വനിത മതില്‍ ഏറെ പ്രാധാന്യമുള്ളതായിരുന്നുവെന്ന് ഡോ. മീനാക്ഷി ഗോപിനാഥ്; ഉന്നത വിദ്യാഭ്യാസ രംഗത്ത് ലിംഗനീതിയെക്കുറിച്ചുള്ള നാല് ദിവസത്തെ ശില്‍പശാലയ്ക്ക് സെന്റ് തെരേസാസ് കോളേജില്‍ തുടക്കമായി

കൊച്ചി: ഭരണഘടന ഉറപ്പുനല്‍കുന്ന സ്ത്രീസമത്വം എന്ന ആശയം ഉയര്‍ത്തിപ്പിടിക്കുന്നതിന് കേരളത്തില്‍ ഈയിടെ സംഘടിപ്പിച്ച വനിതാ മതില്‍ ഏറെ പ്രാധാന്യമുള്ളതായിരുന്നുവെന്ന് വിമെന്‍ ഇന്‍ സെക്യൂറിറ്റി, കോണ്‍ഫ്‌ളിക്റ്റ് മാനേജ്‌മെന്റമെന്റ് ആന്‍ഡ് പീസ് (WISCOMP) സ്ഥാപകയും ഡയറക്ടറുമായ ഡോ. മീനാക്ഷി ഗോപിനാഥ് പറഞ്ഞു.

തിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുടെ നേതൃത്വത്തിലുള്ള ഫൗണ്ടേഷന്‍ ഫോര്‍ യൂണിവേഴ്‌സല്‍ റെസ്‌പോണ്‍സിബിലിറ്റിയുടെ സംരംഭമായ വിസ്‌കോംപിന്റെ സഹകരണത്തോടെ സെന്റ് തെരേസാസ് കോളേജില്‍ ‘ജെന്‍ഡര്‍ ഇക്വിറ്റി ആന്‍ഡ് ഇന്‍ക്ലൂഷന്‍: ട്രാന്‍സ്‌ഫോര്‍മേറ്റിവ് പാത്‌വേസ് ഇന്‍ ഹയര്‍ എഡ്യുക്കേഷന്‍’ എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന നാല് ദിവസത്തെ ശില്‍പശാലയുടെ ഉദ്ഘാടന സെഷനില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ഉന്നത വിദ്യാഭ്യാസ രംഗത്ത് ലിംഗനീതി ഉറപ്പുവരുത്തുവാന്‍ ആശയവിനിമയത്തിനുള്ള സാഹചര്യം സൃഷ്ടിക്കുകയെന്നത് അനിവാര്യമാണെന്നും അവര്‍ പറഞ്ഞു. സ്ത്രീകള്‍ ഇരയെന്ന പദവിയില്‍ നിന്നും പുറത്തുവരേണ്ടതുണ്ട്.

സ്വന്തം വ്യക്തിത്വം അടയാളപ്പെടുത്തുന്നതിനൊപ്പം സമൂഹത്തിലെ പാര്‍ശ്വവല്‍കൃതരുടെ വ്യക്തിത്വങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള നടപടികളിലും സ്ത്രീകള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.

ചില പഴഞ്ചന്‍ ധാരണകള്‍ മാറ്റാന്‍ ജെന്‍ഡര്‍ ഓഡിറ്റ് അനിവാര്യമാണ്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജെന്‍ഡര്‍ ഓഡിറ്റിന് തയ്യാറാകണമെന്നും ഡോ. മീനാക്ഷി ഗോപിനാഥ് ആവശ്യപ്പെട്ടു.

മികച്ച നിലയില്‍ ഉന്നത വിദ്യാഭ്യാസം നേടുന്ന സ്ത്രീകളില്‍ പലരും പിന്നീട് നിഷ്‌ക്രിയരാകുകയാണെന്ന് ചടങ്ങില്‍ സംസാരിച്ച സെന്റ് തെരേസാസ് കോളേജ് ഡയറക്ടര്‍ സിസ്റ്റര്‍ വിനിത പറഞ്ഞു.

ഈ സ്ഥിതിക്ക് മാറ്റം വരേണ്ടതുണ്ട്. ലോക ജനസംഖ്യയില്‍ ഏതാണ്ട് തുല്യ നിരക്കിലുള്ള പുരുഷനും സ്ത്രീയും ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോഴാണ് പരിഷ്‌കൃത സമൂഹം പൂര്‍ണമാകുന്നതെന്നും അവര്‍ പറഞ്ഞു.

സെന്റ് തെരേസാസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സജിമോള്‍ അഗസ്റ്റിന്‍, അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ലത നായര്‍ എന്നിവരും ചടങ്ങില്‍ സംസാരിച്ചു.

തുടര്‍ന്ന് നടന്ന സെഷനുകളില്‍ ഇന്ത്യയിലെ വനിതകളും വിദ്യാഭ്യാസവും എന്ന വിഷയത്തില്‍ ഡല്‍ഹി അംബേദ്കര്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ഹ്യൂമന്‍ സയന്‍സസ് ഡീന്‍ ഡോ. കൃഷ്ണാ മേനോനും ഉന്നത വിദ്യാഭ്യാസ രംഗത്തെ സംഘടനാ മാറ്റങ്ങളെ നിരീക്ഷിക്കാനും വിലയിരുത്താനുമുള്ള ഉപയോഗപ്രദമായ ഉപകരണമെന്ന നിലയില്‍ ജെന്‍ഡര്‍ ഓഡിറ്റ് എന്ന വിഷയത്തില്‍ കൊളംബിയ യൂണിവേഴ്‌സിറ്റിയിലെയും ഡ്രെക്‌സല്‍ യൂണിവേഴ്‌സിറ്റിയിലെയും പ്രൊഫസറായ ഡോ. ക്രിസ്റ്റി കെല്ലിയും പ്രഭാഷണം നടത്തി.

ഞായറാഴ്ച ഉച്ചയ്ക്ക് 2.15-ന് ബാറ്റ്‌ലിങ് ഇന്‍ജസ്റ്റിസ്: ഡീമിസ്റ്റിഫൈയിങ് ദ ലോ ഫോര്‍ വിമെന്‍ എന്ന വിഷയത്തില്‍ പ്രമുഖ അഭിഭാഷകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ വൃന്ദ ഗ്രോവര്‍ പ്രഭാഷണം നടത്തും.

ഡല്‍ഹിയിലെ യുഎസ് എംബസിയിലെ പബ്ലിക് അഫേഴ്‌സ് സെക്ഷന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ‘ഹംസ: കാമ്പസ് ഇക്വിറ്റി ഇനീഷ്യേറ്റിവ്’ എന്ന പദ്ധതിയുടെ ഭാഗമായാണ് ശില്‍പശാല സംഘടിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News