സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ നടക്കുന്ന 48 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു. ബുധനാഴ്ച അര്‍ദ്ധരാത്രി വരെയാണ് പണിമുടക്ക്.

രാജ്യ വ്യാപകമായി നടക്കുന്ന പണിമുടക്കിന്‍റെ ആദ്യമണിക്കൂറുകളില്‍ യാതൊരു നിര്‍ബന്ധത്തിന്‍റെയോ പ്രേരണയുടേയോ ഭാഗമല്ലാതെതന്നെ സ്വമേധയാ പണിമുടക്കില്‍ പങ്കാളികളാവുന്ന കാ‍ഴ്ചയാണ് കാണുന്നത്.

സമരത്തിന് അഭിവാദ്യമര്‍പ്പിച്ച് ഇന്നലെ അര്‍ദ്ധ രാത്രിതന്നെ കേരളത്തിന്‍റെ വിവിധഭാഗങ്ങളില്‍ പ്രകടനങ്ങള്‍ നടന്നു. ഹര്‍ത്താലിന്‍റെ പ്രതിഫലനം ആദ്യമണിക്കൂറുകളില്‍ എല്ലാ മേഖലയിലും കാണാനാവുന്നു. തിരുവനന്തപുരത്ത് വേണാട് എക്സ്പ്രസ് തൊ‍ഴിലാളികള്‍ തടഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരയാണ് 19 ദേശീയ തൊഴിലാളി സംഘടനക‍ളും നൂറിലധികം വരുന്ന പ്രാദേശിക തൊ‍ഴിലാളി സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുന്നു. ബിഎംഎസ് ഒഴികെയുള്ള സംഘടനകള്‍ ആണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്.

തൊഴിലാളി സംഘടനകള്‍ക്ക് പുറമെ മോട്ടോര്‍, ബാങ്കിങ്, ഇന്‍ഷുറന്‍സ് തുടങ്ങിയവരും പണിമുടക്കില്‍ പങ്കെടുക്കുന്നു. ഇവര്‍ക്ക് കര്‍ഷകരും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

തൊ‍ഴില്‍ സ്ഥിരതയുടെ കാര്യത്തിലും പുതിയ തൊ‍ഴില്‍ നല്‍കുന്ന കാര്യത്തിലും കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ പരാജയമാണ്. പ്രതിവര്‍ഷം 2 കോടി തൊ‍ഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നുപറഞ്ഞ് അധികാരത്തില്‍ വന്ന മോഡി സര്‍ക്കാര്‍ വാഗ്ദാനങ്ഹള്‍ പാലിച്ചില്ലെന്ന് മാത്രമല്ല ഒരു വര്‍ഷം കൊണ്ട് തന്നെ ഒരു കോടി പത്തുലക്ഷം പേര്‍ക്ക് തൊ‍ഴില്‍ നഷ്ടപ്പെടുന്ന നിലയാണുള്ളത്

പൊതുജനങ്ങള്‍ക്ക് ബുദ്ധിമുണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ ഏര്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. പണിമുടക്ക് ഹര്‍ത്താല്‍ അല്ലെന്നും ഭീഷണിപ്പെടുത്തി കടകളടപ്പിക്കുകയോ സ്വകാര്യ വാഹനങ്ങള്‍ തടയുകയോ ചെയ്യിലെന്നും സമരസമിതി അറിയിച്ചിട്ടുണ്ട്.