ബിജെപിയുടെ നിരാഹാര സമരത്തിന് അഭിവാദ്യം നേര്‍ന്ന് എഐസിസി അംഗവും മുന്‍ എംഎല്‍എയുമായ ഇ എം അഗസ്റ്റി .സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന മഹിളാ മോര്‍ച്ചാ നേതാവ് പ്രൊഫസര്‍ രമയെ ആണ് ഇ എം അഗസ്റ്റി കുടുംബസമേതം സന്ദര്‍ശിച്ചത്. ഇ എം അഗസ്റ്റി ബിജെപി സമരപന്തലിലെത്തിയതിന്റെ ചിത്രം പീപ്പിള്‍ ടിവിക്ക് ലഭിച്ചു

ഇടുക്കിയിലെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും എഐസിസി അംഗവും മുന്‍ എംഎല്‍എയുമായ ഇ എം അഗസ്റ്റിയാണ് സെക്രട്ടരിയേറ്റിന് മുന്നിലെ ബിജെപി സമരപന്തലിലെത്തി നിരാഹാരം അനുഷ്ഠിക്കുന്ന മഹിളാ മോര്‍ച്ച നേതാവ് പ്രൊഫസര്‍ രമയെ അഭിവാദ്യം അര്‍പ്പിച്ചത്. മക്കളോപ്പം എത്തിയായിരുന്നു ഇടുക്കി എഐസിസി അംഗം ഇ എം അഗസ്റ്റി പ്രൊഫസര്‍ രമയെ സന്ദര്‍ച്ചത്.

കെപിസിസി യോഗത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്ത് എത്തിയ ഇ എം അഗസ്റ്റി ആദ്യം ബിജെപിയുടെ സമര പന്തലിലാണ് എത്തിയത്. പത്ത് മിനിറ്റ് അവിടെ ചിലവഴിച്ച ശേഷം എകെ ആന്റണി ഉദ്ഘാടനം ചെയ്ത കെപിസിസി യോഗത്തില്‍ പങ്കെടുക്കാന്‍ ഇന്ദിര ഭവനിലെത്തി. ബിജെപിയെ താഴെയിറക്കണമെന്ന് പ്രവര്‍ത്തക സമിതി അംഗം എംകെ ആന്റണി ആഹ്വാനം ചെയ്തത് ഇതേ കെപിസിസി യോഗത്തിലാണെന്നത് വൈരുദ്ധ്യമായി മാറി.

ലോകസഭ തിരഞ്ഞെടുപ്പിന് താഴെ തട്ടില്‍ പാര്‍ട്ടിയെ തയ്യാറെടുപ്പിക്കുന്നതിനാണ് കെപിസിസി യോഗം ചേര്‍ന്നത്. എന്നാല്‍ തന്റെ മകള്‍ താമസക്കുന്ന ഫ്‌ലാറ്റിന് തൊട്ടടുത്ത് താമസിക്കുന്ന രമയെ സന്ദര്‍ശിച്ചത് സൗഹൃദത്തിന്റെ ഭാഗമായിട്ടാണെന്ന് ഇ എം അഗസ്റ്റി പീപ്പിളിനോട് പറഞ്ഞു.

ഇടുക്കിയില്‍ നടന്ന ഹര്‍ത്താലില്‍ വാഹനങ്ങള്‍ ആക്രമിച്ച കേസിലെ പ്രതികളായ ബിജെപി നേതാക്കള്‍ ജയിലില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ഇടുക്കി ഡിസിസി ജനറല്‍ സെക്രട്ടറി എം ഡി അര്‍ജുനന്‍ മാലയിട്ട് സ്വീകരിച്ചത് നേരത്തെ വിവാദമായിരുന്നു.

അതിന് പിന്നാലെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഇ എം അഗസ്റ്റി ബിജെപിയുടെ സമര പന്തലിലെത്തിയത്. നേരത്തെ കെപിസിസി എക്‌സിക്യൂട്ടീവ് അംഗം രാമന്‍നായര്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു.അതിന് പിന്നാലെ ഇ എം അഗസ്റ്റി കൂടി ബിജെപി പന്തലെത്തിയത് കോണ്‍ഗ്രസ് നേതൃത്വത്തെ സമ്മര്‍ദ്ദത്തിലാക്കും.