പാത്താമുട്ടം പള്ളി പ്രശ്‌നം കോണ്‍ഗ്രസ് സ്‌പോണ്‍സേഡ് പ്രോഗ്രാം: സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍

പാത്താമുട്ടം കൂമ്പാടി സെന്റ് പോള്‍സ് ആംഗ്ലിക്കന്‍ പള്ളിയ്ക്കും കരോള്‍ സംഘത്തിനും നേരെ ഡിവൈഎഫ്‌ഐ ആക്രമണമെന്നും, ചില കുടുംബങ്ങള്‍ക്ക് ഊരുവിലക്ക് എന്നും പ്രചരിപ്പിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. ഇത് കോണ്‍ഗ്രസ് സ്‌പോണ്‍സേഡ് പ്രോഗ്രാമാണ്.

ഡിസംബര്‍ 23ന് രാത്രിയില്‍ മുപ്പതോളം വരുന്ന കരോള്‍സംഘം പാത്തമുട്ടം മുട്ടുചിറ കോളനിയില്‍ എത്തിയപ്പോള്‍ പരിസരത്ത് ഉണ്ടായിരുന്ന കൗമാരക്കാരയവര്‍ ഉള്‍പ്പെടെ മൂന്നുനാലു യുവാക്കള്‍ സംഘത്തോടൊപ്പം പാട്ടുപാടാന്‍ ശ്രമിച്ചെന്ന ആക്ഷേപം ഉന്നയിച്ച് കരോള്‍സംഘത്തിലെ ചിലര്‍ ഇവരെ ആക്രമിച്ചു.

കരോള്‍ സംഘത്തിലെ ചിലരുടെ കൈവശം കമ്പിവടിയും മറ്റു മാരകായുധങ്ങളും ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നുണ്ട്. ഇവരുടെ ആക്രമണത്തില്‍ പരിക്കേറ്റ നാലു യുവാക്കള്‍ കോട്ടയം ജനറല്‍ ആശുപത്രിയില്‍ അന്നുരാത്രി 10.30 മണിയോടുകൂടി ചികിത്സ തേടി. പരിക്കേറ്റവരുടെ ബന്ധുക്കളില്‍ ചിലര്‍ ഇവരെ ആക്രമിച്ചവരില്‍ ഒരാളുടെ വീട്ടില്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ എത്തിയപ്പോള്‍ ആ വീട്ടുകാരുമായി വഴക്കുണ്ടായി. ഇതേത്തുടര്‍ന്ന് വീട്ടുകാരില്‍ ഒരാള്‍ സമീപത്തെ പള്ളിയിലേയ്ക്ക് ഓടിക്കയറി. തുടര്‍ന്ന് ഇയാളുടെയും പള്ളി സെക്രട്ടറിയുടെയും നേതൃത്വത്തില്‍ പള്ളിയ്ക്കുള്ളിലെ കസേരകള്‍ തല്ലിപ്പൊട്ടിക്കുകയും ആഹാരപദാര്‍ഥങ്ങള്‍ വിതറുകയുമായിരുന്നു.

പൊലീസ് സ്ഥലത്ത് എത്തിയപ്പോള്‍ പള്ളി ആക്രമിച്ചെന്ന് കള്ളമൊഴി നല്‍കി. എന്നാല്‍, പൊലീസിന് വസ്തുതകള്‍ മനസിലായി.
സംഭവം നടന്ന 23ാം തീയതിയോ തുടര്‍ന്ന് 24 തീയതിയോ ‘ഊരുവിലക്ക്’ എന്ന് പറയുന്ന കുടുംബങ്ങള്‍ പള്ളിയില്‍ താമസിച്ചിട്ടില്ല. വാര്‍ഡ് മെമ്പറുടെ സാന്നിദ്ധ്യത്തില്‍ ഇരുകൂട്ടരും പ്രശ്‌നം പറഞ്ഞു തീര്‍ക്കുവാന്‍ ഇരുന്ന സാഹചര്യത്തിലാണ് സ്ഥലം എം.എല്‍.എ ഇവരെ സന്ദര്‍ശിക്കുന്നത്. തുടര്‍ന്നാണ് ഊരുവിലക്ക് എന്ന ആരോപണം ഉന്നയിക്കപ്പെടുന്നത്.

ഡിവൈഎഫ്‌ഐ യെ ഈ ആരോപണത്തിലേയ്ക്ക് വലിച്ചിഴയ്ക്കുന്നതും ഇതോടെയാണ്. പ്രതികളെന്ന് ആരോപിക്കപ്പെടുന്നവരെ ഡിവൈഎഫ്‌ഐ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണ്. പ്രതികളാക്കപ്പെട്ടവരുടെ പേരില്‍ 452, 354 തുടങ്ങിയ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസ് എടുത്ത് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയാണുണ്ടായത്. പരിക്കേറ്റ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ കോട്ടയം ജനറല്‍ ആശുപത്രിയില്‍ രാത്രി 10 മണിക്ക് പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ ചികിത്സ തേടിയവര്‍ പള്ളി ആക്രമിച്ചെന്ന് പറയുന്നത് തികച്ചും വാസ്തവവിരുദ്ധമാണ്. രാത്രി 10.30ന് പള്ളി ആക്രമിച്ചെന്നായിരുന്നു പരാതിക്കാരുടെ ആക്ഷേപം. പൊലീസ് അറ്‌സറ്റ് ചെയ്തവര്‍ക്ക് കോടതിയാണ് ആദ്യം താല്‍ക്കാലിക ജാമ്യവും പിന്നീട് സ്ഥിരജാമ്യവും നല്‍കിയത്.

പ്രതികളെന്ന് പറയപ്പെടുന്നവര്‍ക്ക് പനച്ചിക്കാട്, കുറിച്ചി എന്നീ പഞ്ചായത്തുകളില്‍ പ്രവേശിക്കരുത് എന്ന വ്യവസ്ഥയോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ഇവരാരും ഈ പ്രദേശത്ത് പിന്നീട് പ്രവേശിച്ചിട്ടില്ല. പിന്നെ ഇവര്‍ക്ക് ഈ കുടുംബങ്ങളെ എങ്ങനെ തടഞ്ഞുവെയ്ക്കാനാകും.? മാത്രവുമല്ല 23 മുതല്‍ പള്ളി പോലീസ് സംരക്ഷണയിലുമാണ്. ഈ പള്ളിക്ക് അടച്ചുറപ്പോ ശുചിമുറികളോ ഇല്ല. ഈ സ്ഥലത്താണ് ഊരുവിലക്കു മൂലം ഇവര്‍ ദിവസങ്ങളായി താമസിക്കുന്നു എന്ന് പ്രചരിപ്പിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സമീപവാസികളായ ഇവര്‍ മാധ്യമ പ്രവര്‍ത്തകരോ രാഷ്ട്രീയ നേതാക്കളോ എത്തുമ്പോള്‍ മാത്രമാണ് പള്ളിയില്‍ എത്തുന്നത് എന്ന് സമീപവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു.
സ്വഭാവദൂഷ്യത്തെ സംബന്ധിച്ച് പള്ളിയ്ക്ക് സമീപം താമസിക്കുന്ന ഒരു യുവതി ബിഷപ്പിന് നല്‍കിയ പരാതിയെ തുടര്‍ന്ന് അന്വേഷണം നടത്തി ഈ പള്ളിയുടെ ചുമതലയില്‍ നിന്നും, വൈദിക സ്ഥാനത്തു നിന്നും മാറ്റി നിര്‍ത്തപ്പെട്ട അച്ചനും, അദ്ദേഹത്തിന്റെ സഹോദര പുത്രനും, നിലവില്‍ പള്ളി സെക്രട്ടറിയായ വ്യക്തിയും എംഎല്‍എയും ചേര്‍ന്നാണ് ഈ രാഷ്ട്രീയനാടകത്തിന് തിരക്കഥ ഒരുക്കിയത്. 2013 ല്‍ ഈ വൈദികന് എതിനെതിരെ യുവതി ചിങ്ങവനം എസ്.ഐ ക്ക് പരാതി നല്‍കിയെങ്കിലും പോലീസ് നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് യുവതി ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. ഈ പരാതി തുടരന്വേഷണത്തിന് ചങ്ങനാശ്ശേരി സി.ഐക്ക് കൈമാറി. എന്നാല്‍ അന്നത്തെ ‘ഭരണതലങ്ങളിലെ ഇടപെടല്‍ മൂലം ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് എടുക്കുന്നതിനു പകരം, വൈദികനെയും പരാതിക്കാരിയായ യുവതിയെയും ചങ്ങനാശേരി സിഐ ഓഫീസില്‍ വിളിച്ചുവരുത്തി സംഭവം ഒതുക്കി തീര്‍ക്കുകയാണ് ചെയ്തത്. ഈ കാലയളവില്‍ സ്ഥലം എംഎല്‍എ യായിരുന്നു ആഭ്യന്തര വകുപ്പ് മന്ത്രി. വൈദികന് എതിരെ പരാതി നല്‍കിയ യുവതിയുടെ മകന്‍ സ്ഥലത്തില്ലായിരുന്നിട്ട് കൂടി ഇപ്പോള്‍ നടന്ന സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ടത് മുന്‍വൈരാഗ്യത്തിന്റെ ഭാഗമായാണ്. വൈദികന് അന്ന് നല്‍കിയ സഹായത്തിന് പ്രത്യുപകാരം എന്ന നിലയിലാണ് ഈ സംഭവത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ആരോപണ വിധേയനായ വൈദികനും പള്ളി സെക്രട്ടറിയും കൂട്ട് നില്‍ക്കുന്നത്.

ഇതാണ് വസ്തുതകളെന്ന് പ്രദേശത്ത് എത്തുന്ന ഏതൊരാള്‍ക്കും മനസിലാക്കാനാവും. ഈ പ്രദേശത്ത് ആകെയുള്ള 80 വീട്ടുകാരില്‍ 74 വീട്ടുകാരും പള്ളി ആക്രമിച്ചു എന്നതും പള്ളിയില്‍ തടഞ്ഞുവെച്ചുവെന്നതുമായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഇത് എവിടെ പറയാനും തയാറാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. കള്ളപ്രചാരണങ്ങളിലൂടെ പ്രദേശത്തെ സൈ്വരജീവിതം തകര്‍ക്കുന്നുവെന്ന് കാണിച്ച് പ്രദേശവാസികള്‍ മുഖ്യമന്ത്രിയ്ക്കും ജില്ലാ പൊലീസ് മേധാവിയ്ക്കും കൂട്ടപരാതി നല്‍കിയിട്ടുമുണ്ട്. വ്യാജപ്രചാരണത്തിലൂടെ പ്രദേശത്തെ ജനങ്ങളെ അപമാനിക്കുകയാണെന്നും പരാതിയിലുണ്ട്. പ്രദേശത്ത് സൈ്വരജീവിതവും സമാധാനവും ഉറപ്പാക്കണം. എംഎല്‍എ ബഹുജനാഭിപ്രായം മാനിക്കണം. സങ്കുചിത രാഷ്ട്രീയ താല്‍പര്യം വെടിഞ്ഞ്‌സൈ്വരജീവിതം ഉറപ്പാക്കാന്‍ എംഎല്‍എ മുന്നോട്ടു വരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News