ഇതാണ് കേരളം; രഞ്ജിയില്‍ ഹിമാചലിനെതിരായ നാടകീയ ജയത്തോടെ നോക്കൗട്ട് റൗണ്ടില്‍

ഹിമാചലിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിന് ജയം. 297 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളം എകദിന ശൈലിയില്‍ ആണ് ബാറ്റ് വീശിയത്. തുടക്കത്തില്‍ തന്നെ കഴിഞ്ഞ കളിയിലെ സെഞ്ച്വറി വീരന്‍ രാഹുല്‍ 14 റണ്‍സ് എടുത്തപ്പോഴേക്കും കേരളത്തിന് നഷ്ടമായി. പക്ഷേ ക്രീസില്‍ ഉറച്ചു നിന്ന വിനൂപ് മനോഹരനും സച്ചിന്‍ ബേബിയും വിജയം അതിവേഗം കൈകളിലെത്തക്കുമെന്ന് തോന്നിപ്പിച്ചിരുന്നു.

സ്‌കോര്‍ 206 ല്‍ എത്തിയപ്പോള്‍ സെഞ്ച്വറിക്ക് നാല് റണ്‍സ് അകലെ വിനൂപ് പുറത്തായി. പിന്നാലെ എത്തിയ മുഹമ്മദ് അസ്ഹറുദ്ദീന്‍ പൂജ്യനായി മടങ്ങിയപ്പോള്‍ മറ്റൊരു ദുരന്തമാണ് ആരാധകര്‍ പ്രതീക്ഷിച്ചത്. പക്ഷേ പിന്നാലെ എത്തിയ ഇന്ത്യന്‍ താരം സഞ്ജു സാംസണ്‍ നടത്തിയ വെടിക്കെട്ട് ബാറ്റിങ് ക്രീസില്‍ ഉണ്ടായിരുന്ന സച്ചിന്‍ ബേബിയില്‍ നിന്നും മുഴുവന്‍ ഭാരവും നീക്കുന്നതായിരുന്നു. വിജയത്തിന് രണ്ട് റണ്‍സ് അകലെയാണ് 92 റണ്‍സ് നേടിയ സച്ചിന്‍ ബേബി പുറത്തായത്. സഞ്ജു സാംസണ്‍ 53 പന്തില്‍ 61 റണ്‍സ് നേടി.

കേരളത്തിനെതിരെ ഒന്നാം ഇന്നിങ്സിൽ 11 റൺസിന്‍റെ ലീഡ് നേടിയ ഹിമാചൽ, മൂന്നാം ദിനം കളി നിർത്തുമ്പോൾ രണ്ടാം ഇന്നിങ്സിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 285 റൺസ് എന്ന നിലയിലായിരുന്നു.

ഇരു ടീമുകൾക്കും മുന്നോട്ടു പോകാൻ മൽസരത്തിന് ഫലം അനിവാര്യമായ സാഹചര്യത്തിൽ ഇതേ സ്കോറിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്യാനുള്ള ഹിമാചൽ ക്യാപ്റ്റന്‍റെ  തീരുമാനമാണ് നാലാം ദിനം പോരാട്ടം ആവേശകരമാക്കിയത്.

ഇതോടെ ഹിമാചൽ അവസാന ദിനം കേരളത്തിന് മുന്നിലുയര്‍ത്തിയത് 297 റണ്‍സിന്‍റെ വിജയലക്ഷ്യം. തുടര്‍ന്ന് അംതാറില്‍ ജീവന്മരണ പോരാട്ടത്തില്‍ ഏകദിന ശൈലിയില്‍ ബാറ്റ് വീശിയാണ് കേരളം 67 ഓവറില്‍ വിജയം അടിച്ചെടുത്തത്. 4.46 റണ്‍നിരക്കിലാണ് കേരളം വിജയം കണ്ടത്.

സ്കോര്‍: ഹിമാചല്‍ പ്രദേശ് ഒന്നാം ഇന്നിങ്ങ്സില്‍ 297, രണ്ടാം ഇന്നിങ്ങ്സില്‍ 8ന് 285 റണ്‍സ് ഡിക്ലയേര്‍ഡ്;  കേരളം ഒന്നാം ഇന്നിങ്ങ്സ് 286 ന് പുറത്ത്, രണ്ടാം ഇന്നിങ്ങ്സില്‍ 5 ന് 299 റണ്‍സ്.

ജയത്തോടെ കേരളം നോക്കൗട്ട് റൗണ്ടില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here