അധോലോകത്തിന്റെ കഥ പറയുന്ന ഗാംബിനോസിൽ ശക്തനായൊരു വില്ലൻ മുഖമുണ്ട്. തെന്നിന്ത്യന്‍ താരമായ സമ്പത്ത് രാജാണ് ചിത്രത്തില്‍ മറ്റൊരു മുഖ്യ വേഷത്തിലെത്തുന്നത്.

ഹാസ്യ കഥാപാത്രങ്ങളിലും തമിഴിൽ തിളങ്ങാറുള്ള സമ്പത്ത് ഇതിന് മുമ്പ് സാഗര്‍ ഏലിയാസ് ജാക്കിയിൽ മോഹന്‍ലാലിന്റെയും , ദി ത്രില്ലറിൽ പ്രിത്വിരാജിന്റെയും കസബയിൽ മമ്മൂട്ടിയുടെയും ആടുപുലിയാട്ടത്തിൽ ജയറാമിന്റെയും വില്ലനായി എത്തി പ്രേക്ഷകരുടെ കയ്യടി വാങ്ങിയിട്ടുണ്ട്.

തമിഴ്, തെലുങ്ക്, കന്നട, മലയാളം ഭാഷകളിലായി നിരവധി വില്ലന്‍ വേഷങ്ങള്‍ അവതരിപ്പിച്ചു കഴിവ് തെളിയിച്ച സമ്പത്ത്; ചെന്നൈ 600028, സരോജ, ഗോവ എന്ന സിനിമകളിലൂടെ ഹാസ്യ കഥാപാത്രങ്ങളും തനിക്ക് വഴങ്ങും എന്നു തെളിയിച്ചു.

പല ഭാഷകളിലായി നൂറോളം സിനിമകള്‍ അഭിനയിച്ച സമ്പത്ത് പുതിയ സിനിമയായ ഗാംബിനോസിലും ശക്തമായ വില്ലൻ കഥാപാത്രവുമായി എത്തുന്നു.

സംവിധായകന്‍ വിനയന്റെ മകന്‍ വിഷ്ണു വിനയന്‍ നായകനാകുന്ന ഗാംബിനോസ് റിലീസിന് ഒരുങ്ങുന്നു. രാമലീലയ്ക്കു ശേഷം രാധിക ശരത്കുമാർ മറ്റൊരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

സമ്പത്ത്, ശ്രീജിത് രവി, നീരജ , സിജോയ് വർഗീസ്, മുസ്തഫ, സാലു കെ. ജോർജ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഓസ്ട്രേലിയൻ ഫിലിം കമ്പനിയായ കങ്കാരൂ ബ്രോഡ്കാസ്റ്റിങ് ആണ് ഗാംബിനോസ് നിർമ്മിക്കുന്നത്. ഇറോസ് ഇന്റർനാഷണൽ ആണ് വിതരണം.

ഒരു അധോലോക കുടുംബത്തിന്റെ കഥ പറയുകയാണ് ഗാംബിനോസ്. ശക്തരായ അധോലോക കുടുംബമാണ് ഗാംബിനോസ്. ഒരു തെളിവ് പോലും അവശേഷിപ്പിക്കാതെയാണ് അവരുടെ കൊലപാതക രീതി.

അമേരിക്കയിൽ താമസമാക്കിയ ഈ ഇറ്റാലിയൻ കുടുംബത്തിനെ പൊലീസിനുപോലും ഭയമായിരുന്നു. ഈ അധോലോക കുടുംബത്തിൽ നിന്നു പ്രചോദനമുള്‍ക്കൊണ്ട് നവാഗതനായ ഗിരീഷ് പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ദ് ഗാംബിനോസ്. ചിത്രത്തിന്റെ ട്രെയിലറിന് യൂട്യൂബിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്.