സംസ്ഥാനത്ത് നടക്കുന്ന ആക്രമണങ്ങള്‍ ബിജെപിയും ആര്‍എസ്എസ്സും ആസൂത്രിതമായി നടപ്പിലാക്കുന്നത്; ക്രമസമാധാനം അപകടത്തിലാണെന്ന് പ്രചരിപ്പിക്കുന്നതും കേന്ദ്രം ഇടപെടുമെന്ന് ഭീഷണിപ്പെടുത്തുന്നതും സംഘപരിവാര്‍ ആക്രമികള്‍ തന്നെ: പിണറായി

തിരു: സംസ്ഥാനത്ത് നടക്കുന്ന ആക്രമണങ്ങള്‍ ബിജെപിയും ആര്‍എസ്എസ്സും ആസൂത്രിതമായി നടപ്പിലാക്കുന്നതാണെന്നും അവര്‍ തന്നെ, കേരളത്തില്‍ ക്രമസമാധാനം അപകടത്തിലാണെന്ന് പ്രചരിപ്പിക്കുകയും കേന്ദ്രം ഇടപെടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചതിന്റെ പേരില്‍ സംസ്ഥാനത്തുടനീളം ആസൂത്രിതമായി അക്രമം അഴിച്ചുവിട്ട് ജനങ്ങളുടെ സൈ്വരജീവിതവും സമാധാനവും തകര്‍ക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പിയും ആര്‍.എസ്.എസ്സും തന്നെയാണ് കേരളത്തില്‍ ക്രമസമാധാനം അപകടത്തിലാണെന്ന് പ്രചരിപ്പിക്കുകയും കേന്ദ്രം ഇടപെടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത്.

സുപ്രീം കോടതി വിധിക്കെതിരെ ബി.ജെ.പിയും ആര്‍.എസ്.എസ്സും ആസൂത്രിതമായും സംഘടിതമായും നടത്തുന്ന അക്രമങ്ങളല്ലാതെ സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നങ്ങളൊന്നുമില്ലെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ആരാധനയുടെ കാര്യത്തില്‍ സ്ത്രീകളും പുരുഷന്‍മാരും തുല്യരാണെന്ന സുപ്രീം കോടതി വിധി നടപ്പാക്കുക എന്ന ഭരണഘടനാ ബാധ്യതയാണ് സര്‍ക്കാര്‍ നിര്‍വഹിക്കുന്നത്.

കോടതി വിധി അട്ടിമറിക്കാന്‍ കലാപം സംഘടിപ്പിക്കുന്നവര്‍, സംസ്ഥാന സര്‍ക്കാര്‍ ഭരണഘടനാപരമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുന്നത് വിചിത്രമാണ്.

ഭരണാഘടനാപരമായ ഉത്തരവാദിത്വം നിര്‍വഹിക്കുന്ന സര്‍ക്കാരിനെതിരെ ഭീഷണി ഉയര്‍ത്തുന്നതാണ് ഭരണഘടനാ വിരുദ്ധം.

ഭരണഘടനയോട് തെല്ലെങ്കിലും കൂറും ജനങ്ങളോട് പ്രതിബദ്ധതയും ഉണ്ടെങ്കില്‍ സ്വന്തം അണികളോട് അക്രമം അവസാനിപ്പിക്കാന്‍ നിര്‍ദേശിക്കുകയാണ് ബി.ജെ.പി ദേശീയ നേതൃത്വം ചെയ്യേണ്ടതെന്നും പിണറായി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here