന്നാല്‍ ഒരു വിഭാഗം ബിജെപി നേതൃത്വം കേരളത്തില്‍ കലാപം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ്.

സോഷ്യല്‍മീഡിയ വഴി ശബരിമലെ തകര്‍ക്കണമെന്ന പ്രചരണമാണ് സംഘപരിവാര്‍ നടത്തുന്നത്. ആര്‍എസ്എസിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങള്‍ മാത്രമേ വരാവൂ എന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. ശബരിമല ആര്‍എസ്എസ് നിയന്ത്രണത്തില്‍ നില്‍ക്കുന്ന ക്ഷേത്രമല്ല. ഇത് ആസൂത്രിതമായ പ്രവര്‍ത്തനമാണ്. കേരളത്തില്‍ കലാപമുണ്ടാക്കണമെങ്കില്‍ സിപിഐ എമ്മിനെ ദുര്‍ബലപ്പെടുത്തണമെന്ന് ആര്‍എസ്എസിന് അറിയാം. ആ ലക്ഷ്യത്തോടെയാണ് ഇന്നലെ അക്രമം അഴിച്ചുവിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News