കേന്ദ്രത്തിന് തിരിച്ചടി; അലോക് വര്‍മ്മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് പുനര്‍നിയമിക്കണമെന്ന് സുപ്രീം കോടതി

സിബിഐ കേസില്‍ കേന്ദ്ര സര്‍ക്കാരിന് കനത്ത തിരിച്ചടി.അലോക് വര്‍മ്മയെ ഡയറക്ടര്‍ ചുമതലയില്‍ നിന്ന് മാറ്റി നിര്‍ത്തിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി.

ഇതോടെ മോദിയ്ക്ക് തിരിച്ചടി നല്‍കി കൊണ്ട് അലോക് വര്‍മ്മ വീണ്ടും സിബിഐ തലപ്പത്തെത്തും. അലോക് വര്‍മക്കെതിരെയുള്ള ആരോപണങ്ങള്‍ ഒരാഴ്ചക്കുള്ളില്‍ ഉന്നതതല സമിതി പരിഗണിക്കണമെന്നും കോടതി ഉത്തരവിട്ടു.

ജൂലൈ മാസം മുതല്‍ സിബിഐ തലപ്പത്ത് പ്രശ്‌നമുണ്ടായിട്ടും ഒക്ടോബര്‍ 23ന് അര്‍ദ്ധരാത്രിയില്‍ അസാധാരണ നടപടിയിലൂടെ അലോക് വര്‍മ്മയെ മാറ്റി നിര്‍ത്തിയ നടപടിയാണ് ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയി അധ്യക്ഷനായ മൂന്നംഗ ബെഞ്ച് റദ്ദാക്കിയത്.

ചീഫ് ജസ്റ്റീസ് അവധിയില്‍ ആയതിനാല്‍ ജസ്റ്റീസ് സഞ്ജയ് കിഷന്‍ കൗള്‍ പന്ത്രണ്ടാം കോടതിയില്‍ വെച്ചാണ് വിധി പ്രസ്താവം നടത്തിയത്.

ജസ്റ്റീസ് കെഎം ജോസഫും ബെഞ്ചിലുണ്ടായിരുന്നു. സിബിഐ ഡയറക്ടറെ മാറ്റണമെങ്കില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഉള്ള മൂന്നംഗ ഉന്നതതല സമിതിയുടെ അനുമതി വേണമെന്ന വാദം സുപ്രീംകോടതി അംഗീകരിച്ചു.

പ്രധാനമന്ത്രി അധ്യക്ഷനായ ഉന്നതതല സമിതിയുമായി ആലോചിക്കാതെ എന്തടിസ്ഥാനത്തിലാണ് അലോക് വര്‍മ്മയെ മാറ്റിയതെന്ന ചോദ്യത്തിന് കേന്ദ്രത്തിന് കോടതിയുടെ മുന്നില്‍ മറുപടിയുണ്ടായിരുന്നില്ല.

കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും സിബിഐ ഡയറക്ടര്‍ക്ക് പ്രവര്‍ത്തന കാലാവധി നല്‍കണമെന്ന വിനീത് നാരായന്‍ കേസിലെ വിധി കോടതിയ്ക്ക് തള്ളികളയാനാവില്ലെന്ന് വിധി പ്രസ്താവത്തില്‍ ചൂണ്ടികാണിച്ചു.

ഈ മാസം 31നാണ് അലോക് വര്‍മ്മയുടെ ഔദ്യോഗിക കാലാവധി പൂര്‍ത്തിയാകുന്നത്. അലോക് വര്‍മ്മക്കേതിരായ ആരോപണങ്ങളില്‍ സിവിസി അന്വേഷണ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കുള്ളില്‍ ഉന്നതതല സമിതി യോഗം ചേര്‍ന്ന് പരിഗണിക്കണമെന്ന് ഉത്തരവിട്ട കോടതി ഈ കാലയളവില്‍ അലോക് വര്‍മ്മ നയപരമായ തീരുമാനം എടുക്കരുതെന്ന് വിധിയെഴുതി.

എം നാഗേശ്വര റാവുവിനെ താത്കാലിക ഡയറക്ടറായി നിയമിച്ച ഉത്തരവും കോടതി റദ്ദാക്കിയിട്ടുണ്ട്. നിയമനവും നീക്കം ചെയ്യലും ഉന്നതാധികാര സമിതിയുടെ കീഴില്‍ വരുമെന്നും സുപ്രീംകോടതിയുടെ വിധി നടപ്പിലാക്കുമെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി.

കീഴ്‌ വഴക്കങ്ങൾ തെറ്റിച്ച് രാഷ്ട്രീയ താത്പര്യത്തിനായി സിബിഐ എന്ന ഭരണഘടന സ്ഥാപനത്തെ ഉപയോഗിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി രാജിവെക്കണമെന്ന് സി പി ഐ എം ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here