രഞ്ജി ട്രോഫിയിൽ ഹിമാചൽപ്രദേശിനെതിരേ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാനുള്ള സുവർണാവസരം കേരളം പാഴാക്കി.

ഹിമാചലിന്‍റെ 297 എന്ന ഒന്നാം ഇന്നിംഗ്സ് സ്കോറിനെതിരേ ബാറ്റ് ചെയ്ത കേരളം 286 റണ്‍സിന് പുറത്തായി. 11 റണ്‍സ് ലീഡ് നേടിയ ഹിമാചൽ ഇതോടെ മത്സരത്തിൽ മുൻതൂക്കം നേടി.

18 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെയാണ് കേരളത്തിന് അവസാന 5 വിക്കറ്റുകള്‍ നഷ്ടമായത്. ആദ്യ ഇന്നിംഗ്സിലെ ലീഡിന്‍റെ ബലത്തിൽ ഹിമാചൽ ഒരു പോയിന്‍റ് ഉറപ്പിച്ചതോടെ കേരളത്തിന് രണ്ടാം റൗണ്ടിലേക്കുള്ള സാധ്യതകള്‍ ഇല്ലാതായേക്കും.

50 റണ്‍സ് നേടിയ സഞ്ജു സാംസണാണ് ഇന്ന് ആദ്യം പുറത്തായത്. പിന്നാലെ വന്ന വിനൂപ് മനോഹരന്‍റെ റണ്ണൊന്നുമെടുക്കാതെ പുറത്തായി.

സെഞ്ച്വറിയുമായി ഒരുവശത്ത് പിടിച്ചുനിന്ന പി രാഹുൽ 127 റണ്‍സിൽ വീണതോടെ കേരളത്തിന്‍റെ തകര്‍ച്ച പൂര്‍ണമായി.

സ്കോർ ബോർഡ് തുറക്കും മുൻപ് എം.ഡി.നിധീഷും മൂന്ന് റണ്‍സുമായി സന്ദീപ് വാര്യരും മടങ്ങുമ്പോൾ കേരളം ലീഡിന് 11 റണ്‍സ് അകലെയായിരുന്നു. 14 റണ്‍സുമായി ബേസിൽ തമ്പി പുറത്താകാതെ നിന്നു. ഹിമാചലിന് വേണ്ടി അർപിത് എൻ ഗുലേറിയ അഞ്ച് വിക്കറ്റ് വീഴ്ത്തി.