മലപ്പുറം: റെയില്‍വേ സ്റ്റേഷനിലെ പുസ്തക വില്‍പ്പന നടത്തുന്ന സ്റ്റാളുകള്‍ക്ക് ലൈസന്‍സ് ഫീസ് എട്ടിരട്ടിയിലധികം വര്‍ധിപ്പിച്ചതിനെതിരേ ഉടമകള്‍ ഹൈക്കോടതിയെ സമീപിക്കും. 34,320 രൂപയായിരുന്ന ഫീസ് 2,75,275 രൂപയായാണ് റെയില്‍വേ കൊമേഴ്സ്യല്‍ വിഭാഗം ഫീസ് കൂട്ടിയത്.

പാലക്കാട് റെയില്‍വേ ഡിവിഷനില്‍ പരിഷ്‌കാരം നടപ്പാക്കി. കുറ്റിപ്പുറം, വടകര, കാഞ്ഞങ്ങാട്, പാലക്കാട് സ്റ്റേഷനുകളിലെ പത്തോളം പുസ്തക ശാലകള്‍ നിശ്ചിത തീയതിക്കകം ഫീസ് നടപ്പാക്കാന്‍ കഴിയാത്തതിനാല്‍ പൂട്ടി. വ്യക്തികള്‍ നടത്തുന്നവയാണിതെല്ലാം.

പാലക്കാട് ഡിവിഷനുകീഴില്‍ മുപ്പതോളം പുസ്തകശാലകളുണ്ട്. ഇതില്‍ ഇരുപതെണ്ണം പ്രസാധക കമ്പനികളുടെയും പത്രസ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ളതാണ്.

ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിഗ്ഗിന്‍ ബോതംസ് എന്ന വന്‍കിട പ്രസിദ്ധീകരണ സ്ഥാപനത്തിനും ചില പത്രങ്ങള്‍ക്കും സ്റ്റാളുകളുണ്ട്. ഇവര്‍ അധികഫീസ് നല്‍കി സ്റ്റാളുകള്‍ തുടരാന്‍ തീരുമാനിച്ചതും ചെറുകിടക്കാരെയും വ്യക്തികളെയും പ്രതിസന്ധിയിലാക്കി.

നിയമപോരാട്ടത്തിലും ഇവര്‍ കക്ഷി ചേര്‍ന്നിട്ടില്ല. വ്യക്തികളെ പുസ്തക ശാലാനടത്തിപ്പില്‍നിന്ന് ഒഴിവാക്കാനാണ് റെയില്‍വേ ഫീസ് വര്‍ധന നടപ്പാക്കിയതെന്നാണ് ആക്ഷേപം. പ്രസാധക സ്ഥാപനങ്ങള്‍ക്ക് മാത്രമായി പുസ്തകശാല അനുവദിക്കുന്നതിനുള്ള നീക്കമാണ് ഇതിന് പിന്നില്‍.

ഒരുവര്‍ഷം മുമ്പ് പുസ്തകശാലകളെ വിവിധോദ്ദേശ്യ സ്റ്റാളുകളാക്കി ഉത്തരവിറക്കുകയും ചെയ്തിരുന്നു. ഡല്‍ഹി ആസ്ഥാനമായ വന്‍പ്രസാധക സ്ഥാപനത്തിന് വേണ്ടിയാണ് റെയില്‍ ഇത്തരം പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നതെന്നും ആരോപണമുണ്ട്