മതസൗഹാര്‍ദ്ദത്തിന്റെ വിളംബരവുമായി ചരിത്രപ്രസിദ്ധമായ എരുമേലി പേട്ട തുള്ളല്‍ നടന്നു

മതസൗഹാര്‍ദ്ദത്തിന്റെ വിളംബരവുമായി ചരിത്രപ്രസിദ്ധമായ എരുമേലി പേട്ട തുള്ളല്‍ നടന്നു. അയ്യപ്പന്‍ മഹിഷിയെ കൊന്നതിലുള്ള സന്തോഷ പ്രകടനമാണ് പേട്ടതുള്ളല്‍ എന്നാണ് ഐതിഹ്യം.

ചെറിയ ധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ നിന്ന് വലിയ ധര്‍മ്മ ശാസ്താ ക്ഷേത്രത്തിലേക്ക് അമ്പലപ്പുഴ, ആലങ്ങാട്ട് സംഘങ്ങളാണ് പേട്ട തുള്ളിയത്. മാനത്ത് കൃഷ്ണപ്പരുന്ത് പ്രത്യക്ഷപ്പെട്ടപ്പോഴാണ് സമൂഹപ്പെരിയോന്‍ ചന്ദ്രശേഖരന്‍ നായരുടെ നേതൃത്വത്തിലുള്ള അമ്പലപ്പുഴ സംഘം ആദ്യം പേട്ട തുള്ളിയത്.

ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്ന് പേട്ട തുള്ളിയെത്തിയ അമ്പലപ്പുഴ സംഘത്തിന് എരുമേലി നൈനാര്‍ പള്ളിയില്‍ ജമാആത്ത് ഭാരവാഹികള്‍ സ്വീകരണം നല്‍കി. വാവരുടെ പ്രതിനിധിയായി ജമാഅത്ത് ഭാരവാഹി പേട്ടതുള്ളല്‍ സംഘത്തിനൊപ്പം വലിയ ധര്‍മ്മ ശാസ്താ ക്ഷേത്രം വരെ അനുഗമിച്ചു.

അയ്യപ്പന്റെ പിതൃസ്ഥാനീയരായ ആലങ്ങാട്ട് സംഘം പെരിയോന്‍ അമ്പാടത്ത് വിജയകുമാറിന്റെ നേതൃത്വത്തിലാണ് പേട്ട തുള്ളിയത്. വാവരുടെ പ്രതിനിധി അമ്പലപ്പുഴ സംഘത്തിനൊപ്പം ശബരിമലയ്ക്ക് പോയെന്ന വിശ്വാസമുള്ളതിനാല്‍ ആലങ്ങാട് സംഘം വാവരു പള്ളിയില്‍ കയറില്ല. പേട്ട തുള്ളലിന് ശേഷം വലിയ തോട്ടില്‍ കുളിച്ച് അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങള്‍ ശബരിമലയിലേക്ക് തിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here