മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് സംവരണം പത്ത് ശതമാനം

ന്യൂഡൽഹി: മുന്നോക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സർക്കാർ നിയമനങ്ങളിലും ഉന്നതവിദ്യാഭ്യാസ മേഖലയിലും 10 ശതമാനം സംവരണം ഏർപ്പെടുത്താൻ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു.

വിവിധ വിഭാഗങ്ങളിൽപ്പെട്ടവർക്ക‌് നിലവിലുള്ള 50 ശതമാനം സംവരണത്തിനു പുറമെയായിരിക്കുമിത്. ഇതിനായി ഭരണഘടനയുടെ 15,16 വകുപ്പുകൾ ഭേദഗതി ചെയ്യും.

ഭരണഘടനാ ഭേദഗതികൾ പാസാക്കാൻ പാർലമെന്റിന്റെ ഇരുസഭയിലും ഹാജരാകുന്ന മൂന്നിൽരണ്ട‌് അംഗങ്ങളുടെ പിന്തുണ ആവശ്യമാണ‌്.

രാജ്യസഭയിൽ എൻഡിഎയ‌്ക്ക‌് ഭൂരിപക്ഷം പോലുമില്ല. ഈ സാഹചര്യത്തില്‍, പൊതുതെരഞ്ഞെടുപ്പ‌് പ്രഖ്യാപിക്കാൻ രണ്ട‌ു മാസം മാത്രം ശേഷിക്കെ തിരക്കിട്ട‌് എടുത്ത തീരുമാനം രാഷ്ട്രീയതട്ടിപ്പാണെന്ന ആരോപണം ഉയർന്നു.

നടപ്പ‌് സമ്മേളനത്തിൽ ഭരണഘടനാ ഭേദഗതി ബില്ലുകൾ പാസാക്കാനാണ‌് കേന്ദ്രം ശ്രമിക്കുന്നത‌്. ഇതിനായി സഭാസമ്മേളനം നീട്ടാനുള്ള നിർദേശം ലോക‌്സഭ കാര്യോപദേശസമിതി യോഗത്തിൽ മുന്നോട്ടുവച്ചു.

സഭാസമ്മേളനം നീട്ടുന്നതിനോട‌് പ്രതിപക്ഷം കടുത്ത വിയോജിപ്പ‌് പ്രകടിപ്പിച്ചു. ഭരണഘടന ഭേദഗതിബിൽ അവതരിപ്പിക്കാൻ ശീതകാലസമ്മേളനം പ്രൊറോഗ‌് (താത്കാലികമായ മരവിപ്പിക്കാന്‍) ചെയ്യാനുള്ള നടപടിയിലേക്ക‌് നീങ്ങാനും സാധ്യതയുണ്ട്.

പ്രൊറോഗ‌് ചെയ‌്ത‌ാല്‍ രാഷ്ട്രപതിയുടെ വിജ്ഞാപനം കൂടാതെ വീണ്ടും സഭ ചേരാം. ബജറ്റ‌് സമ്മേളനത്തിനു മുമ്പ‌് സഭ വീണ്ടും ചേർന്നാലും ഭരണഘടന ഭേദഗതി ബിൽ പാസാക്കുന്നതിനോട‌് തെരഞ്ഞെടുപ്പ‌് അടുത്ത ഘട്ടത്തിൽ രാഷ്ട്രീയപാർടികൾ യോജിപ്പ‌് പ്രകടിപ്പിക്കാനുള്ള സാധ്യത കുറവാണ‌്.

ബില്ലുകൾ പാസാക്കാൻ കഴിയാതെ വന്നാൽ, മുന്നോക്കക്കാരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക‌് തൊഴിൽ–-ഉന്നതവിദ്യാഭ്യാസ മേഖലകളിൽ സംവരണം ഏർപ്പെടുത്താൻ സർക്കാർ ശ്രമിച്ചുവെന്നും എന്നാൽ പ്രതിപക്ഷം സഹകരിച്ചില്ലെന്നും വരുത്തിത്തീർക്കാനുള്ള പ്രചാരണം സംഘടിപ്പിക്കുകയാണ‌് ബിജെപിയുടെ ലക്ഷ്യം.

അഞ്ച‌് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക‌് തിരിച്ചടിയേറ്റ സാഹചര്യത്തിലാണ‌് മോഡിസർക്കാർ ഇത്തരമൊരു നടപടിയിലേക്ക‌് നീങ്ങിയത്. എല്ലാ സംവരണങ്ങളും അവസാനിപ്പിക്കണമെന്നതാണ‌് സംഘപരിവാറിന്റെ നിലപാട‌്.

ആർഎസ‌്എസ‌് തലവൻ മോഹൻ ഭഗവത‌് ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ട‌്. തെരഞ്ഞെടുപ്പ‌് മുന്നിൽകണ്ടുള്ള വെടിക്കെട്ട‌് മാത്രമാണ‌് കേന്ദ്ര തീരുമാനമെന്ന‌് സിപിഐ എം ലോക‌്സഭ നേതാവ‌് പി കരുണാകരൻ പ്രതികരിച്ചു. സർക്കാരിനു ആത്മാർഥതയില്ലെന്ന‌് ഏകപക്ഷീയമായ നടപടികളിൽനിന്ന‌് വ്യക്തമാണെന്ന‌് അദ്ദേഹം ചൂണ്ടിക്കാട്ടി.

തീരുമാനം തെരഞ്ഞെടുപ്പ‌് തട്ടിപ്പാണെന്ന‌് എഐസിസി വക്താവ‌് അഭിഷേക‌് മനു സിങ‌്‌വി പ്രതികരിച്ചു. ലോക‌്സഭ തെരഞ്ഞെടുപ്പിനു മുമ്പ‌് ഭരണഘടന ദേഭഗതിചെയ്യാൻ സർക്കാർ തയ്യാറാകണമെന്ന‌് ഡൽഹി മുഖ്യമന്ത്രി അരവിന്ദ‌് കെജ് രിവാള്‍പറഞ്ഞു.

50 ശതമാനത്തിൽ കൂടുതൽ സംവരണം അനുവദിക്കാൻ നിയമം അനുശാസിക്കാത്ത സാഹചര്യത്തിൽ സർക്കാർ തീരുമാനം ജനങ്ങളെ പരിഹസിക്കലാണെന്ന‌് രാജ്യസഭാംഗവും നിയമജ്ഞനുമായ കെ ടി എസ‌് തുൾസി ചൂണ്ടിക്കാട്ടി.

സംവരണം ഇവര്‍ക്ക്

എട്ട് ലക്ഷം രൂപയിൽ താഴെ വാർഷികവരുമാനമുള്ള, മുന്നോക്കവിഭാഗങ്ങളിൽപെടുന്ന കുടുംബങ്ങളിലെ അംഗങ്ങൾക്ക‌് സംവരണം ലഭ്യമാക്കാനാണ‌് തീരുമാനം. കുടുംബത്തിന്റെ കൈവശമുള്ള ഭൂമിയുടെ വിസ‌്തൃതി അഞ്ചേക്കറിൽ കുറവായിരിക്കണം. വീടിന്റെ തറവിസ‌്തീർണം ആയിരം ചതുരശ്ര അടിയിൽ താഴെയായിരിക്കണം. മുനിസിപ്പാലിറ്റികളിൽ സ്വന്തമായുള്ള ഭൂമിയുടെ വിസ‌്തൃതി 1800 ചതുരശ്ര അടിയിലും നഗരങ്ങളിലെ പ്രത്യേകമേഖലകളിൽ 900 ചതുരശ്ര അടിയിലും കുറവായിരിക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News