മോദിയുടെ തെരഞ്ഞെടുപ്പു ഗിമ്മിക്ക്; മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവർക്ക് സംവരണം കൊണ്ടുവരുന്നതിനെ കുറിച്ച് പ്രകാശ് കാരാട്ട്

മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി ദുർബലമായ വിഭാഗങ്ങൾക്ക് സർക്കാർ ജോലിയിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും പത്ത് ശതമാനം സംവരണം നൽകുന്നതിന് ഭരണഘടനാഭേദഗതി കൊണ്ടുവരാനുള്ള കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം വിവാദമായിരിക്കുകയാണല്ലോ. ധൃതിപിടിച്ച് ഇത്തരമൊരു തീരുമാനമെടുത്ത സർക്കാരിന്റെ ഉദ്ദേശ്യശുദ്ധിയെ പലരും ചോദ്യംചെയ്യുകയാണ്. അതോടൊപ്പം കോടതികളിലെ നിയമപരിശോധന ഇത് അതിജീവിക്കുമോ എന്ന സംശയവും പലരും ഉയർത്തുന്നു.

ഈ വിഷയം ശരിക്കും മനസ്സിലാക്കണമെങ്കിൽ ചരിത്രത്തിലേക്ക് കണ്ണോടിച്ച് ഈ ആവശ്യം എങ്ങനെയാണ് ഉയർന്നുവന്നതെന്നും നടപ്പാക്കാൻ ആവശ്യപ്പെട്ടതെന്നുമുള്ള കാര്യങ്ങൾ പരിശോധിക്കണം.

മറ്റു പിന്നോക്കസമുദായങ്ങൾക്ക് (ഒബിസി) ജോലിയിൽ സംവരണം നൽകുന്ന മണ്ഡൽ കമീഷൻ നിർദേശങ്ങൾ നടപ്പാക്കാൻ വി പി സിങ്ങിന്റെ നേതൃത്വത്തിലുള്ള ദേശീയമുന്നണി സർക്കാർ 1990ലാണ് തീരുമാനിക്കുന്നത്. ഒബിസി വിഭാഗങ്ങൾക്ക് സംവരണം ഏർപ്പെടുത്തുന്ന ഈ തീരുമാനത്തിനെതിരെ സവർണജാതിക്കാർ അതിരൂക്ഷമായി പ്രതിഷേധിച്ചു. പ്രത്യേകിച്ചും വടക്കേ ഇന്ത്യയിൽ.

അന്ന് ഒബിസി വിഭാഗങ്ങൾക്ക് സംവരണം നൽകുന്നതിനെതിരെയുള്ള പ്രധാന വാദം, സംവരണാനുകൂല്യങ്ങളുടെ പരിധിയിൽ വരുന്ന പട്ടികജാതി (എസ‌്‌സി), പട്ടിക വർഗ (എസ്ടി), ഒബിസി വിഭാഗങ്ങൾക്കുപുറത്ത് സാമ്പത്തികമായി താഴെക്കിടയിലുള്ള പാവപ്പെട്ടവർ ഏറെയുണ്ട് എന്നതായിരുന്നു. അതിനാൽ ഒബിസി വിഭാഗങ്ങൾക്കുമാത്രം സംവരണം നൽകുന്നത് ജനറൽ കാറ്റഗറിയിൽപെട്ട പാവപ്പെട്ട ജനവിഭാഗങ്ങളോട് കാട്ടുന്ന അനീതിയാണെന്നും വിലയിരുത്തപ്പെട്ടു.

കർപ്പൂരി ഠാക്കൂർ ഫോർമുല

ഒബിസിക്കാർക്ക് സംവരണം നൽകുന്നതിനെ സിപിഐ എം പിന്തുണച്ചിരുന്നു. കാരണം സാമൂഹ്യമായി ഏറെ വിവേചനത്തിന് ഇരയായിരുന്നവരായിരുന്നു അവർ. ഭരണഘടനയിൽത്തന്നെ അവരെ ‘സാമുഹ്യമായും വിദ്യാഭ്യാസപരമായും പിന്നോക്കം’ നിൽക്കുന്ന വിഭാഗമായാണ് പരിഗണിച്ചത്. അതുകൊണ്ടുതന്നെ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളെപോലെ മറ്റു പിന്നോക്കസമുദായങ്ങൾക്കും സംവരണം ആവശ്യമായിരുന്നു.

എന്നിരുന്നാലും സാമുഹ്യ–-സാമ്പത്തികപദവികളിൽ ഏറ്റവും താഴെ നിൽക്കുന്ന എസ‌്‌സി, എസ്ടി വിഭാഗങ്ങളിൽനിന്ന‌് വ്യത്യസ‌്തമായി ഒബിസി വിഭാഗങ്ങൾക്കുള്ള സംവരണത്തിൽ സാമ്പത്തിക മാനദണ്ഡം വേണമായിരുന്നു. കാരണം ഒബിസി വിഭാഗങ്ങളിൽത്തന്നെ സാമ്പത്തികമായി വലിയ അന്തരം ദൃശ്യമായിരുന്നു. ഒബിസിയിലെ ചില വിഭാഗം ഭൂമിയും മറ്റു വിഭവങ്ങളും ഉള്ള സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലുള്ളവരായിരുന്നു. അതിനാൽ സംവരണം നൽകുമ്പോൾ ഒബിസിയിലെ ഏറെ പിന്നോക്കം നിൽക്കുന്നവർക്കായിരിക്കണം അതിന്റെ ഗുണം ലഭിക്കേണ്ടത്. അതിനാലാണ് പാർടി ഒബിസി സംവരണത്തിന് സാമ്പത്തിക മാനദണ്ഡം വേണമെന്ന നെട്ടൂർ ദാമോദരൻ കമീഷൻ റിപ്പോർട്ടിനെ പിന്തുണച്ചത്.

അതേസമയംതന്നെ എല്ലാ ജാതിയിലുംപെട്ട ദരിദ്രജനവിഭാഗങ്ങൾ തമ്മിലുള്ള ഐക്യം ഊട്ടിയുറപ്പിച്ച്, സംവരണവിഷയം ഉയർത്തിക്കൊണ്ടുവന്ന തീവ്രമായ ജാതിവിഭജനത്തെ മറികടക്കുന്നതിനായി ജനറൽ കാറ്റഗറിയിൽപെട്ട ദരിദ്രജനവിഭാഗങ്ങൾക്കും പ്രത്യേക ശതമാനം സംവരണം നൽകണമെന്ന് സിപിഐ എം വാദിച്ചു.

ബിഹാറിലെ കർപ്പൂരി ഠാക്കൂർ സർക്കാർ 1980 കളുടെ ആദ്യത്തിൽ ഒബിസി വിഭാഗങ്ങൾക്ക് സംവരണാനുകൂല്യം നടപ്പാക്കിയപ്പോൾ ശക്തമായ സംവരണവിരുദ്ധപ്രസ്ഥാനംതന്നെ അവിടെ ഉടലെടുത്തു. അന്ന് ബിഹാർ മുഖ്യമന്ത്രിയും ലോഹ്യ സോഷ്യലിസ്റ്റുമായ കർപ്പൂരി ഠാക്കൂറും സിപിഐ എം ജനറൽ സെക്രട്ടറി ഇ എം എസ് നമ്പൂതിരിപ്പാടുംതമ്മിൽ വിശദമായ ചർച്ച നടക്കുകയുണ്ടായി.

ഈ ചർച്ചയുടെ ഫലമായി സംവരണത്തിനുളള്ള ഒരു ഫോർമുല മുന്നോട്ടുവയ‌്ക്കപ്പെട്ടു. ഇതിനെ കർപ്പൂരി ഠാക്കൂർ ഫോർമുല എന്നാണ് അറിയപ്പെടുന്നത്. പിന്നോക്കാവസ്ഥയുടെ തോതനുസരിച്ച് പിന്നോക്ക ജനവിഭാഗങ്ങളെ വ്യത്യസ‌്ത വിഭാഗങ്ങളായി–- പിന്നോക്കം അതി പിന്നോക്കം–-എന്നിങ്ങനെ തരംതിരിക്കുകയും അവർക്ക് പ്രത്യേക ശതമാനം സംവരണം നിശ്ചയിക്കുകയും ചെയ‌്തു. മുന്നോക്കസമുദായങ്ങളിലെ പാവങ്ങൾക്കും മൂന്ന് ശതമാനം സംവരണം ഏർപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് 1991 ലെ പൊതുതെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രികയിൽ സിപിഐ എം ഇപ്രകാരം പറഞ്ഞത്.

പിന്നോക്കവിഭാഗങ്ങൾക്ക് കേന്ദ്ര സർവീസുകളിൽ സംവരണം നൽകണമെന്ന മണ്ഡൽ കമീഷൻ റിപ്പോർട്ട് നടപ്പാക്കുന്നതിനെ സിപിഐ എം പിന്തുണച്ചിരുന്നു. സാമൂഹ്യനീതി ലഭ്യമാക്കുന്നതിനുള്ള നടപടിയാണിത്. ജാതിശ്രേണിയിൽ അടിച്ചമർത്തലിന് വിധേയമായി സാമൂഹ്യമായി പിന്നോക്കംനിൽക്കുന്നവർക്ക് സർക്കാർ ജോലിയിൽ പ്രവേശിക്കാൻ ഇത് അവസരമൊരുക്കും. അതിനാൽ സംവരണം ഇല്ലാതാക്കാനുള്ള ഏത് നീക്കത്തെയും സിപിഐ എം എതിർക്കും. പിന്നോക്കവിഭാഗങ്ങളിലെ അർഹരായവർക്ക് ഈ ആനുകൂല്യം ലഭ്യമാകണം. ഒരു ദശാബ്ദമായി ബിഹാറിൽ നടപ്പിലാക്കിവരുന്ന കർപ്പൂരി ഠാക്കൂർ ഫോർമുലയുടെ അടിസ്ഥാനത്തിലായിരിക്കണം, പിന്നോക്ക വിഭാഗങ്ങൾക്കായുള്ള സംവരണം നടപ്പാക്കുന്നതിനുള്ള, എല്ലാവർക്കും സ്വീകാര്യമായ സമവായം കെടിപ്പടുക്കേണ്ടത്. സവർണജാതികളിലെ പാവപ്പെട്ടവർക്കും ആശ്വാസം വേണമെന്ന കാര്യം സിപിഐ എം പൂർണമായും അംഗീകരിക്കുന്നു.’

പ്രശ‌്നത്തെ ഗൗരവമായി സമീപിക്കുന്നില്ല

നരസിംഹറാവു സർക്കാർ 1991 ൽ ഒബിസി വിഭാഗങ്ങൾക്ക് 27 ശതമാനം സംവരണം ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് ഇറക്കിയപ്പോൾ അതിനകത്ത് വ്യക്തമായ സാമ്പത്തിക മാനദണ്ഡം മുന്നോട്ടുവയ‌്ക്കപ്പെട്ടിരുന്നു. 10 ശതമാനം ജനറൽ കാറ്റഗറിയിലെ സാമ്പത്തികമായി പിന്നോക്കംനിൽക്കുന്ന വിഭാഗങ്ങൾക്കായി പ്രത്യേകം മാറ്റിവയ‌്ക്കുകയും ചെയ‌്തു. സിപിഐ എമ്മിന്റെ സമീപനത്തെ പൊതുവെ അംഗീകരിക്കുന്ന നടപടിയായിരുന്നു ഇത്. എന്നാൽ, സുപ്രീംകോടതി ഒബിസിക്കുള്ള 27 ശതമാനം സംവരണത്തെമാത്രം അംഗീകരിക്കുകയും ജനറൽ കാറ്റഗറിക്കുള്ള സംവരണം റദ്ദാക്കുകയുംചെയ‌്തു.

ലോക‌്സഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയിലാണ് മുന്നോക്കസമുദായത്തിലുള്ളവർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്താൻ മോഡി സർക്കാർ ധൃതിപിടിച്ച് തീരുമാനിച്ചത്. ഇതിനായി ഭരണഘടനാഭേദഗതി കൊണ്ടുവരുമെന്നും പിന്നീട് അറിയിച്ചു. പൊതുതെരഞ്ഞെടുപ്പിന് 100 ദിവസം മുമ്പ് മാത്രം മോഡി സർക്കാർ ഇത്തരമൊരു പ്രഖ്യാപനം നടത്തുന്നത് വോട്ടിൽ കണ്ണുനട്ടാണെന്ന് വ്യക്തം.

പുതിയ തൊഴിൽ സൃഷ്ടിക്കുന്നതിൽ കേന്ദ്ര സർക്കാർ പൂർണമായും പരാജയപ്പെട്ടെന്ന് ബിജെപിക്ക് കൃത്യമായി അറിയാം. മാത്രമല്ല, നിലവിലുള്ള തൊഴിൽ വൻതോതിൽ നഷ്ടപ്പെടുകയും ചെയ‌്തു. ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെടാനുള്ള കാരണങ്ങളിലൊന്ന‌് ഇതുതന്നെയാണ്.

സംവരണാനുകൂല്യം നിലവിലില്ലാത്ത, അതിനുവേണ്ടി വാദിക്കുന്ന ജാതികളിൽനിന്നുള്ള എതിർപ്പ് കുറയ‌്ക്കാൻ ഈ നടപടി സഹായിക്കുമെന്നാണ് മോഡി സർക്കാരിന്റെ പ്രതീക്ഷ. എന്നാൽ സാമ്പത്തിക പിന്നോക്കാവസ്ഥ നിർണയിക്കുന്നതിന് സർക്കാർ സ്വീകരിച്ച മാനദണ്ഡം വിരൽചൂണ്ടുന്നത് തീർത്തും അവഗണിക്കപ്പെട്ട പാവപ്പെട്ടവരുടെ പ്രശ്നത്തെ ഗൗരവമായല്ല അവർ സമീപിക്കുന്നത് എന്നാണ്.

സംവരണത്തിനുള്ള മാനദണ്ഡമനുസരിച്ച് വാർഷികവരുമാനം എട്ടുലക്ഷം രൂപയിൽ കുറഞ്ഞ, അഞ്ച് ഏക്കറിൽ കുറഞ്ഞ കൃഷിസ്ഥലമുള്ള, 1000 ചതുരശ്ര അടിയിൽ കുറഞ്ഞ വിസ‌്തീർണമുള്ള വീടോ, മുനിസിപ്പാലിറ്റികളിൽ 100 യാർഡിൽ കുറഞ്ഞ പാർപ്പിടഭൂമിയോ ഉള്ളവർക്കാണ് സംവരണത്തിന് അർഹത. ഇതിനർഥം ജനറൽ കാറ്റഗറിയിലെ 95 ശതമാനവും സംവരണത്തിന്റെ പരിധിയിൽ വരുമെന്നാണ്. ജനറൽ കാറ്റഗറിയിലെ പാവങ്ങൾക്ക് സംവരണം നൽകുകയെന്ന ലക്ഷ്യത്തെ പരാജയപ്പെടുത്തുന്ന നീക്കമാണിത്.

നവ ലിബറൽ പരിഷ‌്കാരങ്ങൾ ശക്തമായി നടപ്പാക്കുകവഴി തൊഴിൽരഹിത വളർച്ചയാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. നിലവിൽ സർക്കാർ തസ്‌തികകളിലെ എസ‌്‌സി, എസ്ടി, ഒബിസി ക്വോട്ടയിൽപോലും നിയമനം നടക്കുന്നില്ല. സർക്കാർ മേഖലയിൽ തസ്‌തികകൾ വെട്ടിക്കുറയ‌്ക്കുന്നതും സ്വകാര്യമേഖലയിൽ സംവരണം ഇല്ലാത്തതും കാരണം സംവരണംവഴി ലഭിക്കാവുന്ന തൊഴിലവസരങ്ങൾ ഇന്ന് ഏറെ തുച്ഛമാണ്.

അതിനാൽ പാവപ്പെട്ടവരെ സഹായിക്കാനുള്ള ഗൗരവമായ നടപടിയൊന്നുമല്ല ഇത്. തെരഞ്ഞെടുപ്പ് നേട്ടം ലക്ഷ്യമാക്കിയുള്ള രാഷ്ട്രീയനീക്കം മാത്രമാണിത്. വിശദമായ ചർച്ചയ‌്ക്കൊന്നും തയ്യാറാകാതെ ഒരു മുന്നൊരുക്കവും നടത്താതെ ഭരണഘടനാ ഭേദഗതിക്ക് ഒരുങ്ങുന്നതിൽനിന്നുതന്നെ ഇത് മനസ്സിലാക്കാം.

നേരത്തെയൊക്കെ ഭരണഘടനാഭേദഗതികൾ കൊണ്ടുവന്നത് വേണ്ടത്ര ആലോചനയും ആസൂത്രണവും നടത്തിയായിരുന്നു. ബിൽ ഇതിനകംതന്നെ ലോക‌്സഭ പാസാക്കിക്കഴിഞ്ഞു. ഇതെഴുതുമ്പോൾ രാജ്യസഭ ബിൽ ചർച്ചചെയ്യുകയാണ്. പുതിയ നടപടി മോഡി സർക്കാർ ഗൗരവബുദ്ധിയോടെ നടപ്പാക്കുമോ എന്ന ചോദ്യമാണ് ഈ ഘട്ടത്തിൽ പ്രധാനമായും ഉയരുന്നത്.

സന്തുലിതമായ സാമൂഹ്യ–-സാമ്പത്തികവികസനം നേടാതെ, ക്രമാനുഗതമായി തൊഴിലവസരങ്ങൾ സൃഷ്ടിക്കാതെ തൊഴിലില്ലായ്മയ‌്ക്ക് പരിഹാരം കാണാനാകില്ല. എസ‌്‌സി, എസ്ടി, ഒബിസി ഒഴിവുകൾ നികത്തുന്നതിൽ സർക്കാർ ആത്മാർഥത കാട്ടുകയും ഈ വിഭാഗങ്ങൾക്ക് സ്വകാര്യമേഖലയിൽ സംവരണം ഏർപ്പെടുത്തുകയും വേണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News