ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന്; സംസ്ഥാനത്ത് ദുരന്ത നിവാരണ സെസ്, വിദേശ വായ്പ പരിധി ഉയര്‍ത്തല്‍ എന്നീ കാര്യങ്ങളില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍ ഇന്നുണ്ടാവും

പ്രളയാനന്തര കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിനായി സംസ്ഥാനത്ത് ദുരന്ത നിവാരണ സെസ്, വിദേശ വായ്പ പരിധി ഉയര്‍ത്തല്‍ എന്നീ കാര്യങ്ങളില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കുന്ന ജി എസ് ടി കൗണ്‍സില്‍ യോഗം ഇന്ന് നടക്കും.

50 ലക്ഷം രൂപ വരെ വിറ്റ് വരവുള്ള ചെറുകിട ഇടത്തരം സംരഭങ്ങളെ ജി എസ്ടിയില്‍ നിന്ന് ഒഴിവാക്കാനുള്ള നിര്‍ദ്ദേശത്തിലും കൗണ്‍സില്‍ ഇന്ന് തീരുമാനമെടുക്കും.

കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിനായി ജിഎസ്ടിയില്‍ നിന്ന് പ്രത്യേക ഫണ്ട് കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്ക്്് ഇന്ന് ജിഎസ്ടി കൗണ്‍സിലിന്റെ അംഗീകാരം ലഭിക്കും.

ഒരു ശതമാനം വരെ സെസ്സ് രണ്ടു വര്‍ഷ കാലവധിയില്‍ ഏര്‍പ്പെടുത്താന്‍ ഉപസമിതി ജിഎസ്ടി കൗണ്‍സിലിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

ദുരന്തങ്ങളുണ്ടാകുമ്പോള്‍ മറ്റ് സംസ്ഥാനങ്ങളിലും നടപ്പിലാക്കാവുന്ന തരത്തിലുള്ള നികുതി സമ്പ്രദായം കൊണ്ട് വരാനായിരുന്നു ജി എസ് ടി കൗണ്‍സിന്റെ ആലോചന.

അത് പ്രയോഗികമല്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് കേരളത്തിന് മാത്രം സെസ് പിരിക്കാന്‍ അനുമതി നല്‍കാമെന്ന തീരുമാനത്തില്‍ ഉപസമിതി എത്തിയത്.

കഴിഞ്ഞ ആഴ്ച ചേര്‍ന്ന കൗണ്‍സിലിന്റെ ഉപസമിതിയാണ് ഈ നിര്‍ദ്ദേശം തയ്യാറാക്കിയത്. കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചാല്‍ എതൊക്കെ ഉല്‍പ്പന്നങ്ങള്‍ക്ക്് സെസ് ചുമത്തണമെന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് തീരുമാനമെടുക്കാം.

കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിനുള്ള വിദേശ വായ്പ പരിധി എത്രയെന്ന് നിശ്ചയിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യണമെന്ന ആവശ്യവും ജി എസ് ടി കൗണ്‍സില്‍ ചര്‍ച്ച ചെയ്യും.

ധന ഉത്തരവാദിത്ത ബില്ലിന് പുറമെയുള്ള വായ്പ ആയതിനാല്‍ ഇതിനു കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വേണം. ജി എസ് ടി കൗണ്‍സിലില്‍ അനുകൂല തീരുമാനമുണ്ടായാല്‍ കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ നല്‍കും.

നിലവില്‍ 20 ലക്ഷം രൂപ വാര്‍ഷിക വിറ്റ് വരവുള്ളവരെയാണ് ജി എസ്ടിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.

ഈ പരിധി 50 ലക്ഷമാക്കി ഉയര്‍ത്താനുള്ള നിര്‍ദ്ദേശവും കൗണ്‍സില്‍ ചര്‍ച്ച ചെയ്യും. ഒന്നര കോടി രൂപവരെ വിറ്റ് വരവുള്ളവര്‍ നികുതി റിട്ടേണ്‍ വര്‍ഷത്തില്‍ ഒരിക്കലാക്കണമെന്ന ശുപാര്‍ശയിലും തീരുമാനം പ്രതീക്ഷിക്കുന്നുണ്ട്.

ചെറുകിട സേവന ദാതാക്കളുടെ ജി എസ് ടി 18ല്‍ നിന്ന് പത്തില്‍ താഴെയായി ചുരുക്കുക തുടങ്ങിയ ഉപസമിതി തീരുമാനങ്ങളും കൗണ്‍സില്‍ ചര്‍ച്ച ചെയ്യും.

അതേസമയം സംസ്ഥാന സര്‍ക്കാര്‍ ലോട്ടറിയുടെ നികുതി 12 ല്‍ നിന്ന് 28 ആക്കി ഉയര്‍ത്തണമെന്ന നിര്‍ദ്ദേശം ഇന്നത്തെ കൗണ്‍സിലിലും ഉയര്‍ന്ന് വന്നേക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News