ദേശീയ പണിമുടക്ക്; കുത്തക വര്‍ഗങ്ങളെ സഹായിക്കുന്ന നവലിബറല്‍ നയങ്ങളെ പരാജയപ്പെടുത്താന്‍ കഴിയുന്ന ഉജ്ജ്വല ജനകീയ പോരാട്ടമായി ഈ സമരം മാറുമെന്ന് എളമരം കരീം

ജനുവരി 8നും 9നും ഇന്ത്യയിലെ തൊഴിലാളികള്‍ രാജ്യവ്യാപകമായി പണിമുടക്കുകയാണ്. കുത്തക വര്‍ഗങ്ങളെ മാത്രം സഹായിക്കുന്ന നവലിബറല്‍ നയങ്ങളെ പരാജയപ്പെടുത്താന്‍ കഴിയുന്ന ഉജ്ജ്വല ജനകീയ പോരാട്ടമായി ഈ സമരം മാറുമെന്ന് എളമരം കരീം.

(സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീമിന്റെ ലേഖനത്തിന്റെ പൂര്‍ണ്ണരൂപം)

ജനുവരി 8നും 9നും ഇന്ത്യയിലെ തൊഴിലാളികള്‍ രാജ്യവ്യാപകമായി പണിമുടക്കുകയാണ്. കോര്‍പറേറ്റ് അനുകൂലവും രാജ്യദ്രോഹപരവും ജനവിരുദ്ധവുമായ കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ രാജ്യമാകെയുള്ള തൊഴിലെടുക്കുന്ന ജനങ്ങളുടെ ജീവനോപാധികള്‍ തകര്‍ക്കുകയാണ്.

ഈ നയങ്ങള്‍ക്കെതിരെ മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വിവിധ പ്രക്ഷോഭങ്ങള്‍ തൊഴിലാളികള്‍ സംഘടിപ്പിച്ചു എങ്കിലും സര്‍ക്കാര്‍ അതൊന്നും ഗൗനിക്കാന്‍ സന്നദ്ധമായില്ല. ഈ സാഹചര്യത്തിലാണ് 2018 സെപ്തംബര്‍ 28ന് ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും ബാങ്ക് ഇന്‍ഷുറന്‍സ് ജീവനക്കാരുടെയും കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ഫെഡറേഷനുകളുടെയും കണ്‍വന്‍ഷന്‍ ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തത്. തൊഴിലില്ലായ്മ പരിഹരിക്കുക, തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുക തുടങ്ങിയ 12 ഇന ആവശ്യമാണ് കണ്‍വന്‍ഷന്‍ ഉന്നയിച്ചത്.

ഇതിനുപുറമെ കേന്ദ്ര സംസ്ഥാന സര്‍വീസില്‍ നടപ്പാക്കിയ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കുക, വൈദ്യുതി മേഖലയുടെയും ട്രാന്‍സ്‌പോര്‍ട് മേഖലയുടെയും സമ്പൂര്‍ണ സ്വകാര്യവല്‍ക്കരണ നീക്കം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങളും കണ്‍വന്‍ഷന്‍ മുന്നോട്ടുവച്ചു. ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ തറവില നിശ്ചയിക്കണമെന്ന കര്‍ഷകരുടെ ആവശ്യത്തിന് ട്രേഡ് യൂണിയനുകളുടെ കണ്‍വന്‍ഷന്‍ പിന്തുണ പ്രഖ്യാപിച്ചു.

മേല്‍പ്പറഞ്ഞ ആവശ്യങ്ങളുയര്‍ത്തി രാജ്യമാകെ പ്രചാരണങ്ങള്‍ സംഘടിപ്പിച്ചു. തൊഴിലാളികള്‍ പണിമുടക്ക് വമ്പിച്ച വിജയമാക്കാനുള്ള പരിശ്രമത്തിലാണ്.

തൊഴിലാളികളെ പാര്‍ശ്വവല്‍ക്കരിക്കുന്നു

മോഡി സര്‍ക്കാര്‍ രാജ്യത്തെ തൊഴിലാളിവര്‍ഗത്തിനുമേല്‍ നിഷ്ഠൂരമായ കടന്നാക്രമണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. യഥാര്‍ഥ കൂലി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. തൊഴില്‍നിയമങ്ങള്‍ മുതലാളി വര്‍ഗത്തിനനുകൂലമായി മാറ്റംവരുത്തിക്കൊണ്ടിരിക്കുന്നു. സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ വികസനത്തിന് നിര്‍ണായക പങ്കുവഹിച്ച പൊതുമേഖലാ വ്യവസായങ്ങള്‍ സ്വകാര്യവല്‍ക്കരിച്ചുകൊണ്ടിരിക്കുന്നു. ദേശീയ അജന്‍ഡയില്‍നിന്ന് തൊഴിലാളികളെ ബോധപൂര്‍വം പാര്‍ശ്വവല്‍ക്കരിക്കുകയാണ്.

പ്രതിമാസം 18,000 രൂപ മിനിമം കൂലി നിശ്ചയിക്കണമെന്ന് ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. സുപ്രീംകോടതി ശരിവച്ച നിര്‍ദേശമാണിത്. ഈ ആവശ്യമുന്നയിച്ച് തൊഴിലാളികള്‍ നടത്തിയ പ്രക്ഷോഭങ്ങളെ കേന്ദ്ര സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിച്ചു. രാജ്യത്തെ ഭൂരിഭാഗം തൊഴിലാളികള്‍ക്കും ലഭിക്കുന്ന കൂലി പ്രതിമാസം 6,000 ത്തിനും 10,000 നും ഇടയിലാണ്. ഫലത്തില്‍ കൂലി മരവിപ്പിക്കപ്പെട്ടിരിക്കുകയാണ്.

പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരില്‍ പകുതിയോളം കരാര്‍ താല്‍ക്കാലിക തൊഴിലാളികളാണ്. സ്ഥിരം തൊഴിലാളികള്‍ക്കു നല്‍കുന്ന വേതനത്തിന്റെ 30 ശതമാനംമുതല്‍ 50 ശതമാനംവരെയാണ് ഈ വിഭാഗത്തിന് ലഭിക്കുന്നത്. നിയമപരമായ അവകാശങ്ങള്‍ പലതും ഇവര്‍ക്കു ലഭിക്കുന്നില്ല. തുല്യജോലിക്ക് തുല്യവേതനം നല്‍കണമെന്ന സുപ്രീംകോടതിയുടെ 2016 ലെ വിധി നടപ്പാക്കപ്പെടുന്നില്ല. സര്‍ക്കാരാകട്ടെ ഒരു നടപടിയും സ്വീകരിക്കുന്നുമില്ല.

രാജ്യത്തെ തൊഴിലാളികളില്‍ 93 ശതമാനവും നിര്‍മാണം, റോഡ് ട്രാന്‍സ്‌പോര്‍ട്, ഹോട്ടലുകള്‍, വാണിജ്യ സ്ഥാപനങ്ങള്‍, ഗൃഹാടിസ്ഥാനത്തില്‍ തൊഴില്‍ ചെയ്യുന്നവര്‍ തുടങ്ങിയ ഈ വിഭാഗത്തെയാണ് അസംഘടിത മേഖലാ തൊഴിലാളികള്‍ എന്ന് വിളിക്കുന്നത്. ഇവരുടെ കൂലി വളരെ കുറഞ്ഞതാണ്. തൊഴില്‍ സാഹചര്യങ്ങള്‍ തീരെ മോശപ്പെട്ടതാണ്.

കേന്ദ്ര സര്‍ക്കാരിന്റെ വിവിധ സ്‌കീമുകളില്‍ ജോലി ചെയ്യുന്ന ഒരു കോടിയോളം തൊഴിലാളികളുണ്ട്. അവരില്‍ മഹാഭൂരിപക്ഷവും സ്ത്രീകളാണ്. അങ്കണവാടി, ആശ, സ്‌കൂള്‍ ഉച്ചഭക്ഷണം, എന്‍എച്ച്എം തുടങ്ങിയ പദ്ധതികളില്‍ തൊഴിലെടുക്കുന്നവരെ തൊഴിലാളികള്‍ എന്ന് സര്‍ക്കാരുകള്‍ കണക്കാക്കുന്നില്ല. വളന്റിയര്‍മാര്‍ എന്നു കണക്കാക്കി തുച്ഛമായ ഓണറേറിയം ആണ് നല്‍കുന്നത്. ഈ പദ്ധതികള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കവും നടന്നുവരുന്നു.

ജനങ്ങളുടെ ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്നു

വര്‍ഷംതോറും 2 കോടിവീതം പുതിയ തൊഴില്‍ സൃഷ്ടിക്കുന്ന മോഡിയുടെ വാഗ്ദാനം നടപ്പായില്ല. മേക്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ തുടങ്ങിയ വാചകമടി മാത്രമാണ് നടന്നത്. പൊതുമേഖലയുടെ സ്വകാര്യവല്‍ക്കരണം വളരെ വേഗതയിലാണ് നടക്കുന്നത്. 1.96 ലക്ഷംകോടി രൂപ വിലയുള്ള പൊതുമേഖലാ ആസ്തികള്‍ സ്വകാര്യ മുതലാളിമാര്‍ക്ക് വിറ്റുകഴിഞ്ഞു. ഒരു ദശകക്കാലം യുപിഎ സര്‍ക്കാര്‍ വിറ്റതിനേക്കാള്‍ കൂടുതലാണിത്.

റെയില്‍വേയുടെ സ്വകാര്യവല്‍ക്കരണ നീക്കം ദ്രുതഗതിയിലാണ് നടക്കുന്നത്. നിലവിലുള്ള റെയില്‍വേ ട്രാക്കിലൂടെ സ്വകാര്യ ട്രെയിനുകള്‍ ഓടിക്കാന്‍ അനുമതി നല്‍കിക്കഴിഞ്ഞു. റെയില്‍വേയില്‍ ഒഴിവുകള്‍ നികത്താതെ ജോലികള്‍ കരാര്‍ നല്‍കുകയാണ്.

പെട്രോള്‍ ഡീസല്‍ വിലവര്‍ധന എല്ലാ അവശ്യസാധനങ്ങളുടെയും വില കുതിച്ചുയരാന്‍ ഇടയാക്കി. നോട്ടു നിരോധനവും അശാസ്ത്രീയമായ ജിഎസ്ടിയും നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ സൃഷ്ടിച്ച പ്രതിസന്ധിയെ മൂര്‍ച്ഛിപ്പിച്ചു. നോട്ട് നിരോധനത്തിന്റെ ഭാഗമായി രാജ്യത്താകെ 2.34 ലക്ഷം ചെറുകിട വ്യവസായം അടച്ചുപൂട്ടി.

70 ലക്ഷം പേര്‍ക്കാണ് ഇതുമൂലം തൊഴില്‍ നഷ്ടപ്പെട്ടത്. വൈദ്യുതിമേഖലയും ഗതാഗതമേഖലയും സമ്പൂര്‍ണ സ്വകാര്യവല്‍ക്കരണം ലക്ഷ്യംവച്ചുള്ള നിയമനിര്‍മാണം നടത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. ഇതിനെതിരെ തൊഴിലാളികള്‍ ഒറ്റക്കെട്ടായി പ്രക്ഷോഭത്തിലാണ്.

2003 ലെ ബിജെപി സര്‍ക്കാര്‍ നടപ്പാക്കിയ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി റിട്ടയര്‍ ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാരെ ദുരിതത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. 2004 ഏപ്രില്‍ 1 മുതല്‍ നടപ്പായ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ബംഗാള്‍ ഒഴികെയുള്ള എല്ലാ സംസ്ഥാന സര്‍ക്കാരുകളും നടപ്പാക്കിക്കഴിഞ്ഞു. കേരളത്തില്‍ 2013 ല്‍ യുഡിഎഫ് സര്‍ക്കാരാണ് പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കിയത്. ഈ പദ്ധതി പുനഃപരിശോധിക്കാന്‍ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചത് ഈ സാഹചര്യത്തില്‍ അഭിനന്ദനീയമാണ്.

ബിജെപി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ തൊഴിലാളികളും കര്‍ഷകരും മറ്റു ജനവിഭാഗങ്ങളും രാജ്യത്താകെ വലിയ സമരങ്ങള്‍ നടത്തിവരികയാണ്.

ഈ സാഹചര്യത്തില്‍ ജനങ്ങളുടെ ഐക്യം തകര്‍ക്കാനും വര്‍ഗീയധ്രുവീകരണം സൃഷ്ടിക്കാനും സംഘപരിവാര്‍ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കേരളത്തില്‍ ശബരിമലയെ അടിസ്ഥാനമാക്കി സംഘപരിവാറും കോണ്‍ഗ്രസും നടത്തുന്ന അക്രമങ്ങളും നുണപ്രചാരണങ്ങളും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ദുര്‍ബലമാക്കുക എന്ന ലക്ഷ്യംവച്ചാണ്.

അധ്വാനിക്കുന്ന മുഴുവന്‍ ജനങ്ങളും ഒറ്റക്കെട്ടായി അണിനിരക്കേണ്ട ഈ സാഹചര്യത്തില്‍ എല്ലാവിധ വിഭാഗീയ വിഘടന പ്രവര്‍ത്തനങ്ങളെയും പരാജയപ്പെടുത്താനാകണം. 8നും 9നും നടക്കുന്ന ദേശീയ പണിമുടക്ക് കുത്തക വര്‍ഗങ്ങളെമാത്രം സഹായിക്കുന്ന നവ ലിബറല്‍ നയങ്ങളെ പരാജയപ്പെടുത്താന്‍ കഴിയുന്ന ഉജ്വല ജനകീയ പോരാട്ടമായി മാറുമെന്ന് തീര്‍ച്ചയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News