ബിഷപ്പ് ഫ്രാങ്കോയ്ക്ക് എതിരായ ബലാത്സംഗ കേസില്‍ സര്‍ക്കാര്‍ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറെ നിയമിച്ചു

ബിഷപ്പ് ഫ്രാങ്കോയ്ക്ക് എതിരായ ബലാത്സംഗ കേസില്‍ സര്‍ക്കാര്‍ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറെ നിയമിച്ചു. കോട്ടയം ബാറിലെ അഭിഭാഷകനായ ജിതേഷ് ജെ ബാബുവിനെയാണ് സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായി നിയമിച്ചത്. അതേസമയം, കേസില്‍ കോടതിയില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

അന്വേഷണ സംഘം നല്‍കിയ മൂന്നംഗ പാനലില്‍ നിന്നാണ് കോട്ടയം ബാറിലെ അഭിഭാഷകനായ അഡ്വക്കേറ്റ് ജിതേഷ് ജെ ബാബുവിനെ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ നിയമിച്ചത്. സൂര്യനെല്ലി കേസിലെ അഡീഷണല്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്നു ജിതേഷ് ജെ ബാബു.

കോളിളക്കം സൃഷ്ടിച്ച പ്രവീണ്‍ വധക്കേസ്, ഒറീസ ദമ്പതി വധക്കേസ് എന്നിവയില്‍ പ്രോസിക്യൂട്ടറായും പാറമ്പുഴ കൂട്ടക്കൊലക്കേസില്‍ കോടതി നിയോഗിച്ച പ്രകാരം പ്രതിക്കു വേണ്ടിയും അഡ്വ ജിതേഷ് ജെ ബാബു ഹാജരായിട്ടുണ്ട്.

നേരത്തെ പ്രോസിക്യൂട്ടര്‍ നിയമം വൈകുന്നതിനെതിരെ പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹപ്രവര്‍ത്തകര്‍ രംഗത്തു വന്നിരുന്നു. സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറെ നിയമിച്ചതോടെ ഈ ആരോപണത്തിന് വിരാമമായി.

അതേസമയം കുറ്റപത്രം നേരത്തെ പൂര്‍ത്തിയായെന്നും സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ നിയമനം വൈകുന്നതാണ് കുറ്റപത്രം സമര്‍പ്പിക്കതിന് തടസമെന്നുമായിരുന്നു അന്വേഷണ സംഘത്തിന്റെ വിശദീകരണം .സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ നിയമനം നടന്നതോടെ കുറ്റപത്രം സമര്‍പ്പിക്കുന്നതടക്കമുള്ള നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here