രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരെ ഹിമാചല്‍ പ്രദേശ് ശക്തമായ നിലയില്‍. ഒന്നാം ഇന്നിങ്ങ്‌സില്‍ 11 റണ്‍സിന്റെ ലീഡ് നേടിയ ഹിമാചല്‍ രണ്ടാം ഇന്നിങ്ങ്‌സില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സ് എന്ന നിലയിലാണ്. രണ്ട് വിക്കറ്റ് ശേഷിക്കെ ഹിമചലിനിപ്പോള്‍ 296 റണ്‍സിന്റെ ലീഡുണ്ട്.

അവസാന ദിവസമായ വ്യാഴാഴ്ച മത്സരം ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുമെന്നുറപ്പാണ്. ഈ മത്സരം ജയിച്ചാല്‍ മാത്രമേ ഇരുടീമുകള്‍ക്കും നോക്കൗട്ട് പ്രതീക്ഷയുളളു.

രണ്ടാം ഇന്നിങ്‌സില്‍ ഏകദിന ശൈലിയില്‍ ബാറ്റു ചെയ്തതാണ് ഹിമാചല്‍ 52.1 ഓവറില്‍ 285 റണ്‍സ് അടിച്ചുകൂട്ടിയത്. 5.46 റണ്‍സാണ് ഹിമാചലിന്റെ ബാറ്റിങ്ങ് ശരാശരി. ഋഷി ധവാന്‍ (85), അങ്കിത് കല്‍സി (64), പി എസ് ചോപ്ര (41) എന്നിവരാണ് ഹിമാചലിന് മെച്ചപ്പെട്ട സ്‌കോര്‍ ഉറപ്പാക്കിയത്. കേരളത്തിന് വേണ്ടി സിജോമോന്‍ ജോസഫ് നാല് വിക്കറ്റ് വീ!ഴ്ത്തി.

നേരത്തെ ഇന്നിങ്ങ്‌സ് ലീഡ് ലക്ഷ്യമിട്ട് മൂന്നാം ദിനം ബാറ്റിങ്ങ് ആരംഭിച്ച കേരളം 18 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ 5 വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി ഹിമാചലിന് ലീഡ് സമ്മാനിക്കുകയായിരുന്നു. ഇന്നലെ സെഞ്ച്വറി നേടിയ പി രാഹുല്‍ 127 റണ്‍സിനും സഞ്ജു സാംസണ്‍ 50 റണ്‍സിനും പുറത്തായതോടെയാണ് കേരളം തകര്‍ന്നത്. ഹിമാചലിന് വേണ്ടി അര്‍പിത് എന്‍. ഗുലേറിയ അഞ്ച് വിക്കറ്റ് വീഴ്ത്തി.