അമേരിക്കന്‍ കോണ്‍ഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ അംഗമാണ് അലക്‌സാണ്‍ഡ്രിയ ഒക്കാസിയോ കോര്‍ട്ടെസ്.

കഴിഞ്ഞ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക്ക് പാര്‍ട്ടി അംഗമായാണ് അലക്‌സാണ്‍ഡ്രിയ തെരഞ്ഞെടുക്കപ്പെട്ടത്. മധ്യവയസ്സ് പിന്നിട്ടവരുടെ കോണ്‍ഗ്രസില്‍ അലക്‌സാണ്‍ഡ്രിയയുടെ സാന്നിധ്യം എന്നും ചര്‍ച്ചാ വിഷയമാണ്.

അലക്‌സാണ്‍ഡ്രിയയെ സമൂഹമാധ്യമത്തില്‍ കരിതേക്കാന്‍ അവര്‍ കോളേജ് പഠനകാലത്ത് ചെയ്ത നൃത്തം ചെയ്യുന്ന വീഡിയോ ചില സദാചാരക്കാര്‍ പ്രചരിപ്പിച്ചിരുന്നു. മുള്ളിനെ മുള്ള് കൊണ്ടെടുക്കണമെന്നാണല്ലോ ചൊല്ല്. അലകസാണ്‍ഡ്രിയ അതിന് പ്രതികരിച്ചത് സ്വന്തം ഓഫീസിന് പുറത്ത് നൃത്തം ചെയ്തുകൊണ്ടാണ്.

സംഭവത്തെക്കുറിച്ച് അമേരിക്കയില്‍ താമസിക്കുന്ന മുരളി തുമ്മാരുകുടി ഫേസ്ബുക്കിലെഴുതിയ കുറിപ്പ്:

അമേരിക്കയിലെ സദാചാര കമ്മിറ്റിക്കാര്‍ക്ക്…

അമേരിക്കന്‍ കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിത അംഗമാണ് Alexandria Ocasio-Cortez. തിരഞ്ഞെടുക്കപ്പെടുന്‌പോള്‍ ഇരുപത്തിയെട്ടു വയസ്സായിരുന്നു. അമേരിക്കയിലെ കോണ്‍ഗ്രസ്സ് അംഗങ്ങളുടെ ശരാശരി പ്രായം ഇപ്പോള്‍ അന്‍പത്തി ഏഴാണ് എന്നോര്‍ക്കണം!.

അടുത്തയിടെ അലക്സാന്‍ഡ്രയെ സമൂഹമാധ്യമത്തില്‍ നാണം കെടുത്താനായി അവര്‍ കോളേജ് പഠനകാലത്ത് ഡാന്‍സ് ചെയ്യുന്ന ഒരു വീഡിയോ ആരോ പുറത്തു വിട്ടു.

അതിനോടുള്ള അലക്സാന്‍ഡ്രയുടെ പ്രതികരണമാണ് ഈ വീഡിയോയില്‍. പുതിയ ഓഫീസിന് മുന്‍പില്‍ അവര്‍ നൃത്തം ചെയ്യുന്നതാണ് ചിത്രം.

സദാചാര കമ്മിറ്റിക്കാര്‍ ഒക്കെ അവിടെയും ഉണ്ട്. അവിടെയും ഇവിടെയും ഇതില്‍ പരം നല്ല മറുപടി ഒന്നും കമ്മിറ്റിക്കാര്‍ക്ക് നല്കാനില്ല.

പുതിയ വീഡിയോ വന്നതോടെ ആദ്യത്തെ വീഡിയോ ഇട്ടയാള്‍ ട്വിറ്റര്‍ അക്കൗണ്ടും പൂട്ടി അമേരിക്കന്‍ കണ്ടം വഴി ഓടി എന്നാണ് അവസാന റിപ്പോര്‍ട്ട്.

കൂടുതല്‍ യുവാക്കള്‍ നമ്മുടെ പാര്‍ലമെന്റില്‍ എത്തുന്നതും അവര്‍ നമ്മുടെ സദാചാര കമ്മിറ്റികളെ കണ്ടം വഴി ഓടിക്കുന്നതും ഒക്കെയാണ് ഇപ്പോള്‍ ഞാന്‍ സ്വപ്നം കാണുന്നത്.”

 

സംഭവത്തെക്കുറിച്ചുള്ള ബിബിസി വാര്‍ത്ത