ഏപ്രില്‍ ഒന്നുമുതല്‍ സംസ്ഥാനത്തെ ട്രഷറികള്‍ ഡിജിറ്റലാവുന്നു

തിരുവനന്തപുരം: ഏപ്രിൽ ഒന്നുമുതൽ സംസ്ഥാനത്തെ ട്രഷറികൾ കറൻസിരഹിതവും കടലാസ‌് രഹിതവുമാകും.

കൂടുതൽ സുതാര്യതയും വേഗവുമുള്ള ഇടപാടുകൾ ഉറപ്പാക്കാനാകുന്നതോടെ ഇടപാടുകാരുടെ ഓഫീസ‌് കയറിയിറങ്ങലും അവസാനിക്കും.

സംയോജിത ധനകാര്യ പരിപാലന സമ്പ്രദായം വഴി ഇടപാടുകാരുടെ അക്കൗണ്ടിൽ വരവ‌് ചെയ്യുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തുന്നതിനാൽ കറൻസിയുടെ ഉപയോഗം പരമാവധി കുറയും.

സംസ്ഥാനത്തെ ട്രഷറികളിൽ 23.40 ലക്ഷം അക്കൗണ്ടുകളിലാണ‌് ഇടപാടുകൾ. ശമ്പള വിതരണത്തിനും പദ്ധതിയും പദ്ധതിയിതരവും ഉൾപ്പെടെയുള്ള ചെലവുകൾക്കുമായി 33022 വകുപ്പുതല അക്കൗണ്ട‌്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിനിർവഹണവുമായി ബന്ധപ്പെട്ട 16593 അക്കൗണ്ട‌് (വിര്‍ച്വല്‍ അക്കൗണ്ടുകൾ), 460424 പെൻഷൻ വിതരണ അക്കൗണ്ട‌്,

1040349 ട്രഷറി സമ്പാദ്യ അക്കൗണ്ട‌്, 789121 ട്രഷറി സ്ഥിരനിക്ഷേപ അക്കൗണ്ട‌് എന്നിവയിലൂടെയാണ‌് പണിമിടപാടുകൾ.

ഇവയെല്ലാം കംപ്യൂട്ടർ ശൃംഖലവഴി പ്രവർത്തനസജ്ജമാക്കും. സർക്കാർ ജീവനക്കാരുടെ ശമ്പളവിതരണം പൂർണമായും സ‌്പാർക്ക‌് (സർവീസ‌് ആൻഡ‌് പേ റോൾ റെപ്പോസിറ്ററി ഓഫ‌് കേരള) എന്ന ഓൺലൈൻ സംവിധാനം വഴിയാക്കി.

ആവശ്യപ്പെട്ടവർക്ക‌് ബാങ്ക‌് അക്കൗണ്ടിലേക്കും അല്ലാത്തവർക്ക‌് ട്രഷറി സേവിങ‌്സ‌് ബാങ്ക‌് അക്കൗണ്ടിലേക്കും ശമ്പളമെത്തുന്നു.

ഇതിന്റെ തുടർച്ചയായി യാത്രാബത്ത ബില്ലുകൾ, ലീവ‌് സറണ്ടർ,അഡ്വാൻസ‌് തുടങ്ങിയവയുടെ വിതരണവും ഓൺലൈൻവഴിയാകും.

ഫയലോ, അതെല്ലാം മറന്നേക്കൂ

സ‌്പാർക്ക് നടത്തിപ്പിലെ പ്രായോഗിക അനുഭവങ്ങളും ചേർത്ത് കുറ്റമറ്റതും പൂർണസുരക്ഷ ഉറപ്പാക്കുന്നതുമായ സംവിധാനമാണ‌് ഐഎഫ‌്എംഎസിൽ ഒരുക്കുന്നത‌്.

കൈയെഴുത്തിലുള്ള ബില്ലുകളുടെ ഫയലിങ‌് സമ്പ്രദായം ഇല്ലാതാകും. ട്രഷറികളിൽ കടലാസ‌് ഫയലുകളുടെ കുന്നുകൂട‌ൽ അവസാനിക്കും.

കടലാസ‌് ഫയൽ സൂക്ഷിക്കേണ്ടിവരുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ‌് ബില്ലുകൾക്കൊപ്പം പർച്ചേസ‌് ബില്ലുകളും സമർപ്പിക്കണമെന്ന സിഎജി ഓഫീസിന്റെ നിർദേശം.

ഇതിനും പരിഹാരമാകുകയാണ‌്. ബില്ലുകളും ഓൺലൈനിലൂടെ (ഇ–-ബില്ലിങ‌് സമ്പ്രദായം) സമർപ്പിക്കാൻ സൗകര്യമൊരുങ്ങും. ഇതിനായി ഡിഡിഒമാർക്ക‌് (ഡ്രോയിങ് ആൻഡ‌് ഡിസ‌്ബേഴ്സിങ് ഓഫീസർ) ഡിജിറ്റൽ സി​ഗ്നേച്ചർ സൗകര്യമുണ്ടാകും.

ആധാറുമായി ബന്ധിപ്പിച്ചുള്ള ഇ–-സൈനും (ഓൺലൈനിൽ ഒപ്പ‌് രേഖപ്പെടുത്തൽ) ഇവര്‍ക്ക് ലഭ്യമാകും. ഇതിന്റെ സുരക്ഷ ഉറപ്പാക്കാനായി ഒടിപി (ഒൺ ടൈം പാസ‌്‌‌വേർഡ‌്) സൗകര്യവുമുണ്ടാകും.

ബിഎസ‌്എൻഎല്ലുമായി ഇതുസംബന്ധിച്ച ചർച്ച അവസാനഘട്ടത്തിലാണ‌്. ട്രഷറി സേവിങ‌്സ‌് ബാങ്ക‌് , പെൻഷൻ, സർക്കാർ വകുപ്പ‌് തുടങ്ങിയ അക്കൗണ്ടുകളിലെ പണിമിടപാടുകൾക്ക‌് എസ‌്എംഎസ‌് അലർട്ട‌് സൗകര്യം ഉറപ്പാക്കുന്നതിനുള്ള ചർച്ചകളും ബിഎസ‌്എൻഎല്ലുമായി തുടരുന്നു.

പെൻഷൻ ബുക്ക‌് രേഖപ്പെടുത്തലടക്കം ഇ–-സംവിധാനത്തിലേക്ക‌് മാറുന്നതോടെ ട്രഷറികൾ പൂർണമായും കടലാസ‌് രഹിതമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here