സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്ഥാനയ്‌ക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കില്ലെന്ന് ദില്ലി ഹൈക്കോടതി. ഡെപ്യൂട്ടി സൂപ്രണ്ട് ദേവേന്ദ്ര കുമാര്‍ നല്‍കിയ ഹര്‍ജിയും കോടതി തള്ളി. അസ്ഥാനയ്ക്കും, ദേവേന്ദ്ര കുമാറിനും എതിരായ അന്വേഷണം പത്താഴ്ച്ചയ്ക്കകം പൂര്‍ത്തിയാക്കണമെന്നും ഇവരെ രണ്ടാഴച്ചത്തേക്ക് അറസ്റ്റ് ചെയ്യരുതെന്നും കോടതി ഉത്തരവിട്ടു. മോയിന്‍ ഖുറേഷി കേസിലെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കാനായി ഹൈദരബാദ് സ്വദേശിയില്‍ നിന്ന് കോഴ വാങ്ങിയെന്നാണ് ഇരുവര്‍ക്കുമെതിരെയുള്ള കേസ്

മാംസ കയറ്റുമതി വ്യവസായിയായ മോയിന്‍ ഖുറേഷിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പേര് പരാമര്‍ശിക്കാതിരിക്കാന്‍ ഹൈദരാബാദ് സ്വദേശിയായ സതീഷ് സനയില്‍ നിന്ന് രണ്ടുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. ഈ കേസിലെ എഫ്‌ഐആര്‍ റദ്ദുചെയ്യണമെന്നാവശ്യപ്പെട്ടാണ് അസ്തനായും കേസിലെ മറ്റൊരു പ്രതി ഡിസിപി ദേവേന്ദ്രകുമാറും ദില്ലി ഹൈക്കോടതിയെ സമീപിച്ചത്.

ഇവര്‍ നല്‍കിയ ഹര്‍ജികള്‍ തള്ളിയ കോടതി പത്താഴ്ച്ചക്കകം അന്വേഷണം പൂര്‍ത്തിയാക്കാന്‍ സിബിഐയോാട് ആവശ്യപ്പെട്ടു. സിബിഐ തലപ്പത്തു തര്‍ക്കങ്ങള്‍ മൂര്‍ച്ഛിക്കാന്‍ കാരണമായത് ഈ കേസാണ്. സതീഷ് സനയില്‍ നിന്നം 10 മാസ ഗഡുക്കളായാണ് അസ്താന പണം കൈപ്പറ്റിയതെന്നു എഫ്‌ഐആറില്‍ പറയുന്നുണ്ട്.

മുന്‍ സിബിഐ ഡയറക്ടര്‍ അലോക് വര്‍മ വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ കെട്ടിച്ചമച്ചതാണ് കേസെന്നു വാദത്തിനിടെ ഇരുവരും ആരോപിച്ചിരുന്നു. സിബിഐയിലെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലേയും ചില ഉന്നതര്‍ നടത്തിയ ഗൂഡാലോചനയാണ് സതീഷ് സനയുടെ പരാതിയുടെ പിന്നിലെന്നും അസ്താന വാദിച്ചിരുന്നു.

എന്നാല്‍ ഈ വാദം തള്ളിയ ജസ്റ്റിസ് വാസ്‌റി അഴിമതി നിരോധന നിയമത്തിലെ 17 എ വകുപ്പ് പ്രകാരം ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്താന്‍ മുന്‍കൂര്‍ അനുമതിയുടെ ആവശ്യമില്ലെന്നും നിരീക്ഷിച്ചു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ അസ്ഥാനയും ദേവേന്ദ്ര കുമാറും നിര്‍ബന്ധിത അവധിയിലാണ്. അന്വേഷണ ഉദ്യോഗസ്ഥനായ അഡീഷണല്‍ സൂപ്രണ്ട് ഗുരുമിന്റെയും കേസിലെ മറ്റൊരു പ്രതിയായ മനോജ് പ്രസാദിന്റെയും ഹര്‍ജികളിലാണ് ഇനി ഹൈക്കോടതി വിധിപറയാനുള്ളത്.