കനവുകരിയാതെ കതിരുകൊയ്തവര്‍; അതിജീവനത്തിന്‍റെ പൊന്‍കതിര്‍ ശോഭയുമായി പ്രളയ ശേഷം വിളവെടുപ്പിനൊരുങ്ങി ആലപ്പു‍ഴ

ആലപ്പുഴ: ആറുമാസംമുമ്പ് ആറടിയിലേറെ വെള്ളംകയറിയ കരുവാറ്റ ചാലുങ്കല്‍ പാടശേഖരത്തില്‍ ആശങ്കയുടെ ഇരുള്‍നീങ്ങി അതിജീവനത്തിന്റെ ജ്യോതി തെളിഞ്ഞു.

പ്രതിരോധക്കോട്ട കെട്ടി പ്രളയത്തെ അതിജീവിച്ചതിന്റെ ആത്മവിശ്വാസം ‘ജ്യോതി’ വിത്തിനൊപ്പം മണ്ണിലിറക്കിയ കര്‍ഷകര്‍ വിളയിച്ചത് അതിജീവനത്തിന്റെ പൊന്‍കതിരുകള്‍.

160 ഏക്കര്‍ പാടശേഖരത്തില്‍ പ്രളയശേഷമുള്ള ആലപ്പുഴ ജില്ലയിലെ ആദ്യ വിളവെടുപ്പ് അവര്‍ നാടിന്റെ ഉത്സവമാക്കി മാറ്റി.

15 ഏക്കര്‍ തരിശുനിലത്തുള്‍പ്പെടെയാണ് ഇവിടെ കൃഷിയിറക്കിയത്. സൗജന്യവിത്തും വളവും സബ്‌സിഡിയുമായി സര്‍ക്കാരും കൃഷിവകുപ്പും നല്‍കിയ പിന്തുണ കര്‍ഷകര്‍ക്ക് താങ്ങും തണലുമായി.

പ്രളയാനന്തരമുള്ള പുഞ്ചക്കൃഷിക്ക് ഏക്കറിന് 50 കിലോ നെല്‍വിത്ത് കൃഷിവകുപ്പ് സൗജന്യമായി നല്‍കി. 75 ശതമാനം സബ്‌സിഡി നിരക്കില്‍ കുമ്മായവും മണ്ണുപരിശോധനക്കുശേഷം സൂക്ഷ്മമൂലകങ്ങളടങ്ങിയ വളം സൗജന്യമായും ലഭ്യമാക്കി.

ആര്‍കെവിവൈ പദ്ധതി പ്രകാരം ഹെക്ടറിന് 4500 രൂപ വീതവും പ്രളയത്തില്‍ പാടത്ത് അടിഞ്ഞുകൂടിയ എക്കലും ചെളിയും നീക്കുന്നതിന് ഹെക്ടറിന് 12200 രൂപ വീതവും നല്‍കാനുള്ള നടപടി പുരോഗമിക്കുകയാണെന്ന് അമ്പലപ്പുഴ കൃഷി അസി. ഡയറക്ടര്‍ പി ആര്‍ രശ്‌മി പറഞ്ഞു.

തരിശുകൃഷിക്ക് ഹെക്ടറിന് 25,000 രൂപ വീതം കര്‍ഷകനും 5000 രൂപ വീതം കര്‍ഷകനും നല്‍കും. ജനകീയാസൂത്രണ പദ്ധതിപ്രകാരം കൂലിച്ചെലവ് സബ്‌സിഡി ഇനത്തില്‍ ഹെക്ടറിന് 4250 രൂപ വീതം നല്‍കും.

പുഞ്ചക്കൃഷിയില്‍ ഹെക്ടറിന് ആറുടണ്‍ വിളവാണ് പ്രതീക്ഷിക്കുന്നതെന്നും വിളവെടുപ്പിനൊപ്പം സംഭരണത്തിനും നടപടിയായതായും ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ബീന നടേശ് പറഞ്ഞു. 15 മുതല്‍ നെല്ലുസംഭരണം ആരംഭിക്കും.

ചാലുങ്കല്‍ പാടശേഖരത്തിലെ കൊയ്ത്തുത്സവത്തോടെ പ്രളയത്തിനുശേഷം ജില്ലയിലെ വിളവെടുപ്പിനും തുടക്കമായി. കരുവാറ്റ പഞ്ചായത്ത് പ്രസിഡന്റ് സി സുജാത കൊയ്ത്തുത്സവം ഉദ്ഘാടനംചെയ്‌തു.

വാര്‍ഡംഗം മോഹനകുമാര്‍ അധ്യക്ഷനായി. ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ബീന നടേശ്, ആത്മ പ്രൊജക്ട് ജില്ലാ ഡയറക്ടര്‍ ഫസീല ബീഗം, പുറക്കാട് കരിനില വികസന ഏജന്‍സി വൈസ് ചെയര്‍മാന്‍ പി സുരേന്ദ്രന്‍,

ജില്ലാ പഞ്ചായത്തംഗങ്ങളായ രമ്യ രമണന്‍, ജോണ്‍ തോമസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജ സന്തോഷ്, കരുവാറ്റ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് കളരിയ്ക്കല്‍, അമ്പലപ്പുഴ കൃഷി അസി. ഡയറക്ടര്‍ പി ആര്‍ രശ്മി, ചാലുങ്കല്‍ പാടശേഖരസമിതി സെക്രട്ടറി എസ് വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു.

കരുവാറ്റ കൃഷി ഓഫീസര്‍ ആര്‍ ഗംഗാദേവി സ്വാഗതവും അസി. കൃഷി ഓഫീസര്‍ മനോജ് മാത്യു നന്ദിയും പറഞ്ഞു. പടവല്യം ഗവ. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കൊയ്ത്തുപാട്ടുമായി കര്‍ഷകരുള്‍പ്പെടെയുള്ളവരെ പാടത്തേക്ക് സ്വീകരിച്ചു. മൂന്നു യന്ത്രങ്ങളാണ് ഇവിടെ കൊയ്ത്തിനായി എത്തിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News