സംവരണ ബില്‍ രാജ്യസഭയും പാസാക്കി; പാസായത് 7 നെതിരെ 165 വോട്ടുകള്‍; ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന വാദം വോട്ടിനിട്ട് തള്ളി

മുന്നാക്ക ജാതികളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 10 ശതമാനം സംവരണം ഏര്‍പ്പെടുത്താനായുള്ള ഭരണഘടനാ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ പാസായി.

7നെതിരെ 165 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. ബില്‍ കൂടുതല്‍ ചര്‍ച്ചയ്ക്കായി സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം വോട്ടിനിട്ട് തള്ളി.

3 ദിവസത്തിനുള്ളിലാണ് സുപ്രധാന ഭരണഘടനാ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയെടുത്തത്.

ബില്‍ നിയമമാകാന്‍ സാങ്കേതിക നടപടികള്‍ മാത്രമാണ് ഇനി ബാക്കി. തിങ്കളാഴ്ച മന്ത്രിസഭായോഗം പത്ത് ശതമാനം സാമ്പത്തിക സംവരണം കൊണ്ടുവരാന്‍ തീരുമാനിച്ചതിന് പിന്നാലെ നാടകീയമായാണ് കേന്ദ്രസര്‍ക്കാര്‍ ഇതിനായി ഭരണഘടനാഭേദഗതി ബില്‍ പാര്‍ലമെന്റില്‍ പാസാക്കിയെടുത്തത്.

7 നെതിരെ 165 വോട്ടുകള്‍ക്കായിരുന്നു 124ാം ഭരണഘടനാ ഭേദഗതി ബില്‍ രാജ്യസഭയില്‍ പാസായത്. മുസ്ലീം ലീഗ്,ആം ആദ്മി പാര്‍ട്ടി, ഡിഎംകെ എന്നിവരൊഴികെ എല്ലാ പാര്‍ട്ടികളും ബില്ലിനെ പിന്തുണച്ച് വോട്ട് ചെയ്തു.

ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രമേയം വോട്ടിനിട്ടെങ്കിലും പരാജയപ്പെട്ടു. ഇടതുപാര്‍ട്ടികളുടെ പിന്തുണയോടെ കനിമൊഴി എംപിയായിരുന്നു പ്രമേയം കൊണ്ടുവന്നത്.

സ്വകാര്യ മേഖലയിലും സംവരണം വേണമെന്നുള്‍പ്പെടെ 3 ഭേദഗതികള്‍ സിപിഐഎം നിര്‍ദേശിച്ചു. സഭയില്‍ കേന്ദ്രസര്‍ക്കാരിന് ഭൂരിപക്ഷം ഉണ്ടായിരുന്നില്ല.

എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയാണ് ബില്‍ പാസാക്കാന്‍ കേന്ദ്രസര്‍ക്കാരിനെ സഹായിച്ചത്. ലോക്‌സഭ കഴിഞ്ഞ ദിവസം മൃഗീയ ഭൂരിപക്ഷത്തില്‍ ബില്‍ പാസാക്കിയിരുന്നു.

രാജ്യസഭയിലും ബില്‍ പാസാക്കാനായി കേന്ദ്രസര്‍ക്കാര്‍ ഒരു ദിവസത്തേക്ക് സഭ നീട്ടിയിരുന്നു. കേന്ദ്രസംസ്ഥാന അധികാരവിഭജന സമവാക്യങ്ങളെ ബാധിക്കാത്തതിനാല്‍ ബില്ലിന് സംസ്ഥാനങ്ങളുടെ പിന്തുണ വേണ്ട.

അതിനാല്‍ ബില്‍ നിയമമാകാന്‍ രാഷ്ട്രപതിയുടെ ഒപ്പ് മതി. ബില്‍ പാസായെങ്കിലും ബില്ലിന്റെ നിയമപരമായ നിലനില്‍പ്, സംവരണ മാനദണ്ഡങ്ങളിലെ പ്രശ്‌നങ്ങള്‍, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബില്‍ സൃഷ്ടിക്കുന്ന പ്രതിഫലനം ഇങ്ങനെ ചോദ്യങ്ങള്‍ ഇനിയും ബാക്കിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News