ദില്ലി: സിബിഐയുടെ വിശ്വാസ്യത സംരക്ഷിക്കാനാണ് താന്‍ ശ്രമിച്ചെതെന്നും നിസാരമായ ആരോപണങ്ങളുടെ പേരില്‍ തന്നെ പുറത്താക്കുകയായിരുന്നുവെന്നും അലോക് വര്‍മ്മ.

അലോക് വര്‍മ്മയ്ക്കെതിരായ ആരോപണങ്ങളില്‍ മിക്കതിനും തെളിവില്ലെന്നും തുടരന്വേഷണം ആവശ്യമാണെന്നുമുള്ള സിവിസി റിപ്പോര്‍ട്ട് പരിഗണിച്ച് അദ്ദേഹത്തെ സിബിഐ തലപ്പത്ത് നിന്ന് മാറ്റിയത് അന്യായമാണെന്ന് കോണ്‍ഗ്രസ്.

മാംസ വ്യാപാരി മോയിന്‍ഖുറേഷിക്ക് എതിരായ അന്വേഷണത്തില്‍ അലോക് വര്‍മയുടെ ഇടപെടല്‍ സംശയാസ്പദം, ഐആര്‍സിടിസി കേസില്‍ മുഖ്യപ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചു, അഴിമതി ആരോപണമുള്ള ഉദ്യോഗസ്ഥരെ സിബിഐയില്‍ തിരുകിക്കയറ്റാന്‍ ശ്രമിച്ചു, സിബിഐ ജോയിന്റ് ഡയറക്ടര്‍ക്ക് എതിരായ കേസില്‍ നടപടികള്‍ വൈകിപ്പിച്ചു, തുടങ്ങിയ പത്തോളം ആരോപണങ്ങളാണ് ഉന്നതതല സമിതി പരിഗണിച്ചത്.

എന്നാല്‍ ഇതില്‍ മിക്കതിനും തെളിവില്ലെന്നും തുടരന്വേഷണം ആവശ്യമാണെന്നുമാണ് സിവിസി റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ റിപ്പോര്‍ട്ട് പരിഗണിച്ച് അലോക് വര്‍മ്മയെ മാറ്റിയത് റഫേല്‍ വിഷയത്തില്‍ സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോകുന്നു എന്ന ഭയം മോദിയ്ക്കുള്ളതു കൊണ്ടാണന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

നിസാരമായ ആരോപണങ്ങളുടെ പേരില്‍ തന്നെ പുറത്താക്കുകയായിരുന്നു. സിബിഐയുടെ വിശ്വാസ്യത തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും സ്വതന്ത്രമായി സിബിഐ പ്രവര്‍ത്തിക്കണമെന്നും അലോക് വര്‍മ്മ വ്യക്തമാക്കി.

സിബിഐയില്‍ പുറമേ നിന്നുള്ള സ്വാധീനമുണ്ടായി. തന്നോടു ശത്രുതയുള്ള ഒരു ഉദ്യോഗസ്ഥന്റെ പരാതിയിലാണ് തനിക്കെതിരെ നടപടിയെടുത്തത്.

തന്റെ നിലപാട് വിശദീകരിക്കാന്‍ അവസരം ലഭിച്ചില്ലെന്നും അലോക് വര്‍മ പറഞ്ഞു. പ്രശാന്ത് ഭൂഷണ്‍, അരുണ്‍ ഷൂരി, യശ്വന്ത് സിന്‍ഹ എന്നിവര്‍ റഫേല്‍ ഇടപാടിന്റെ വിശദമായ രേഖകള്‍ സഹിതം സിബിഐക്ക് പരാതി നല്‍കുകയും റഫേല്‍ ഇടപാടിനെക്കുറിച്ച് അലോക് വര്‍മ പ്രതിരോധമന്ത്രാലയത്തോട് വിശദീകരണവും തേടുകയും ചെയ്തിരുന്നു. വലിയ രീതിയില്‍ പ്രത്യാഘാതമുണ്ടാകുമെന്ന് മനസ്സിലാക്കിയാണ് മോദി അലോക് വര്‍മയെ പുറത്താക്കിയത്.

സംസ്ഥാനത്തിനുള്ളില്‍ സിബിഐ അന്വേഷണത്തിന് ആന്ധ്രാപ്രദേശിനും പശ്ചിമബംഗാളിനും പിന്നാലെ ഛത്തീസ്ഗഡും അനുമതി നിഷേധിച്ചു. ഈ തീരുമാനമറിയിച്ച് സംസ്ഥാന മുഖ്യമന്ത്രി ഭൂപേഷ് ബാഘേല്‍ കേന്ദ്രസര്‍ക്കാരിന് കത്തയച്ചു.

2001ലാണ് ഛത്തീസ്ഗഡ്സര്‍ക്കാര്‍ സിബിഐക്ക് അന്വേഷണാധികാരം നല്‍കി ഉത്തരവിറക്കിയത്. എന്നാല്‍ ഈ ഉത്തരവ് പ്രകാരം സംസ്ഥാനത്തിനകത്ത് അന്വേഷണത്തിനും റെയ്ഡിനും ഇനി മുതല്‍ പ്രത്യേക അനുമതി തേടേണ്ടിവരും.