ദില്ലി: സിബിഐ മുന്‍ ഡയറക്ടര്‍ അലോക് വര്‍മ്മ കേന്ദ്ര സര്‍വീസില്‍ നിന്ന് രാജിവച്ചു.

സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെയാണ് രാജി. പുതിയ പദവി ഏറ്റെടുക്കാതെയാണ് വര്‍മ്മയുടെ രാജി.

ഫയര്‍ സര്‍വീസ്, സിവില്‍ ഡിഫന്‍സ് ആന്‍ഡ് ഹോം ഗാര്‍ഡ്‌സിന്റെ ഡയറക്ടര്‍ ജനറല്‍ സ്ഥാനം ഏറ്റെടുക്കാന്‍ തയാറല്ലെന്ന് അറിയിച്ച അലോക് വര്‍മ്മ, തന്നെ രാജി വയ്ക്കാന്‍ അനുവദിക്കണമെന്ന് രാജിക്കത്തില്‍ ആവശ്യപ്പെടുകയായിരുന്നു.

ഇന്നലെയാണ് അലോക് വര്‍മ്മയെ സിബിഐയില്‍ നിന്നും മാറ്റാന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നത സെലക്ഷന്‍ സമിതി തീരുമാനിച്ചത്.

ആരോപണങ്ങളില്‍ തന്റെ വാദം കേള്‍ക്കാതെയാണ് തനിക്കെതിരെ നടപടിയെടുത്തതെന്നും ഉന്നതതല സെലക്ഷന്‍ സമിതി തനിക്ക് സ്വാഭാവിക നീതി നിഷേധിച്ചെന്നും അലോക് വര്‍മ്മ ഇന്നലെ പറഞ്ഞിരുന്നു.