സിബിഐ ഡയറക്ടറായി അലോക് വർമ വീണ്ടും ചുമതലയേറ്റു; ഡയറക്ടര്‍ ചുമതലയിൽ നിന്ന് നിർബന്ധപൂർവം മാറ്റിയ കേന്ദ്ര സർക്കാർ ഉത്തരവ് സുപ്രീം കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു

സി ബി ഐ ഡയറക്ടറായി അലോക് വർമ വീണ്ടും ചുമതലയേറ്റു. ഡയറക്ടര്‍ ചുമതലയിൽ നിന്ന് നിർബന്ധപൂർവം മാറ്റിയ കേന്ദ്ര സർക്കാർ ഉത്തരവ് സുപ്രീം കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു.

അലോക് വർമ ചുമതലയേറ്റത് കേന്ദ്ര സർക്കാരിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. അതേസമയം അലോക് വർമയ്ക്കെതിരായ ആരോപണങ്ങൾ ചർച്ച ചെയ്യാനുള്ള ഉന്നതതല സമിതി യോഗത്തില്‍ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് പങ്കെടുക്കില്ല. പകരം ജസ്റ്റീസ് എ കെ സിക്രി പങ്കെടുക്കും.

ജൂലൈ മാസം മുതൽ സിബിഐ തലപ്പത്തു പ്രശ്നമുണ്ടായിട്ടും ഒക്ടോബർ 23 നു അർദ്ധരാത്രി നാടകീയ നീക്കങ്ങളിലൂടെ പുറത്താക്കപ്പെട്ട അലോക് വർമ വീണ്ടും ദില്ലിയിലെ സി ബി ഐ ആസ്ഥാനത്ത് തിരിച്ചെത്തി.

പൂർണ അധികാരമുള്ളപ്പോൾ പുറത്താക്കപ്പെട്ട അലോക് വർമ ഭാഗികമായ അധികാരങ്ങളോടെയാണ് തിരിച്ചു വന്നിരിക്കുന്നത്.

രാവിലെ 10 45 ഓടെ ആസ്ഥാനത്തെത്തിയ അലോക് വർമ ഔദ്യോഗിക ചുമതലകള്‍ ഏറ്റെടുത്തു. ഡയറക്ടറുടെ താത്കാലിക ചുമതലയുണ്ടായിരുന്ന എൻ നാഗേശ്വർ റാവു അലോക് വർമയെ സ്വീകരിച്ചു.

നയപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കാന്‍ അധികാരമില്ലെങ്കിലും പുതിയ കേസുകള്‍ രെജിസ്റ്റർ ചെയ്യുന്നതിനും, പ്രാഥമിക അന്വേഷണങ്ങൾക്ക് ഉത്തരവിടുന്നതിനും അലോക് വർമക്ക് തടസങ്ങൾ ഉണ്ടാകില്ലെന്നാണ് വിലയിരുത്തൽ.

അതിനാല്‍ റഫേൽ ഉൾപെടെയുള്ള വിഷയങ്ങളില്‍ അന്വേഷണം നടത്താൻ അലോക് വർമ തയ്യാറാകുമോ എന്നതാണ് രാജ്യം ഉറ്റു നോക്കുന്നത്.

റഫേൽ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ അന്വേഷണം നടത്താൻ തുടങ്ങുന്ന ഘട്ടത്തിലാണ് അലോക് വർമയെ നിർബന്ധപൂർവ്വം അവധിയിൽ പ്രവേശിപ്പിച്ചിരുന്നതെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു.

അതേ സമയം ഒരാഴ്ചക്കുള്ളിൽ ഉന്നതതല സമിതി യോഗം ചേരണമെന്ന സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലുള്ള യോഗത്തിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് പങ്കെടുക്കില്ല.

അലോക് വർമയുടെ ഭാവി തീരുമാനിക്കാനുള്ള ഉന്നത തല സമിതി യോഗത്തില്‍ ചീഫ് ജസ്റ്റിസിന് പകരം ജസ്റ്റിസ് എ കെ സിക്രി പങ്കെടുക്കും.

വർമയെ തിരിച്ചെടുക്കണമെന്ന വിധി പ്രസ്താവം തയ്യാറാക്കിയത്‌ ചീഫ് ജസ്റ്റിസാണ്. ഇക്കാരണത്താലാണ് പിന്മാറ്റം. പ്രധാനമന്ത്രി അധ്യക്ഷനായ ഉന്നതതല സമിതിയിൽ ലോക്സഭയിലെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയുടെ നേതാവായ മല്ലികാർജുൺ ഖാർഗെയാണ് മറ്റൊരംഗം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News