ആസിഡ് ബിജുവിന് പ്രിയം സ്ത്രീകളുടെ മാല; പൊലീസിനെ വട്ടം കറക്കിയ പ്രതി പിടിയില്‍

കോഴിക്കോട് ജില്ലയില്‍ പൊലീസിനെ വട്ടംച്ചുറ്റിച്ച മാല മോഷ്ടാവ് ആസിഡ് ബിജു പിടിയില്‍. എറണാകുളം കോതമംഗലം സ്വദേശി ആസിഡ് ബിജു എന്നറിയപ്പെടുന്ന മണ്‍കുഴികുന്നേല്‍ ബിജു(44) വാണ് പിടിയിലായത്.

കൊടുവള്ളി സിഐ പി ചന്ദ്രമോഹനും എസ്ഐ പ്രജീഷും വാഹന പരിശോധന നടത്തുന്നതിനിടെ പുലര്‍ച്ചെ അഞ്ചോടെ ഓമശ്ശേരി ടൗണില്‍ വെച്ചാണ് പ്രതിയെ പിടികൂടിയത്.

തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഏറെനാളായി വിവിധ സ്ഥലങ്ങളില്‍ നടന്നു വന്ന മോഷണ പരമ്പരയുടെ ചുരുളഴിയുന്നത്.

കഴിഞ്ഞ ഡിസംബര്‍ എട്ടിന് രാത്രി 11 മണിയോടെ ഓമശ്ശേരി അമ്പലക്കണ്ടിയിലുള്ള വീട്ടില്‍ ഉറങ്ങികിടക്കുകയായിരുന്ന സ്ത്രീയുടെ കഴുത്തില്‍ കിടന്ന ആറു പവനോളം തൂക്കം വരുന്ന രണ്ട് മാല മോഷ്ടിച്ചതോടുകൂടിയാണ് സംഭവങ്ങളുടെ തുടക്കം.

തുടര്‍ന്ന് അന്നേ ദിവസം തന്നെ സമീപത്തുള്ള നിരവധി വീടുകളിലും കവര്‍ച്ചാശ്രമം നടന്നിരുന്നു. പിന്നീട് ഡിസംബര്‍ 19ന് പിലാശ്ശേരിയിലുള്ള വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിയിരുന്ന സ്ത്രീയുടെ മൂന്നു പവനോളം തൂക്കം വരുന്ന മാലയും ബ്രേയ്‌സ്‌ലെറ്റും പ്രതി മോഷ്ടിച്ചിരുന്നു.

ബാലുശ്ശേരി പറമ്പിന്റെ മുകളിലുള്ള വീട്ടില്‍ നിന്ന് ഒമ്പത് പവനും, കൊടുവള്ളി നരിക്കുനി റോഡിലുള്ള വീട്ടില്‍ നിന്ന് ഉറങ്ങിക്കിടന്ന യുവതിയുടെ കൈയ്യിലുള്ള ബ്രേയ്‌സ്‌ലെറ്റ്, കൊടുവള്ളി കിഴക്കോത്ത് തുടങ്ങി വിവിധ സ്ഥലങ്ങളില്‍ മോഷണം നടത്തിയത് താനാണെന്ന് പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്.

ഒറ്റ രാത്രിയില്‍ തന്നെ നാലും അഞ്ചും വീടുകളില്‍ മോഷണം നടത്തുന്നതാണ് പ്രതിയുടെ രീതി. ഒറ്റനില വീടുകളില്‍ കോണിക്കൂടിന്റ ഡോര്‍ തകര്‍ത്താണ് പ്രതി വീടിനുള്ളില്‍ കയറിയിരുന്നത്.

പ്രതിയെ പിടിക്കുമ്പോള്‍ പ്രതിയുടെ കൈവശമുണ്ടായിരുന്ന ബാഗില്‍ നിന്ന് വാതില്‍ പൊളിക്കാന്‍ ഉപയോഗിക്കുന്ന കമ്പിപ്പാര, ഉളി, വയര്‍ കട്ടര്‍ എന്നിവയും പൊലീസ് കണ്ടെടുത്തു. മോഷണം നടത്തുമ്പോള്‍ അടിവസ്ത്രം മാത്രം ധരിക്കുന്നതാണ് പ്രതിയുടെ രീതി.

മോഷണം ശ്രമത്തിനിടെ പ്രതിയെ കണ്ട് സ്ത്രീകളും കുട്ടികളും അടക്കം പലരും പരിഭ്രാന്തിയിലാകുകയും ദിവസങ്ങളോളം ഭീതിയില്‍ കഴിയുകയും ചെയ്തിട്ടുണ്ട്.

പ്രതി താമസിച്ചിരുന്ന ചാത്തമംഗലം വേങ്ങേരിമഠത്തുള്ള വാടകമുറിയില്‍ നിന്ന് പത്തര പവനോളം സ്വര്‍ണ്ണം പൊലീസ് കണ്ടെടുത്തിട്ടുണ്ട്.ഇയാള്‍ ഇരുപത് വര്‍ഷമായി ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലായി നൂറിലേറെ മോഷണ കേസുകളില്‍ പിടിയിലായിട്ടുണ്ട്.

പല തവണകളിലായി എട്ടുവര്‍ഷത്തിലധികം പ്രതി ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. മോഷണ നടത്തിയ സ്വര്‍ണ്ണം വിറ്റ് ആര്‍ഭാടപൂര്‍വ്വമായ ജീവിതമാണ് അവിവാഹിതനായ ഇയാള്‍ നയിച്ചിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here