ഹര്‍ത്താല്‍ അക്രമം; ആര്‍എസ്എസ് നേതാക്കള്‍ക്കും ശബരിമല കര്‍മസമിതിക്കും ഹൈക്കോടതിയുടെ നോട്ടീസ്

കൊച്ചി: ശബരിമലയിൽ സ്ത്രീകൾ ആരാധന നടത്തിയതിനെ ചോദ്യം ചെയ്ത് സംഘടിപ്പിച്ച ഹർത്താലിലുണ്ടായ നഷ്ടം ഹർത്താലിന് ആഹ്വാനം ചെയ്തവരിൽ നിന്ന് ഈടാക്കി ഇരകൾക്ക് നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ബിജെപി, ഹിന്ദു ഐക്യവേദി, ശബരിമല കർമസമിതി, ആർഎസ്എസ് നേതാക്കളായ കെ പി ശശികല, എസ് ജെ ആർ കുമാർ,

കെ എസ് രാധാകൃഷ്ണൻ, ‍ഡോ. ടി പി സെൻകുമാർ, ഗോവിന്ദ് ഭരതൻ, പി എസ് ശ്രീധരൻ പിള്ള, കെ സുരേന്ദ്രൻ, എം ടി രമേശ്, എ എൻ രാധാകൃഷ്ണൻ, പി കെ കൃഷ്ണദാസ്, ഒ രാജഗോപാൽ, ആര്‍ എസ് എസ് പ്രാന്ത് സംഘ ചാലക് പി ഇ ബി മേനോൻ എന്നിവർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു.

തൃശൂർ സ്വദേശിയും അഖിലേന്ത്യാ കിസാൻ സഭ തൃശൂർ ജില്ലാ സമിതി അംഗവുമായ ടി എൻ മുകുന്ദൻ നൽകിയ ഹർജി ഹർത്താലുകളെ ചോദ്യം ചെയ്ത് ചേമ്പർ ഓഫ് കൊമെഴ്സ് നൽകിയ ഹർജിക്കൊപ്പം പരിഗണിക്കാൻ മാറ്റി.

സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ബിന്ദു അമ്മിണിയും കനകദുർഗയും ശബരിമലയിൽ ആരാധനക്ക് എത്തിയതിനെ തുടർന്നാണ് ശബരിമല കർമസമിതിയും ഹിന്ദു എെക്യവേദിയും ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നത്.

ജനുവരി രണ്ടിന് രാവിലെ 3.45നാണ് രണ്ടു പേരും ക്ഷേത്രത്തിൽ പ്രവേശിച്ചത്. ഇതിന് ശേഷമാണ് ശബരിമല കർമസമിതിയും ഹിന്ദു ഐക്യവേദിയും ഹർത്താലിന് ആഹ്വാനം ചെയ്യുന്നത്.

ഇതിന് ബിജെപി, സംഘ്പരിവാർ സംഘടനകൾ ഐക്യദാർഡ്യം പ്രഖ്യാപിച്ചു. സംസ്ഥാനത്തുടനീളം അക്രമം അഴിച്ചുവിട്ടു.

പോലിസുകാർ അടക്കം നിരവധി പേർക്ക് പരിക്കേൽക്കുകയും കോടിക്കണക്കിന് രൂപയുടെ നഷ്ടവുമുണ്ടാവുകയും ചെയ്തു.

ഇത്തരം നഷ്ടങ്ങളുടെ ഉത്തരവാദിത്തം നേരിട്ടോ അല്ലാതെയോ അക്രമത്തിന് ആഹ്വാനം ചെയ്യുന്നവർക്കാണെന്ന കൊടുങ്ങല്ലൂർ ഫിലിം സൊസെെറ്റി കേസിലെ സുപ്രിംകോടതി വിധി നടപ്പാക്കണമെന്ന് ഹർജി പറയുന്നു.

ഏതെങ്കിലും ഗ്രൂപ്പോ സംഘടനയോ അക്രമം നടത്തി നാശനഷ്ടങ്ങളുണ്ടാക്കിയാൽ നേതാക്കൾ 24 മണിക്കൂറിനകം പോലിസ് സ്റ്റേഷനിലെത്തി ചോദ്യം ചെയ്യലിന് വിധേയമാവണമെന്നാണ് വിധി പറയുന്നത്.

ഹാജരായിട്ടില്ലെങ്കിൽ അവരെ പിടികിട്ടാപുള്ളികളായി കണക്കാക്കണം. ഹർത്താലിന് ആഹ്വാനം ചെയ്ത ആരും പോലിസ് സ്റ്റേഷനിൽ ഹാജരായിട്ടില്ലെന്നും ഹർജി പറയുന്നു.

അക്രമത്തിന് ഉത്തരവാദികളായവരിൽ നിന്ന് നഷ്ടം ഈടാക്കി ഇരകൾക്ക് വിതരണം ചെയ്യാൻ സർക്കാരിന് നിർദേശം നൽകണം, നാശനഷ്ടം കണക്കാക്കാനും ഇരകൾക്ക് നഷ്ടപരിഹാരം വിതരണം ചെയ്യാനും ക്ലെയിം കമ്മീഷണറെ നിയമിക്കണം,

ആൾക്കൂട്ട ആക്രമണങ്ങൾക്കിരയാവുന്നവർക്ക് നഷ്ടപരിഹാര പദ്ധതി പ്രഖ്യാപിക്കണം, ആൾക്കൂട്ട ആക്രമണങ്ങളെ നേരിടാൻ ജില്ലാ തലത്തിൽ റാപിഡ് ആക്ഷൻ ടീമുകൾ രൂപീകരിക്കണം,

അക്രമസംഭവങ്ങളെ സംബന്ധിച്ച് ഹെെക്കോടതിയിൽ റിപോർട് നൽകാൻ സർക്കാരിന് നിർദേശം നൽകണം തുടങ്ങിയവയാണ് ഹർജിയിലെ ആവശ്യങ്ങൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here