പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജനുവരി 15ന്റെ കേരള സന്ദർശനം ഭരണപരവും രാഷ്ട്രീയവുമായി സവിശേഷമായ വഴിത്തിരിവുകളൊന്നും സൃഷ്ടിക്കുന്നതല്ല.

എങ്കിലും ഈ വരവിന് ഒരു രാഷ്ട്രീയ‐സാമൂഹ്യ‐ഭരണ പശ്ചാത്തലമുണ്ട്. അഞ്ചുവർഷത്തെ ഭരണം ഇവിടംകൊണ്ടവസാനിപ്പിക്കാൻ നിർബന്ധിതമായ ഒരു രാഷ്ട്രീയ കാലാവസ്ഥയാണ് ഇന്ത്യയിൽ മോഡി നേരിടുന്നത്. അതായത് മുകളിലെത്തുംമുമ്പേ തളപ്പ് അറ്റുപോയ അവസ്ഥ.

തിരിച്ചുകിട്ടാനിടയില്ലാത്ത അധികാരത്തിന്റെ അവസാന ദിനങ്ങൾ എണ്ണുകയാണ്. കേന്ദ്രഭരണം നഷ്ടപ്പെടാൻ പോകുന്നൂവെന്ന തിരിച്ചറിവിൽ, ഇപ്പോഴുള്ള അധികാരം ഉപയോഗിച്ച് ഭരണസംവിധാനങ്ങളുടെ താക്കോൽ സ്ഥാനത്ത് ചില തിരുകിക്കയറ്റലുകൾ നടത്താനുള്ള പെടാപ്പാടിലാണ്. പക്ഷേ, അതിനും തിരിച്ചടിയുണ്ടായിരിക്കുന്നു.

വസ്തുതാവിരുദ്ധമായ ആക്ഷേപം

സിബിഐ ഭരണം അർധരാത്രിയിൽ പിടിച്ചെടുത്ത കേന്ദ്രസർക്കാർ നടപടി സുപ്രീംകോടതി റദ്ദാക്കിയത് അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

രാജ്യത്തെ മുഖ്യ കുറ്റാന്വേഷണ ഏജൻസിയുടെ തലവൻ അലോക് വർമയെ മോഡി സർക്കാർ ഒരു പാതിരാ അട്ടിമറിയിലൂടെ നീക്കംചെയ്തു.

റഫേൽ യുദ്ധവിമാന അഴിമതിയിടപാട് പരിഗണിക്കുന്ന വേളയിലാണ് അലോക് വർമയെ തെറിപ്പിച്ചത്. പക്ഷേ, ചീഫ് ജസ്റ്റിസ് രഞ‌്ജൻ ഗെഗോയ് അധ്യക്ഷനായ ബെഞ്ച്, ഡയറക്ടർ സ്ഥാനത്ത് അദ്ദേഹത്തെ വീണ്ടും നിയമിച്ചു. പക്ഷേ, ഇനി ഒരുമാസത്തിന് താഴെമാത്രമേ കാലാവധിയുള്ളു.

എങ്കിലും ഒരു സിബിഐ ഡയറക്ടറെപോലും നിയമവിരുദ്ധമായി മാറ്റാൻ കഴിയില്ലായെന്ന് കേന്ദ്രഭരണത്തെ ഓർമപ്പെടുത്തുകയാണ് ഈ സംഭവം.

ഇതുള്ളപ്പോൾ തന്നെയാണ് കേരളത്തിലെ എൽഡിഎഫ് സർക്കാരിനെതിരെ ബിജെപിയുടെ ചന്ദ്രഹാസമിളക്കം. പിണറായി വിജയൻ സർക്കാരിനെ പിരിച്ചുവിടണമെന്ന ആക്രോശം പാർലമെന്റിനകത്തും പുറത്തും ബിജെപി നടത്തി.

ഇവരുടെ ആവശ്യത്തിന് ശക്തിപകർന്ന് കേരളത്തിൽ ക്രമസമാധാനം തകർന്നൂവെന്ന വസ്തുതാവിരുദ്ധമായ ആക്ഷേപം ചില കേന്ദ്രമന്ത്രിമാരുൾപ്പെടെ നടത്തുന്നുണ്ട്.

കേരളത്തിൽ സംഭവിച്ചത് എന്താണെന്ന് പ്രധാനമന്ത്രി നീതിമാനാണെങ്കിൽ മനസ്സുതുറന്ന് കാണാൻ കേരള സന്ദർശനത്തെ ഉപയോഗപ്പെടുത്തണം. എന്നാൽ, കറകളഞ്ഞ സംഘപരിവാർ നേതാവായതിനാൽ മോഡിയിൽനിന്ന‌് അത് പ്രതീക്ഷിക്കേണ്ട.

ശബരിമലയിൽ യുവതീപ്രവേശനത്തിന് അനുമതി നൽകിയ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയെത്തുടർന്ന് രണ്ട് യുവതികൾ ശബരിമല ദർശനം നടത്തി.

അതിന്റെ വാർത്ത പുറത്തുവന്നപ്പോൾ സംസ്ഥാനത്ത് സമീപകാലങ്ങളിൽ കാണാത്തത്ര ഭീകരമായ പൊതുമുതൽ നശീകരണവും അക്രമവും ബിജെപി ‐ ആർഎസ്എസ് നടത്തി

ശബരിമലയിൽ യുവതീപ്രവേശനത്തിന് അനുമതി നൽകിയ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയെത്തുടർന്ന് രണ്ട് യുവതികൾ ശബരിമല ദർശനം നടത്തി.

അതിന്റെ വാർത്ത പുറത്തുവന്നപ്പോൾ സംസ്ഥാനത്ത് സമീപകാലങ്ങളിൽ കാണാത്തത്ര ഭീകരമായ പൊതുമുതൽ നശീകരണവും അക്രമവും ബിജെപി ‐ ആർഎസ്എസ് നടത്തി.

വാർത്ത റിപ്പോർട്ട് ചെയ്യാനുള്ള മാധ്യമങ്ങളുടെ സ്വാതന്ത്ര്യം നിഷേധിക്കുകയും മാധ്യമപ്രവർത്തകരെ അക്രമിക്കുകയും ക്യാമറ അടക്കമുള്ള ഉപകരണങ്ങൾ അടിച്ചുതകർക്കുകയും ചെയ്തു.

സ്വന്തം അനുയായികൾ അഴിഞ്ഞാടി ക്രമസമാധാനം തകർത്തൂവെന്ന് വരുത്താൻ ഒരുവശത്ത് നോക്കുമ്പോൾ, മറുവശത്ത് കേരളത്തിൽ ക്രമസമാധാനം തകർന്നൂവെന്ന് മുറവിളി കൂട്ടുകയല്ല കേന്ദ്രഭരണക്കാർ ചെയ്യേണ്ടത്. ആ അക്രമികളെ നിലയ്ക്കുനിർത്താൻ നടപടിയെടുക്കുകയാണ് ഒരു ഭരണാധികാരി ചെയ്യേണ്ടത്.

ക്രമസമാധാനത്തിലും ശാന്തിയിലും പൊതുവിൽ ഇന്ത്യയിലെ മികച്ച സംസ്ഥാനമാണ് കേരളം. ഏറ്റവും വലിയ ക്രമസമാധാനം തകർച്ച ബിജെപി ഭരിക്കുന്ന യുപിയിലാണ്.

യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ ശേഷം അവിടെ വർഗീയകലാപത്തിന്റെ എണ്ണം കുതിച്ചുയർന്നു. കഴിഞ്ഞ ഒരുവർഷംമാത്രം 195 വർഗീയകലാപമുണ്ടായി.

ആൾക്കൂട്ട കൊലപാതകങ്ങൾ തുടർക്കഥകളാണ്. പൊലീസുകാരെയും പൊലീസ് ഉദ്യോഗസ്ഥരെയും കാവിപ്പട വെടിവച്ചും കല്ലെറിഞ്ഞും കൊല്ലുന്നു.

ബിജെപി ഭരണമുണ്ടായിരുന്ന മധ്യപ്രദേശിലും ആൾക്കൂട്ട കൊലപാതകങ്ങൾ നിത്യസംഭവമായിരുന്നു. ഇതാണ് ഇന്ത്യൻ യാഥാർഥ്യമെന്നിരിക്കേ പൊതുവിൽ ശാന്തി പുലരുന്ന കേരളത്തിൽ ക്രമസമാധാന തകർച്ചയെന്ന മുറവിളികൂട്ടി സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താൻ കേന്ദ്രഭരണത്തിന് കഴിയില്ല. അതിന് ഇന്ത്യൻജനത അനുവദിക്കുകയുമില്ല.

മോഡിയുടെ കേരളവരവിൽ ഒളിഞ്ഞിരിക്കുന്ന പ്രതിലോമ രാഷ്ട്രീയ താൽപ്പര്യമുണ്ട്. എൽഡിഎഫ് സർക്കാരും എൽഡിഎഫും ദേശീയമായി സംഘപരിവാറിന്റേയും മോഡി ഭരണത്തിന്റേയും കണ്ണിലെ കരടാണ്.

എൽഡിഎഫ് വിരുദ്ധ രാഷ്ട്രീയത്തിന് വിശാലവേദിയുണ്ടാക്കുകയെന്ന ലാക്ക് മോഡിക്കുണ്ട്. എങ്കിലും, 1959ലെ പോലെ വിമോചന സമരമോ രാഷ്ട്രപതി ഭരണമോ അടിച്ചേൽപ്പിക്കാൻ ഇന്ന് കഴിയില്ല.

ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാൻ നിലകൊള്ളുന്ന സംഘപരിവാറിന് മുന്നിലെ വിലങ്ങുതടിയാണ് കേരളത്തിലെ എൽഡിഎഫ് ഭരണം.

അതുകൊണ്ടുതന്നെ പിണറായി സർക്കാരിനെ അസ്ഥിരപ്പെടുത്താനും എൽഡിഎഫിനെ ദുർബലപ്പെടുത്താനും കേന്ദ്രഭരണാധികാരത്തേയും രാഷ്ട്രീയ സ്വാധീനത്തേയും ദുരുപയോഗപ്പെടുത്താനുള്ള വ്യഗ്രത മോഡിക്കും ബിജെപിക്കുമുണ്ടാകും.

പക്ഷേ, ജനങ്ങളുടെ വർധിച്ച പിന്തുണയുള്ള, നിയമസഭയിൽ ഭൂരിപക്ഷമുള്ള എൽഡിഎഫ് സർക്കാരിനെ ഇല്ലാതാക്കാമെന്ന മോഹം നടക്കില്ല.

രാഷ്ട്രീയ സംഘട്ടനങ്ങൾക്കും കൊലപാതകങ്ങൾക്കും എൽഡിഎഫ് സർക്കാർ പ്രോത്സാഹനം നൽകുന്നൂവെന്ന പ്രസ്താവന ആർഎസ്എസ് ‐ ബിജെപി നേതാക്കളെപ്പോലെ യുഡിഎഫ് നേതാക്കളും പുറപ്പെടുവിക്കുന്നു. ഇത് അസംബന്ധവും വസ്തുതാവിരുദ്ധവുമാണ്

സംഘപരിവാർ അക്രമം

ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയുടെ മറവിലാണ് കേരളത്തിൽ അരാജകത്വവും കലാപവും സംഘപരിവാർ ശക്തികൾ കെട്ടഴിച്ചു വിടുന്നത്.

ഇതിനെതിരെ രാഷ്ട്രീയത്തിന് അതീതമായി ജനങ്ങളും വ്യാപാരി‐വ്യവസായി സമൂഹവുമെല്ലാം രംഗത്തുവന്നിരിക്കുകയാണ്. എന്നാൽ, കേരളത്തിലെ കോൺഗ്രസും യുഡിഎഫും സംഘപരിവാർ ചേരിയെ ശക്തിപ്പെടുത്തുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

രാഷ്ട്രീയ സംഘട്ടനങ്ങൾക്കും കൊലപാതകങ്ങൾക്കും എൽഡിഎഫ് സർക്കാർ പ്രോത്സാഹനം നൽകുന്നൂവെന്ന പ്രസ്താവന ആർഎസ്എസ് ‐ ബിജെപി നേതാക്കളെപ്പോലെ യുഡിഎഫ് നേതാക്കളും പുറപ്പെടുവിക്കുന്നു. ഇത് അസംബന്ധവും വസ്തുതാവിരുദ്ധവുമാണ്.

രണ്ട് യുവതികൾ ശബരിമല ദർശനം നടത്തിയതിന് എന്തിനാണ് കേരളത്തിൽ കുഴപ്പമുണ്ടാക്കാൻ പിറ്റേദിവസം സംഘപരിവാർ തുനിഞ്ഞത്. ഈ വഴിതെറ്റലിനെ തുറന്ന് എതിർക്കാനും അക്രമികളെ ഒറ്റപ്പെടുത്താനും വിവേകമുള്ള ഒരു ഭരണാധികാരിയാണെങ്കിൽ പ്രധാനമന്ത്രി മുന്നോട്ടുവരണം.

കല്ലും ബോംബും ആയുധവും ഉയർത്തിയല്ല ശരണം വിളിക്കേണ്ടതെന്ന് സ്വന്തം അനുയായികളെ ഉപദേശിക്കണം. ശബരിമല യുവതീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധി കേന്ദ്രസർക്കാർ മാനിക്കുന്നോ, നിരാകരിക്കുന്നോയെന്ന് പ്രധാനമന്ത്രി ഇവിടെ വരുമ്പോൾ വ്യക്തമാക്കുമോ.

ഈ വിധി സംസ്ഥാന സർക്കാർ മാനിക്കണമെന്നാണ് കേന്ദ്രസർക്കാർ രേഖാമൂലം അറിയിച്ചിട്ടുള്ളത്. ആ നിലപാടിൽ മാറ്റമുണ്ടോ ?

ശബരിമല സന്നിധാനത്തെത്തിയ തൃശൂർ സ്വദേശി ലളിതാ രവിയെന്ന അമ്പത്തിരണ്ടുകാരി വീട്ടമ്മയുടെ തലയിലേക്ക് ഒരു കാവി അക്രമി തേങ്ങയെറിയാൻ ഭാവിക്കുന്ന ചിത്രം പത്രങ്ങളിൽ വന്നിരുന്നു. പേരമകളുടെ ചോറൂണിന് സന്നിധാനത്തെത്തിയപ്പോഴായിരുന്നു അവർ അക്രമത്തിനിരയായത്.

ആറ്മാസംമാത്രം പ്രായമായ ചെറുമകളേയും വീട്ടമ്മയേയും അക്രമികളിൽനിന്ന് രക്ഷിച്ചത് പൊലീസാണ്. ഇരുമുടികെട്ടിലെ തേങ്ങയെ ആചാരവസ്തു എന്നതിൽനിന്ന‌് അക്രമം നടത്താനുള്ള ആയുധമാക്കി സംഘപരിവാർ മാറ്റി.

ശബരിമലയുടെ പേരിൽ ഇപ്പോഴും തുടരുന്ന സർക്കാർവിരുദ്ധ പ്രക്ഷോഭത്തിന് അറുതിവരുത്താൻ പ്രധാനമന്ത്രി ഇവിടുത്തെ ആർഎസ്എസ് ‐ ബിജെപി നേതാക്കളെ ഉപദേശിക്കുമോ?

നാലരവർഷത്തെ ഭരണംകൊണ്ട് സാധാരണക്കാർക്കും ഇടത്തരക്കാർക്കും നല്ല ദിനങ്ങൾ പ്രധാനം ചെയ്യാൻ മോഡി ഭരണത്തിന് കഴിഞ്ഞിട്ടില്ല. ഒരുവർഷം രണ്ടുകോടി പേർക്ക് തൊഴിൽ നൽകുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ, കഴിഞ്ഞ വർഷംമാത്രം ഒരുകോടി പത്തുലക്ഷം പേർക്ക് തൊഴിൽ നഷ്ടമായി.

നോട്ട് റദ്ദാക്കലും ജിഎസ്ടിയുമെല്ലാം ജനദ്രോഹമായി. ഇതിലെല്ലാം സഹികെട്ടാണ് രാജ്യത്തെ ഇരുപതുകോടി തൊഴിലാളികൾ രണ്ടുദിവസത്തെ പൊതുപണിമുടക്ക് നടത്തിയത്.

മിനിമം വേതനം 18,000 രൂപയാക്കുക, മിനിമം പെൻഷൻ 3,000 രൂപയാക്കുക, പൊതുമേഖല സ്വകാര്യവൽക്കരിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.

വേതനം നഷ്ടപ്പെടുത്തി പണിമുടക്കിയ കോടിക്കണക്കിന് തൊഴിലാളികളുടെയും ജീവനക്കാരുടെയും ആവശ്യത്തോട് എന്ത് പ്രതികരണമാണ് പ്രധാനമന്ത്രിയിൽ നിന്നുണ്ടാകുന്നതെന്ന് അറിയാൻ രാജ്യത്തിന് താൽപ്പര്യമുണ്ട്.

ഇക്കാര്യത്തിൽ ഇതുവരെ തുടരുന്ന മൗനം ഭേദിക്കാൻ മോഡി തയ്യാറാകുമോ ? മോഡി അധികാരത്തിൽ വന്നശേഷം നടന്ന ദേശീയ പണിമുടക്കുകളിൽ ഓരോന്നിലും ക്രമാനുഗതമായി തൊഴിലാളിപങ്കാളിത്തം വർധിച്ചു. എന്നിട്ടും നയംമാറ്റാത്ത മോഡിസർക്കാരിനെത്തന്നെ മാറ്റാനാണ് ഇനി ജനങ്ങൾ തയ്യാറാകേണ്ടത്.

മുന്നോക്ക സമുദായത്തിലെ പാവപ്പെട്ടവർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തുന്നതിനോട് സിപിഐ എമ്മിന് എതിർപ്പില്ല.

അതുകൊണ്ടാണ് ബിജെപിയുടെ ബില്ലിന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്തുകൊണ്ടുതന്നെ ബില്ലിന് അനുകൂലമായി സിപിഐ എം വോട്ട് ചെയ്തത്.

വർഗീയ ധ്രുവീകരണം

പ്രധാനമന്ത്രിയുടെയും ബിജെപി ഭരണത്തിന്റെയും ജനപിന്തുണ വൻതോതിൽ ഇടിഞ്ഞിരിക്കുകയാണ്. നടക്കാൻ പോകുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമിഫൈനൽ എന്ന് വിശേഷിപ്പിച്ച അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ ബിജെപിക്കുണ്ടായ തോൽവി അത് വിളിച്ചറിയിക്കുന്നു.

ഇതിൽനിന്ന‌് കരകയറാനുള്ള ചെപ്പടി വിദ്യകളിലാണ് മോഡിയും കൂട്ടരും. അതിന്റെ ഭാഗമാണ് മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സംവരണം ഏർപ്പെടുത്താൻ കൊണ്ടുവന്ന ബിൽ. മുന്നോക്കക്കാരിലെ പാവപ്പെട്ടവരെ സഹായിക്കുകയെന്നതല്ല, അവരുടെ പേരിൽ വോട്ട് തട്ടുകയെന്ന ലക്ഷ്യംമാത്രമാണ് സംഘപരിവാറിനുള്ളത്.

അല്ലെങ്കിൽ ഭരണഘടനാ ഭേദഗതി വേണ്ടുന്ന ഈവിഷയം എത്രയോ മുമ്പേ പാർലമെന്റിൽ അവതരിപ്പിച്ചേനെ. വർഗീയ ധ്രുവീകരണത്തിനും ജാതിവികാരം കുത്തിയിളക്കാനുമുള്ള ലാക്കാണ് ബില്ലിന് പിന്നിലുള്ളത്.

മുന്നോക്ക സമുദായത്തിലെ പാവപ്പെട്ടവർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തുന്നതിനോട് സിപിഐ എമ്മിന് എതിർപ്പില്ല. അതുകൊണ്ടാണ് ബിജെപിയുടെ ബില്ലിന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്തുകൊണ്ടുതന്നെ ബില്ലിന് അനുകൂലമായി സിപിഐ എം വോട്ട് ചെയ്തത്.

സംവരണകാര്യത്തിൽ സിപിഐ എം മുറുകെപ്പിടിക്കുന്ന മൂന്ന് അടിസ്ഥാന നിലപാടുണ്ട്.

1. പട്ടികജാതി‐വർഗക്കാർക്ക് നിലവിലുള്ള സംവരണം അതുപോലെ തുടരണം,

2. പിന്നോക്ക വിഭാഗത്തിലെ പാവപ്പെട്ടവർക്ക് സംവരണത്തിന് പ്രഥമ പരിഗണന നൽകണം. അതിനായി അർഹരായ പാവപ്പെട്ടവരെ ലഭിച്ചില്ലെങ്കിൽ അതേ സമുദായത്തിലെ ക്രീമിലെയറിലുള്ളവരേയും പരിഗണിക്കാം. അതത് സമുദായത്തിൽ ലഭിച്ചുവരുന്ന സംവരണം നിലനിർത്തുന്നതിന് വേണ്ടിയാണിത്,

3.മുന്നോക്കക്കാരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനത്തിൽ കവിയാത്ത സംവരണം നൽകണം. അതിനായി ഭരണഘടന ഭേദഗതി ചെയ്യണം.

സംവരണത്തെ സംബന്ധിച്ച സിപിഐ എമ്മിന്റെ ഈ നിലപാട് ഒളിച്ചുകളിയില്ലാത്തതാണ്. എന്നാൽ, പിന്നോക്ക സമുദായ സംവരണം അട്ടിമറിക്കുന്ന സമീപനമാണ് സംഘപരിവാറിനുള്ളത്.

ബ്രാഹ്മണ മേധാവിത്വത്തിന് നിലകൊള്ളുന്ന സംഘപരിവാറിന് മുന്നോക്കക്കാരിലെ പാവപ്പെട്ടവരോട് കൂറൊന്നുമില്ല. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ സംവരണത്തിനെതിരെ ആർഎസ്എസ് മേധാവി പരസ്യമായി രംഗത്തുവന്നിരുന്നു.

ഇപ്പോൾ മുന്നോക്ക സമുദായങ്ങളിലെ പാവപ്പെട്ടവരുടെ പേരിൽ സംവരണ ബില്ലുമായി ബിജെപി മുന്നോട്ടുവന്നിരിക്കുന്നത് രാഷ്ട്രീയ തട്ടിപ്പാണ്.

നിർദിഷ്ട ബിൽ അപാകങ്ങൾ നിറഞ്ഞതാണ്. സംവരണത്തിലെ അർഹരെ കണ്ടെത്താൻ ഇത് പര്യാപ്തമല്ല. മുന്നോക്കക്കാരിലെ പാവപ്പെട്ടവർക്ക് അവസരം നിഷേധിക്കുന്ന ബില്ലാണിത്.

യുപിയിലും മറ്റും രൂപംകൊണ്ടിരിക്കുന്ന ബിജെപിവിരുദ്ധ വികാരത്തെ മറികടക്കാൻ ജാതിവികാരം ഇളക്കിവിടുന്നതിനാണ് ലോക്സഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന ഈ വേളയിൽ മുന്നോക്ക സംവരണ ബില്ലുമായി ബിജെപി രംഗത്തിറങ്ങിയിരിക്കുന്നത്.

മുന്നോക്കക്കാരിലെ പാവപ്പെട്ടവർക്ക് പത്ത് ശതമാനം സംവരണമെന്ന ആശയം കേരളത്തിലെ എൽഡിഎഫ് സർക്കാർ ദേവസ്വം ബോർഡുകളുടെ നിയമനങ്ങളിൽ ഇതിനകം കൊണ്ടുവന്നുകഴിഞ്ഞു.

ഒപ്പം പട്ടികജാതി‐വർഗക്കാർക്കും പിന്നോക്കക്കാർക്കും സംവരണം ഏർപ്പെടുത്തുകയും ചെയ്തു. ഈ നടപടിയേയും നയത്തേയും വിമർശിക്കുകയും പരിഹസിക്കുകയും ചെയ്തവരാണ് ബിജെപിക്കാർ.

അതിനാൽ ഇക്കൂട്ടരുടെ മുന്നോക്ക സമുദായക്കാർക്കുള്ള സംവരണ ബില്ലിനോടുള്ള ആത്മാർഥത എത്രത്തോളമെന്നത് ഊഹിക്കാവുന്നതേയുള്ളു.